മാര്‍ക്കോ പോളോ എന്ന നിഗൂഡ മനുഷ്യന്‍
എ .ഡി 1 6 3 2 -നോവല്‍
ഭാഗം 1
അദ്ധ്യായം 4 മാര്‍ക്കോ പോളോ എന്ന നിഗൂഡ മനുഷ്യന്‍
അലസതയും സുഖലോലുപതയും മത്സരിച്ച് ദാരിദ്രമാക്കിയ ഒരുവന്റെ അതിജീവന സാധ്യതകളായിരുന്നു ഗോണ്‍സാലസിന്റെ ജീവിതത്തിലെ പിന്നീടുള്ള ഒന്നര വര്‍ഷങ്ങള്‍.ഒട്ടും അതിഭാവുകത്വമില്ലാത്ത തികച്ചും സ്വാഭാവികമായ പരിണാമങ്ങൾ.പള്ളിയില്‍ നിന്നും അപഹരിച്ച വീഞ്ഞും അപ്പക്കഷണങ്ങളുമായി തുടങ്ങിയ പ്രയാണം ഗോണ്‍സാലസിനെ ഏതറ്റംവരെ കൊണ്ടുചെന്നെത്തിച്ചു എന്നത് മനസിലാക്കുമ്പോള്‍ വാര്‍ദ്ധക്യത്തില്‍ അയാള്‍ക്ക് സംഭവിച്ച മതിഭ്രമത്തിനുള്ള കാരണവും ഏറെക്കുറെ വ്യക്തമായേക്കും.അതിശയിപ്പിക്കുന്ന ബന്ധുത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്,മുന്‍കൂട്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഭാവിയിലേക്ക് മനുഷ്യനെ സാവധാനം കൊണ്ടുചെന്നെത്തിക്കുന്ന കൌശലക്കാരന്റെ ചില വികൃതികൾ..
തന്റെ അവശേഷിക്കുന്ന സമ്പാദ്യമായ വരണ്ടുണങ്ങിയ ഭൂമിയില്‍ പലകയും പുല്ലും കുഴച്ച മണ്ണും ചേർത്ത് ഗോണ്‍സാലസ് ഒരു വീട് തല്ലിക്കൂട്ടി.ആട്ടിൻ കൂടിനേക്കാൾ അല്പ്പം പോലും മേന്മ അവകാശപ്പെടുവാനില്ലാത്തതെങ്കിലും ആ കൂര വെയിലിൽ നിന്നും മഴയില്‍ നിന്നും ഭാഗികമായ സംരക്ഷണം നല്കി.ചാറ്റ മഴയിലും കോടമഞ്ഞിലും കുതിർന്നു വിറച്ചപ്പോൾ മേൽക്കൂരയിലെ വിടവുകൾ അടയ്ക്കുവാനും ജനാലയ്ക്ക് പാളികൾ പിടിപ്പിക്കുവാനും അയാൾ വൈദഗ്ദ്ധ്യം നേടി.വിരളമായി പുകയുന്ന അടുപ്പും വളഞ്ഞ വിറകുകമ്പുകൾക്ക് മുകളിൽ പലകയടിച്ച വിലക്ഷണം പിടിച്ച ഒരു മേശയും കൊണ്ട് അയാൾ തന്റെ ഭവനത്തെ സമ്പന്നമാക്കി.കെണി വെച്ചു പിടിച്ച മുയലിറച്ചി ഉപ്പുചേർത്ത് ചുട്ടു ഭക്ഷിച്ചു. അവറ്റകളുടെ തവിട്ടു കലർന്ന വെളുത്ത തോല് ഉണക്കിയെടുത്ത് കയ്യുറകളും തൊപ്പിയും കോളറുകളും ഉണ്ടാക്കി.ചന്തയിൽ ഒരു മൂല സ്വന്തമാക്കി തന്റെ അദ്ധ്വാനം വിൽപ്പനയ്ക്ക് നിരത്തി. തുടക്കത്തിൽ പരാജമായിരുന്നെങ്കിലും പിന്നീട് പുരോഗമിച്ചു.യഥാർത്ഥത്തിൽ അവ കാഴ്ചയിൽ മനോഹരമായിരുന്നെങ്കിലും തീർത്തും പരുക്കനും മാംസത്തിന്റെ അഴുകിയ ദുർഗന്ധം പരത്തുന്നതുമായിരുന്നു.എങ്കിലും സ്ത്രീകൾ അതിൽ ആകൃഷ്ടരായി...ഉടയാത്ത മാറും ഇടുങ്ങിയ അരക്കെട്ടും കൊതിപ്പിക്കുന്ന നിതംബവുമുള്ള ചെറുപ്പക്കാരികളായിരുന്നു ഭൂരിഭാഗവും.അവര്‍ ഗോണ്‍സാലസിനെ പ്രണയപൂര്‍വ്വം വീക്ഷിച്ചു.വിരിഞ്ഞ മാറും ഉയര്‍ന്ന ചുമലുകളും കറുത്ത് തിളങ്ങുന്ന കുറ്റിരോമങ്ങള്‍ നിറഞ്ഞ കീഴ്ത്താടിയും ഗോണ്‍സാലസിന് ഒരു യോദ്ധാവിന്റെ പരിവേഷം നല്‍കി.അയാള്‍ വില്‍പ്പനയ്ക്ക് നിരത്തുന്നതോ ...വേട്ടയാടിപ്പിടിച്ച മൃഗത്തോലുകളും.മിതഭാഷിയും ഗൌരവ പ്രകൃതക്കാരനുമായ ഗോണ്‍സാലസിൽ നിന്നും ഒരു പുഞ്ചിരി നേടുവാൻ ഗവർണ്ണറുടെ രണ്ടാം ഭാര്യ പറഞ്ഞ കാമാതുര ഫലിതങ്ങളും സര്‍ജ്ജന്റിന്റെ സഹോദരി തന്റെ വിലപിടിപ്പുള്ള കുപ്പായത്തിൽ മുയൽ രോമം കൊണ്ടുള്ള കോളർ പിടിപ്പിക്കുവാനെന്നവണ്ണം അയാൾക്ക് മുന്നില് കുടുക്കഴിച്ച് മുലവെട്ട് പ്രദർശിപ്പിച്ചതുമെല്ലാം ട്രുജിലോയിൽ ചര്‍ച്ചാവിഷയമായി.അങ്ങനെ കച്ചവടം ഏറെക്കുറെ പുരോഗമിക്കവേ ദൌര്‍ഭാഗ്യം കൌശലക്കാരനായ ബെർനാൽഡിനോയുടെ രൂപത്തില്‍ ഒരിക്കൽ കൂടി ഗോണ്‍സാലസിനെ തേടിയെത്തി. ഭൂമിയിടപാടിൽ കബളിക്കപ്പെട്ട വസ്തുത പാടേ മറന്ന് ട്രുജിലോയിലെ തന്റെ പ്രഥമ സുഹൃത്ത് എന്ന എല്ലാവിധ പരിഗണനയോടും കൂടി ഗോണ്‍സാലസ് അയാളെ സ്വീകരിച്ചു.ഒലീവ് എണ്ണയിൽ വറുത്ത പന്നിയിറച്ചിയും തരക്കേടില്ലാത്ത മദ്യവും വിളമ്പി അയാളെ സൽക്കരിച്ചു. സംസാരമധ്യേ താൻ ഗോണ്‍സാലസിനുവേണ്ടി ആവിഷ്കരിച്ച പുതിയ പദ്ധതിയെക്കുറിച്ച് അയാൾ വാചാലനായി.
"ഇതൊരു യാദിര്‍ശ്ചികമായ സൌഭാഗ്യമാണ് ചങ്ങാതീ ...താങ്കള്‍ മാര്‍ക്കോ പോളോയെ ക്കുറിച്ച് കേട്ടിട്ടുണ്ടോ ?"
അലക്ഷ്യമായി തോളുകള്‍ ചലിപ്പിച്ച് മറുപടിയെ നിരുല്‍സാഹപ്പെടുത്തിക്കൊണ്ട് ബെര്‍നാല്‍ഡിനോ തുടര്‍ന്നു..
"സാഹസിക യാത്രകളും സമുദ്ര പര്യവേക്ഷണങ്ങളും മാര്‍ക്കോ പോളോയ്ക്ക് സമ്മാനിച്ച പണവും പ്രശസ്തിയും സംബന്ധിച്ച് ഇനിയും താങ്കള്‍ക്ക് കേട്ടുകേള്‍വി പോലുമില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.സര്‍പ്പ സുന്ദരിമാരും മൂന്നു മുലകളുള്ള കാമിനിമാര്‍ക്കുമൊപ്പം അയാള്‍ നടത്തിയ രതിക്രീഡകളെക്കുറിച്ചും അയാളുടെ വാള്‍ത്തലപ്പിന്റെ മൂര്‍ച്ചയെക്കുറിച്ചും മാത്രമേ നിങ്ങള്‍ ചെറുപ്പക്കാര്‍ കേട്ടിരിക്കുവാനിടയുള്ളൂ ...അതൊക്കെ സത്യം തന്നെ .എങ്കിലും മാര്‍ക്കോ പോളോ കടലില്‍ മുക്കിയ നാല്‍പ്പത്തി നാല് കപ്പലുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?"
പൊരിച്ച പന്നിത്തുട ആര്‍ത്തിയോടെ കടിച്ചു വലിച്ച്,പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഗ്ലാസിലെ മദ്യം അയാള്‍ മൊത്തിക്കുടിച്ചു.മദ്യ ഘോഷയാത്രയില്‍ അയാളുടെ തൊണ്ടക്കുഴിയിലൂടെ പന്നിത്തുട കീഴ്പ്പോട്ടിറങ്ങുന്നത് ഗോണ്‍സാലസ് കൌതുകത്തോടെ വീക്ഷിച്ചു.ചത്തു ചീര്‍ത്ത കുറെ ആമകള്‍ വെള്ളച്ചാട്ടത്തില്‍ ഒന്നിന് പുറകെ ഒന്നായി താഴേക്ക് പതിക്കുന്നതുപോലെയായിരുന്നത്.ഒരു ചൊറിയന്‍ തവള പോലും തീന്മേശയില്‍ ഇത്ര അറപ്പുളവാക്കില്ലല്ലോ എന്ന് ഗോണ്‍സാലാസ് ചിന്തിച്ചു.എന്നാല്‍ തീന്മേശയിലെ നിരീക്ഷണ സ്വഭാവം മാന്യനായ ഒരു ആതിഥേയന് ഒട്ടും ചേര്‍ന്നതല്ല എന്ന തിരിച്ചറിവില്‍ തന്‍റെ മോശമായ പെരുമാറ്റത്തില്‍ ഗോണ്‍സാലസിന് ജാള്യത തോന്നികയും അത് മറച്ചു വെക്കുവാനെന്നവണ്ണം കൃത്രിമമായ ജിജ്ഞാസയോടെ ബെര്‍ നാല്‍ഡിനോയെ ഒന്ന് സന്തോഷിപ്പിക്കുവാന്‍ വേണ്ടി മാത്രം തനിക്ക് അറിവോ താല്‍പ്പര്യമോ ഇല്ലാത്ത വ്യക്തിയെക്കുറിച്ച് അയാള്‍ ഇങ്ങനെ ചോദിച്ചു ..
"ഓഹ്..മഹത്തരം തന്നെ...തീര്‍ച്ചയായും നിങ്ങളുടെ ആ ചങ്ങാതിയെ പരിചയപ്പെടുവാന്‍ എനിക്ക് ആഗ്രഹമുണ്ട് "
കുറച്ചു സമയത്തെ നിശബ്ദത ...പന്നിമാംസത്തെ വിട്ട് ബെര്‍നാല്‍ഡിനോയുടെ ചുണ്ടും കണ്ണുകളും വിടര്‍ന്നു വികസിച്ചു.വ്യക്തമായ അമ്പരപ്പ്..തൊട്ടടുത്ത അടുത്ത നിമിഷം ഉറക്കെ ഒരു പൊട്ടിച്ചിരി...ഉമ്മിനീരില്‍ കുതിര്‍ന്ന മാംസവും മദ്യവും മേശപ്പുറത്തും ഗോണ്‍ സാലസിന്റെ മുഖത്തും ചിതറി.ചിരിച്ചും ചുമച്ചും നെറുകയില്‍ കയറിയ എരിവ് ബെര്‍നാല്‍ഡിനോയെ വല്ലാതെ ബുദ്ധിമുട്ടിച്ചു.വയറു പൊട്ടും വിധം അയാള്‍ വെള്ളം കുടിച്ചു. ചിരിയടങ്ങിയപ്പോള്‍ അമ്പരന്നു കുപിതനായിരിക്കുന്ന ഗോണ്‍സാലസിന് അരുകിലെത്തി വൃത്തിയുള്ള മഞ്ഞ കൈലെസുകൊണ്ട് അയാളുടെ മുഖത്തു തെറിച്ച ഭക്ഷണ ശകലങ്ങള്‍ സാവധാനം തുടച്ചു മാറ്റി.ചിരിയടക്കി മേശ വൃത്തിയാക്കി.ഒരു ചുരുട്ട് കത്തിച്ച് രണ്ട് പുകയെടുത്തശേഷം അത് ഗോണ്‍സാലസിന് നല്‍കി.രംഗം ശാന്തമായപ്പോള്‍ ഒരു കസാല വലിച്ച് ഗോണ്‍സാലസിന് അഭിമുഖമായിട്ട് സംസാരിച്ചു തുടങ്ങി.
"ചങ്ങാതീ...ഒന്നുകില്‍ നിങ്ങള്‍ വിഡ്ഢികളുടെ രാജാവായിരിക്കുക അല്ലെങ്കില്‍ കോമാളികളുടെ ദാസനായിരിക്കുക...മാര്‍ക്കോ പോളോ മരിച്ചു മണ്ണായിട്ട് നൂറ്റാണ്ട് രണ്ട് കഴിഞ്ഞു.ഇനി നിങ്ങളെ പരിചയപ്പെടുത്തുവാന്‍ അയാളുടെ തുടയെല്ല് പോലും ബാക്കിയുണ്ടാവില്ല".
ഗോണ്‍സാലസിന്റെ ജാള്യത തെല്ലും വകവെയ്ക്കാതെ അയാള്‍ ഗൌരവത്തോടെ തുടര്‍ന്നു.
"സംഗതി അതൊന്നുമല്ല.മടക്ക യാത്രയില്‍ നാല്‍പ്പത്തി നാല് കപ്പലുകളില്‍ നിറച്ച അളവറ്റ സമ്പത്ത് അയാള്‍ കടലില്‍ മുക്കി.കാര്യങ്ങള്‍ അല്‍പ്പം വിശദമായി തന്നെ ഞാന്‍ പറയാം ..കേട്ടോളൂ ...സമുദ്ര പര്യവേക്ഷണ യാത്രകളില്‍ തല്‍പ്പരനായ മാര്‍ക്കോ പോളോ ചിറകുള്ള മനുഷരുടെ നാട്ടിലും സ്വര്‍ണ്ണപ്പൂക്കള്‍ ഇതളുകള്‍ നുള്ളി രസിക്കുന്ന കുരുടന്മാരുടെ രാജ്യവും കടന്ന്‍ പുരുഷന്മാരെ കണ്ടിട്ടില്ലാത്ത വജ്രമഴ പെയ്യുന്ന നഗ്ന സുന്ദരികളുടെ നാട്ടിലെത്തി.അതീവ സുന്ദരികളായ സ്ഥൂലനിതംബിനികളെ കണ്ട കാമാര്‍ത്തരായ അനുയായികള്‍ അവരെ ബലാല്‍ക്കാരമായി ഭോഗിച്ചു.എന്തായാലും ആ ഏര്‍പ്പാട് അവര്‍ക്ക് നന്നേ ബോധിച്ചു.അങ്ങനെ അവര്‍ മാര്‍ക്കോ പോളോയുമായി ഒരു വ്യാപാര ഉടമ്പടിയിലെത്തി...ഓരോ അനുയായിയും നടത്തുന്ന ഭോഗ ഇടപാടിന്റെ വിലയായി ഓരോ വജ്ര മഴയുടെ അവകാശം മാര്‍ക്കോ പോളോയ്ക്ക് നല്‍കപ്പെട്ടു.അങ്ങനെ മൂന്നു വര്‍ഷം കൊണ്ട് ആയിരത്തി അറുനൂറു മഴയുടെ അവകാശം പോളോയ്ക്ക് സിദ്ധിച്ചു.അതെലാം മുപ്പതു കപ്പലുകളിലായി നിറച്ചു.അവസാനം ആ നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ മൂന്നു ചെറുപ്പക്കാരെ അവര്‍ക്ക് സമ്മാനിച്ചത് വഴി പാരിതോഷികമായി പതിനാലു കപ്പലുകള്‍ നിറയെ സൂര്യനില്‍ നിന്നും അടര്‍ന്നു വീണ പ്രകാശക്കട്ടകളെ ഉരച്ചു മിനുക്കിയ വജ്രങ്ങള്‍ വേറെയും. അവിടെനിന്നും പോളോയും പരിവാരങ്ങളും പോയത് കുറുങ്കണ്ണന്‍മാരുടെ നാട്ടിലേക്കാണ്.കുറെ വര്‍ഷങ്ങള്‍ അവിടെ താമസിച്ച ശേഷം ഭാരിച്ച സ്വത്തുമായി കുടിച്ചും കൂത്താടിയും അയാള്‍ ജന്മ നാട്ടിലേക്ക് മടങ്ങി.വിവിധ രാജ്യങ്ങളില്‍ നിന്നുമായി ഇരുനൂറ്റി അറുപത്തിനാല് പെണ്‍കൊടികള്‍ മാര്‍ക്കോ പോളോയ്ക്ക് മാത്രമായിട്ടുണ്ടായിരുന്നു.അതില്‍ ചിറകുള്ള ഒന്‍പതു സുന്ദരികളും. നാട്ടില്‍ കാലുകുത്തിയ മാര്‍ക്കോ പോളോയെ എതിരേറ്റത് കലുഷിതമായ ആഭ്യന്തര കലാപമായിരുന്നു.ചുരുക്കത്തില്‍, വന്നിറങ്ങി രണ്ടാം നാള്‍ അയാള്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു.ഈ വിഷയം രഹസ്യ ദൂതന്‍ വഴി തന്‍റെ ആജീവനാന്ത സമ്പത്തുമായി പിന്നാലെ എത്തിക്കൊണ്ടിരിക്കുന്ന അനുയായികളെ അറിയിക്കുവാനുള്ള സാമാന്യ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു.അങ്ങനെ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ക്യാപ്റ്റന്‍ ആന്റോണിയോ പോളോ നാല്‍പ്പത്തി നാല് കപ്പലുകളെ പിന്നിലേക്ക് നീക്കി.ഇരുപത്തിരണ്ടു ദിവങ്ങളുടെ ഇടവേളകളിലായി കപ്പലുകള്‍ ഒന്നൊന്നായി കടലില്‍ മുക്കി. ചിറകുള്ള ഒന്‍പതു സുന്ദരിമാരും എങ്ങോട്ടോ പറന്നു പോയി.ബാക്കിയുള്ളവര്‍ മീനിനു തീറ്റയായി...മഴമുത്തുകള്‍ മാത്രം പേടകങ്ങളില്‍ കടലിന്റെ അടിത്തട്ടില്‍ വിശ്രമിച്ചു. അവസാന കപ്പലില്‍ കുത്തി നിറയ്ക്കാവുന്നത്ര സമ്പത്തുമായി ഒന്‍പതു മാസത്തിനു ശേഷം ക്യാപ്റ്റന്‍ ആന്റോണിയോ പോളോ തീരം അണഞ്ഞു. അപ്പോഴേക്കും ആഭ്യന്തരകലാപം കഴിഞ്ഞ് മാര്‍ക്കോ പോളോ സ്വതന്ത്രനാക്കപ്പെട്ടു കഴിഞ്ഞിരുന്നു.ശേഷിച്ച ഒരു കപ്പല്‍ സമ്പാദ്യം ആന്റോണിയോ തന്‍റെ യജമാനന് കൈമാറി .അങ്ങനെ മാര്‍ക്കോ പോളോ ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ച സമ്പന്നനായി മാറി "
ബെര്‍നാല്‍ഡിനോ തന്‍റെ ദീര്‍ഘമായ സംഭാഷണത്തിനു ഇടവേള നല്‍കിക്കൊണ്ട് മൊരിച്ച പന്നിയുടെ ഉദരത്തില്‍ നിന്നും മാംസളമായ ഭാഗം അടര്‍ത്തിയെടുത്ത് സാവധാനം ഭക്ഷിച്ചു തുടങ്ങി.ഗോണ്‍സാലസില്‍ നിന്നും സ്വാഭാവികമായ ഒരു സംശയം പ്രതീക്ഷിച്ചു കൊണ്ട് തന്നെ ....
"അപ്പോള്‍ ആ നാല്പ്പത്തിനാല് കപ്പലുകള്‍ ?"
"അതെ ...ആ നാല്‍പ്പത്തി നാല് കപ്പലുകള്‍ ....ഇനി അതെക്കുറിച്ച് സംസാരിക്കാം"
ക്യാപ്റ്റന്‍ ആന്റോണിയോ പോളോയെ മാര്‍ക്കോ പോളോ പാടെ വിസ്മരിച്ചു. എഴുപതാമാത്തെ വയസ്സില്‍ മരണമടയും വരെ തന്‍റെ നഷ്ടപ്പെട്ട നാല്‍പ്പത്തി നാല് കപ്പലുകളെ പ്രതി മാര്‍ക്കോ പോളോ ദുഖിച്ചില്ല.കാരണം ഒരൊറ്റ കൊച്ചുകപ്പല്‍ സമ്മാനിച്ച സുഖലോലുപതയില്‍ തന്നെ അയാള്‍ എല്ലാം വിസ്മരിച്ചു പോയിരുന്നു.ആന്റോണിയോ പോളോയാകട്ടെ പട്ടിണി ദ്വീപില്‍ വെച്ച് വസൂരി പിടിപെട്ട് മരണപ്പെടുകയും ചെയ്തു.പിന്നീട് തീരം അണഞ്ഞവര്‍ക്ക് കപ്പലുകള്‍ മുക്കിയ സ്ഥാനം സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു.അവരില്‍ ഏറിയപങ്കും തുഴച്ചില്‍ക്കാരും കുടിയന്മാരായ നാവികരും ആയിരുന്നു.അങ്ങനെ ആ നാല്പ്പത്തിനാല് കപ്പലുകള്‍ അളവറ്റ സമ്പത്തിന്റെ ഭാരവും ചുമന്ന് ഇന്നും കടല്‍ത്തട്ടില്‍ വിശ്രമിക്കുന്നു.
ഗോണ്‍സാലസിന്റെ വിരലുകള്‍ക്കിടയില്‍ എരിഞ്ഞു തീരാറായ ചുരുട്ടിനെ ബെര്‍നാല്‍ഡിനോ തട്ടി താഴെയിട്ടു.ഒരു കൊച്ചു കുട്ടിയെപ്പോലെ വിസ്മയിച്ചു നിന്ന ഗോണ്‍സാലസിനെ നോക്കി അയാള്‍ തുടര്‍ന്നു.
"ഇതെല്ലാം പഴങ്കഥ.ഇനി നമുക്ക് നമ്മുടെ ഇടപാടിലേക്ക് വരാം.ഞാന്‍ നിന്നെ ക്യാപ്റ്റന്‍ വെനേറിയോ പോളോയ്ക്ക് പരിചയപ്പെടുത്തും.പ്രതിമാസം നിനക്ക് ഇരുപതിനായിരം പെസോ പ്രതിഫലം...എന്താ തയ്യാറാണോ?"
ഗോണ്‍സാലസിന് ശബ്ദം പുറത്തേക്ക് വന്നില്ല ...അയാള്‍ തുറിച്ച കണ്ണുകളോടെ തല കുലുക്കി സമ്മതം അറിയിച്ചു.
"എങ്കില്‍ അതേ മാര്‍ക്കോ പോളോയുടെ വിശ്വസ്തനായിരുന്ന അന്റോണിയോ പോളോ യുടെ നാലാം തലമുറക്കാരന്‍ ക്യാപ്റ്റന്‍ വെനേറിയോ പോളോ താങ്കളെ ഒപ്പംകൂട്ടുവാന്‍ ഇഷ്ടപ്പെടുന്നു.ഒന്നരമാസത്തിനുളില്‍ ഒരു സമുദ്രയാത്രയ്ക്ക് തയ്യാറെടുത്തുകൊള്ളൂ...മാര്‍ക്കോ പോളോയുടെ നാല്‍പ്പത്തിനാല് കപ്പലുകള്‍ മുങ്ങിയ അതേ കപ്പല്‍ച്ചാലിലൂടെ ആഴക്കടലില്‍ വിശ്രമിക്കുന്ന മുത്തുപേടകങ്ങളെ തേടിയുള്ള ഒരു യാത്ര....പ്രതിമാസം ഇരുപതിനായിരം പെസോ പ്രതിഫലം"
പദ്ധതികള്‍ വ്യക്തമാണ്..നിഗൂഡവുമാണ്
എ .ഡി -1 6 3 2 (നോവല്‍ )
ഭാഗം 1
അദ്ധ്യായം 3പദ്ധതികള്‍ വ്യക്തമാണ് ...നിഗൂഡവുമാണ്
മേല്‍ക്കൂരയില്‍ മഴത്തുള്ളികള്‍ ചാടിത്തിമിര്‍ക്കുന്ന ശബ്ദ കോലാഹലങ്ങളും ചുവരുകള്‍ക്ക് താഴെ ഉടഞ്ഞു ചിതറിയ മുട്ടകളെ നോക്കി വിലപിക്കുന്ന നനഞ്ഞു കുതിര്‍ന്ന ഏതോ ഒരു പെണ്പ്രാവിന്റെ കുറുകലും കേട്ടാണ് നാലാം ദിവസം പുലര്‍ച്ചെ ഫാദര്‍ വെസാല്‍കോ ഉണര്‍ന്നത്.പാതിയൊടുങ്ങിയ മെഴുകുതിരിയുടെ മഞ്ഞ ശോഭയില്‍ തെളിഞ്ഞു നിന്ന തന്‍റെ വിശാലമായ കിടപ്പുമുറി,ഒരു നവജാത ശിശുവിന്റെ ജിജ്ഞാസയോടെ കിടന്ന കിടപ്പില്‍ത്തന്നെ അദ്ദേഹം പലവട്ടം നിരീക്ഷിച്ചു.ആദ്യം നിഴലുകള്‍..പിന്നെ നിറങ്ങള്‍....അങ്ങനെ ഒന്നൊന്നായി ഗ്രഹിച്ചെടുക്കുവാന്‍ ശ്രമിച്ചു.ചിരപരിചിതമായ എഴുത്തുമേശയും അടുക്കിവെച്ച കടലാസുകളും പഠന ഗ്രന്ഥങ്ങളും മഷിക്കുപ്പിയില്‍ നാവ് നനച്ചുറങ്ങിപ്പോയ ആമത്തോട് കൊണ്ടുണ്ടാക്കിയ തൂലികയുമെല്ലാം തീര്‍ത്തും അപരിചിതമായ പുരാവസ്തുക്കളെപ്പോലെ അദ്ദേഹത്തിന്റെ പ്രജ്ഞയോട് കലഹിച്ച് അകന്നുമാറിനിന്നു.
വെസാല്‍കോ കിടക്കയില്‍ എഴുന്നേറ്റിരുന്നു.കനംതൂങ്ങിയ കണ്പോളകള്‍ തിരുമ്മിയുടച്ച് കാഴ്ച്ചയെ ഒന്നുകൂടി വ്യക്തമാക്കി.നെറ്റിയിലെ ഈര്‍പ്പം ഉണങ്ങിയ പരുക്കന്‍ തുണിക്കഷണം,അദ്ദേഹത്തിന്‍റെ മടിയിലേക്ക് അടര്‍ന്നുവീണു. മുറിയാകെ കുത്തിനിറഞ്ഞു നിന്ന പനിമണം അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തി.പുതപ്പ് ചുരുട്ടി മൂലയിലേക്കെറിഞ്ഞ്,നിദ്രാടകനെപ്പോലെ തോളില്‍ കുരുങ്ങിക്കിടന്ന പുതപ്പിന്റെ ഒരഗ്രവും വലിച്ചുകൊണ്ട് മുറിക്കുള്ളില്‍ അലക്ഷ്യമായി വേച്ചുവേച്ചു നടന്നു. എന്തിനേറെപ്പറയുന്നു...ജനാലയ്ക്കരുകില്‍ മഴ കണ്ടു നില്‍ക്കുമ്പോള്‍ സത്യമായും അദ്ദേഹത്തിന് തന്‍റെ പേരു പോലും ഓര്‍മ്മയുണ്ടായിരുന്നില്ല.
ഫാദര്‍ വെസാല്‍കോയ്ക്ക് അന്ത്യകൂദാശ നല്‍കുവാന്‍ ഇടവകക്കാര്‍ ഏര്‍പ്പാടാക്കിയ "വിലപിടിപ്പുള്ള"മെത്രാന്‍ ആ മുറിയില്‍ പ്രവേശിച്ചതോ വെസാല്‍കോയുടെ പ്രേതം ജനാലയില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നുവെന്ന് അലറിക്കൂവി ഓടിപ്പോയതോ അദ്ദേഹം അറിഞ്ഞില്ല.ഉച്ചകഴിഞ്ഞ് കര്‍ദ്ദിനാള്‍ എത്തി മൂന്നു പ്രാവശ്യം "വെസാല്‍കോ,വെസാല്‍കോ, വെസാല്‍കോ" എന്ന് വിളിച്ചപ്പോഴാണ് അദ്ദേഹം തിരിഞ്ഞു നോക്കിയതും സ്വബോധത്തിലേക്ക് മടങ്ങി വന്നതും.
അള്‍ത്താരയില്‍ മോഹാലസ്യപ്പെട്ടുവീണ ഫാദര്‍ വെസാല്‍കോ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ കടുത്ത ജ്വരം പിടിപെട്ട് ബോധരഹിതനായി കിടക്കയില്‍ത്തന്നെയായിരുന്നു.ഈ ദിവസങ്ങളത്രയും എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ് അദ്ദേഹം ഉറക്കെയുറക്കെ നിലവിളിച്ചിരുന്നു.മൂന്നാം ദിവസം രാത്രി അദ്ദേഹത്തിന്‍റെ നില തീര്‍ത്തും വഷളാകുകയും ഇടവകയിലെ ഏറ്റവും വിദഗ്ധനായ ഭിഷഗ്വരന്‍-ഡോ:അഗോസ്റ്റിന്‍ -"ഇനി മൂന്നു മണിക്കൂറുകള്‍ കൂടി" എന്ന്‍ പ്രഖ്യാപിക്കുകയും ചെയ്തു.രോഗ നിര്‍ണ്ണയത്തില്‍ ഡോ:അഗോസ്റ്റിനുള്ള അസാമാന്യ പാടവത്തില്‍ ഇടവകക്കാര്‍ക്ക് നൂലിട സംശയമില്ലായിരുന്നു.(അദ്ദേഹത്തെ അവര്‍ വിശേഷിപ്പിച്ചിരുന്നത് പോലും "കരിങ്കണ്ണന്‍" എന്നായിരുന്നു).അങ്ങനെയാണ് ഇടവകക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട വികാരിക്ക് അന്ത്യകൂദാശനല്‍കുവാന്‍ മെത്രാനെ ഏർപ്പാടാക്കിയത്. വര്‍ഷങ്ങളായി ഫാദറിനെ സേവിച്ചുപോന്നിരുന്ന അദ്ദേഹത്തിന്‍റെ വിശ്വസ്ത പരിചാരകന്‍ "ബെനിറ്റോ" ജലപാനം പോലും വെടിഞ്ഞ് വെസാല്‍കോയ്ക്ക് അരുകില്‍ത്തന്നെയുണ്ടായിരുന്നു.ഇളം ചൂട് വെള്ളത്തില്‍ ശരീരം തുടച്ചും നെറ്റിയില്‍ ടവ്വല്‍ നനച്ചിട്ടും വരണ്ടു വിറയ്ക്കുന്ന ചുണ്ടുകളില്‍ വെള്ളം ഒപ്പിക്കൊടുത്തുമെല്ലാം തന്നെക്കൊണ്ടാവും വിധം അയാള്‍ അദ്ദേഹത്തെ പരിപാലിച്ചു.എന്നാല്‍ മൂന്നാം ദിവസം രാത്രിയിലെ "ഇനി മൂന്നു മണിക്കൂറുകള്‍ കൂടി" എന്ന അന്ത്യപ്രഖ്യാപനത്തോടെ ബെനിറ്റോ മുറിവിട്ടു പോയി. തന്‍റെ യജമാനന്റെ മരണത്തിനു സാക്ഷ്യം വഹിക്കുവാനുള്ള കരുത്ത് ആ പാവത്തിനില്ലായിരുന്നു.
ഫാദര്‍ വെസാല്‍കോയുടെ മരണാനന്തര ശുശ്രൂഷ അടുത്ത ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കുമെന്നും അതുകൊണ്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കേണ്ട താന്‍ ഒരല്‍പ്പ സമയം ഉറങ്ങിയ ശേഷം പുലര്‍ച്ചയോടെ വെസാല്‍കോയ്ക്ക് അന്ത്യകൂദാശ നല്‍കുന്നതായിരിക്കും ഉചിതമെന്നും തുടര്‍ന്ന്‍ പിറ്റേന്നുള്ള അദ്ദേഹത്തിന്‍റെ മരണാനന്തര ശുശ്രൂഷകള്‍ ഊര്‍ജ്ജസ്വലതയോടെ കൈകാര്യം ചെയ്യാമെന്നും മെത്രാന്‍ കണക്കാക്കി.അപ്രകാരം ഒരു കൊച്ചുറക്കവും കഴിഞ്ഞ് അതിന്റെ ആലസ്യത്തില്‍ അന്ത്യകൂദാശ നല്‍കുവാന്‍ എത്തിയ അദ്ദേഹം "ജനാലയില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഫാദര്‍ വെസാല്‍കോയുടെ പ്രേതത്തെക്കണ്ട് " ഭയന്നോടി.പിന്നീട് കര്‍ദ്ദിനാള്‍ എത്തി മൂന്നു പ്രാവശ്യം പേര് വിളിച്ചു.ഫാദര്‍ വെസാല്‍കോ തികച്ചും യാദിര്‍ശ്ചികമായി ആ സമയത്തുതന്നെ മോഹാലസ്യത്തില്‍ നിന്നും ഉണര്‍ന്നു.ഇവ തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു ബന്ധവും ഇല്ലായിരുന്നുവെങ്കിലും കര്‍ദ്ദിനാളിന്റെ "അത്ഭുത പ്രവൃത്തിയായി" ഈ സംഭവം പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു.
ഫാദര്‍ വെസാല്‍കോയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് വിശ്വാസികള്‍ക്ക് അനിര്‍വ്വചനീയമായ സന്തോഷവും ആശ്വാസവും പകര്‍ന്നു. ഇത് ദൈവത്തിന്റെ ദൃഷ്ടാന്തമാണെന്ന്‍ കന്യാസ്ത്രീകള്‍ പ്രചരിപ്പിച്ചു. തന്‍റെ പ്രവചനം തെറ്റിപ്പോയെങ്കിലും ഡോ:അഗോസ്റ്റിനും സന്തോഷിക്കുവാനുള്ള വകയുണ്ടായിരുന്നു.വെസാല്‍കോയുടെ അതിജീവനത്തിലൂടെ ഡോക്ടറുടെ "കരിക്കണ്ണന്‍" എന്ന അപരനാമാധേയം ഒരു പരിധിവരെ മാറിക്കിട്ടി.
"ലാസറസിനെ മൂന്നു പ്രാവശ്യം പേരുവിളിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ജീസ്സസ്-മൂന്നാം വിളിയില്‍ ഫാദര്‍ വെസാല്‍കോയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കര്‍ദ്ദിനാള്‍".ദൈവിക ദൃഷ്ടാന്തം സാക്ഷ്യപ്പെടുത്തിയ വിശുദ്ധനായ കര്‍ദ്ദിനാള്‍...അതെ...."വിശുദ്ധനായ കര്‍ദ്ദിനാള്‍".കര്‍ദ്ദിനാളിന്റെ പേരും അത്ഭുത പ്രവൃത്തിയും ഇടവകക്കാരുടെ മുഴുവന്‍ കയ്യൊപ്പോടെ എണ്ണൂറ്റി ഇരുപത്തി മൂന്ന് കടലാസുകളിലായി റോമിലേക്ക് പോയ.അതോടെ സന്തോഷാശ്രുക്കള്‍ കൊണ്ട് സ്വന്തം പാദം കഴുകിവെളുപ്പിച്ച് കര്‍ദ്ദിനാള്‍ കാത്തിരിപ്പ് തുടങ്ങി-മാര്‍പ്പാപ്പയുടെ ചുണ്ടുകള്‍ തന്‍റെ പേര് ഉച്ചരിക്കുന്നതും അങ്ങനെ അനതിവിദൂര ഭാവിയില്‍ തനിക്കു ചുറ്റും വിശ്വാസികളും മെഴുകുതിരികളും നിറയുന്ന "ആ" നാളെക്കായി.
ഇപ്രകാരം കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിച്ചതായി ഏവരും ആശ്വസിച്ചു.എല്ലാവരും സന്തോഷിച്ചു..കര്‍ദ്ദിനാളും കന്യാസ്ത്രീകളും ബെനിറ്റോയും ഇടവകക്കാരും...ഒരു പരിധിവരെ വെസാല്‍കോയും.വ്യക്തിക്കോ സമൂഹത്തിനോ സമ്മാനിക്കപ്പെടുന്ന അസ്വാഭാവികമായ ആഹ്ലാദം ഒരു ഗൂഡാലോചനയുടെ തുടക്കമാണ്...പ്രകൃതിയോ കാലമോ അവര്‍ക്കുമേല്‍ നടത്തുന്ന നിഗൂഡമായ ഒരു നീക്കത്തിന്റെ തുടക്കം.ആഹ്ലാദം ചിന്തയെ തടയും...ബുദ്ധിയെ മരവിപ്പിക്കും. ഇവിടെ സംഭവിച്ചതും മറ്റൊന്നുമല്ല.
"വെസാല്‍കോയുടെ പ്രേതം ജനാലയ്ക്കരുകില്‍" എന്ന്‍ അലറി വിളിച്ച് ഓടിപ്പോയ സുഖിമാനായ മെത്രാനെക്കുറിച്ച് മാത്രം ആരും പിന്നീട് അന്വേഷിച്ചില്ല.ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഫാദര്‍ വെസാല്‍കോയ്ക്ക് സഭയുടെ ഒരു ഔദ്യോഗിക കത്തുകിട്ടി-സഭയേയും വിശ്വാസങ്ങളേയും ഉപേക്ഷിച്ച് കറുത്ത പുരോഹിത വേഷം ധരിച്ച് തെരുവില്‍ അലയുന്ന ഒരു ഭ്രാന്തന്‍ മെത്രാനെ സഭയില്‍ നിന്നും പുറത്താക്കിയതിന്റെ ഔദ്യോഗിക അറിയിപ്പ്.
അടുത്ത ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സഭയുടെ കത്ത് വെസാല്‍കോ പള്ളിയില്‍ വായിച്ചു-തികച്ചും സ്വാഭാവികമായി.
എത്ര അലക്ഷ്യമായാണ് വെസാല്‍കോ ആ കത്ത് വായിച്ചത്..കേവലമായ ഒരു പുനര്‍വായന നടത്തിയിരുന്നെങ്കില്‍ കൂടിയും അയാള്‍ക്ക് ചിലതൊക്കെ വ്യാഖ്യാനിച്ചെടുക്കുവാന്‍ കഴിയുമായിരുന്നു.തന്നെ നിരന്തരം പീഡിപ്പിച്ച സ്വപ്ന വേട്ടകളിലെ കറുത്ത വസ്ത്രം ധരിച്ച പുരോഹിത സാന്നിദ്ധ്യം ഒരു യാദിര്‍ശ്ചികതയായിപ്പോലും അദ്ദേഹത്തിനപ്പോള്‍ തോന്നിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
NEXT CHAPTER
സ്വര്‍ഗ്ഗീയ ശാപങ്ങള്‍ (എ.ഡി-1632 )
എ.ഡി-1632 (നോവല്‍)
ഭാഗം 1
അദ്ധ്യായം -2
സ്വര്‍ഗ്ഗീയ ശാപങ്ങള്‍
മെസ്ബോണിൽ എത്തിച്ചേര്‍ന്നതിന്റെ രണ്ടാം ആഴ്ചയിലാണ് "സാന്റോ ഡോമിനോ" പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയില്‍ ആദ്യമായി ഗോണ്‍സാലസ് പങ്കുകൊണ്ടത്.പട്ടിണിയും...ഭൂമി ഇടപാടില്‍ കബളിക്കപ്പെട്ടതിന്റെ കൊടുംനിരാശയും...സ്വയം ശപിച്ചുകൊണ്ടാണ് പള്ളിയില്‍ പ്രവേശിച്ചത്.എന്നാല്‍ ആ വരവ് ഒരു ആത്മീയ സ്വാന്ത്വനം തേടിയുമായിരുന്നില്ല.ഒരല്‍പ്പം വീഞ്ഞിലും ഒരു തുണ്ട് അപ്പക്കഷണത്തിലും കൊതിപൂണ്ട് അക്ഷമനായി കാത്തിരിക്കവേ പുരോഹിതന്റെ വചനങ്ങളോരോന്നും പരിഹാസ ശരങ്ങളായി ആയാള്‍ക്ക് തോന്നി.
ചെറുപ്പക്കാരനായ പുതിയ വികാരി-വെസാൽകോ-ഹൃദ്യമായ ശൈലിയിൽ ദൈവമഹനീയതയെക്കുറിച്ച് ആവേശപൂർവ്വം പ്രസംഗിക്കുകയായിരുന്നു. പരിത്യജിക്കലിനെക്കുറിച്ചും അതുവഴി പ്രാപ്തമാകുവാനിടയുള്ള പരലോക സുഖങ്ങളെക്കുറിച്ചും ഫാദർ വെസാൽകോ വാചാലനായപ്പോള്‍ ഗോണ്‍സാലസ് പല്ലുഞ്ഞെരിച്ചു.പ്രതിധ്വനി സൃഷ്ടിക്കുന്ന ഉയര്‍ന്ന മേല്‍ക്കൂരയും കടും നിറങ്ങളില്‍ ചാലിച്ച ചുവര്‍ചിത്രങ്ങളും തന്നെ കൊത്തിവലിക്കുന്നതായി അയാള്‍ക്ക് തോന്നി. കമാന ആകൃതിയിലുള്ള വലീയ ജനാലകള്‍...അതില്‍ ചതുരാകൃതിയില്‍ കളങ്ങളായി തിരിച്ച മങ്ങിയ ചില്ലുകള്‍...ശ്മശാനത്തില്‍ നിന്നും എത്തിനോക്കുന്ന കുരിശിന്‍ തലപ്പുകള്‍.അലങ്കരിച്ച അള്‍ത്താരയിലെ ചേതനയറ്റ ശരീരത്തെ ഗോണ്‍സാലസ് വിശപ്പോടെ നോക്കി.കാല്‍ച്ചുവട്ടിലെ രക്തത്തുള്ളികളില്‍ അയാള്‍ക്ക് ദാഹം തോന്നി.
വിശ്വാസികള്‍ പുരോഹിതനില്‍ നിന്നും ഭക്തിപുരസരം വീഞ്ഞും അപ്പവും സ്വീകരിക്കവേ ഗോണ്‍സാലസ് പാപചിന്തകളില്‍ നിന്നും മോചിതനായി തിടുക്കത്തോടെ മുന്നോട്ട് നീങ്ങി.ആളുകളെ വകഞ്ഞുമാറ്റി ഒട്ടും മാന്യതയില്ലാതെ തന്നെ സമീപിക്കുന്ന പ്രാകൃത രൂപം ഫാദര്‍ വെസാല്‍കോയുടെ കണ്ണിലുടക്കി. ആ അപരിചിത സത്വത്തെ കൌതുകത്തോടെയാണ് അദ്ദേഹം വീക്ഷിച്ചത്. വൃത്തിഹീനമായ വേഷം,തോളറ്റം വളര്‍ന്ന ഇടതൂര്‍ന്ന കറുത്ത മുടി.അതില്‍ ചിലത് താടിയിലെ കുറ്റിരോമങ്ങളില്‍ ഉടക്കിക്കിടക്കുന്നു.അലസമായ ചേഷ്ടകളും ചുവടുകളും.മാനസാന്തരം പ്രാപിച്ച ഒരു പുരോഗമന വാദിയുടെയും ദൈവനിഷേധിയായ ക്ഷുഭിത യൌവ്വനത്തിന്റെയും ലക്ഷണങ്ങള്‍ ഒരേസമയം പ്രകടമായ ഒരു അപൂര്‍വ്വ വ്യക്തിത്വം.അനുകമ്പയോടെ ആ ചെറുപ്പക്കാരന് വീഞ്ഞുപകരുവാന്‍ തുനിയവേ ഫാദര്‍ വെസാല്‍ക്കോയ്ക്ക് ശക്തമായ ഒരു ആത്മീയ വിലക്ക് അനുഭവപ്പെട്ടു.ഗോണ്‍സാലസിന്റെ ചുണ്ടിലേക്ക് വീഞ്ഞ് ചഷകം ചേര്‍ക്കവേ പിന്നില്‍ കടന്നല്‍ കൂട്ടത്തിന്റെ ഇരമ്പല്‍ പോലെ ആരുടെയൊക്കെയോ ശാപവചനങ്ങള്‍.പ്രാണന്‍ വെടിയുന്ന ഒരുവന്റെ ദീന രോദനത്തില്‍ വീഞ്ഞുപാത്രം ആയിരം കഷണങ്ങളായി ചിതറി.അതില്‍ ദേവാലയവും ആള്‍ക്കൂട്ടവും അള്‍ത്താരയുമെല്ലാം അപ്രത്യക്ഷമായി.മുന്നിലും പിന്നിലും തെളിഞ്ഞ ഭീതിജനകമായ കാഴ്ചകളില്‍ അദ്ദേഹത്തിന് പ്രജ്ഞ നഷ്ടപ്പെട്ടു.
അപരിചിതരായ കുറെ മനുഷ്യര്‍..അര്‍ദ്ധ നഗ്നരായ സ്ത്രീകള്‍.ഭയന്ന് വിതുമ്പി നില്‍ക്കുന്ന ആ അപരിഷ്കൃത ജനത അച്ചടക്കത്തോടെ വകഞ്ഞുമാറിയ വീഥിയിലൂടെ നിരനിരയായി നീങ്ങുന്ന കുതിരപ്പടയാളികള്‍...ഏറ്റവും പിന്നില്‍ ഞൊറികളുള്ള ചുവന്ന തലാപ്പാവ് ധരിച്ച ഒരു യുവാവ്. അയാളുടെ അരപ്പട്ടയില്‍ രാജകീയ ചിഹ്നങ്ങള്‍ പതിപ്പിച്ചിരിക്കുന്നു.ഒരു അപരിഷ്കൃത ഗോത്രമേധാവിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള ആ ചെറുപ്പക്കാരന്റെ ഇരുകൈകളും പിന്നിലേക്ക് പിണച്ചു കെട്ടിയിരുന്നു.പടയാളികള്‍ കുതിരപ്പുറത്തുനിന്നും അയാളെ പിടിച്ചിറക്കി ചത്വരത്തിന്റെ മധ്യത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അന്യദേശക്കാരായ പടയാളികളെ പ്രാകിക്കൊണ്ട് ജനങ്ങള്‍ അവര്‍ക്ക് നേരെ മണ്ണുവാരി എറിയുന്നു. ഗോത്രത്തിന്റെ പരമ്പരാഗത യോദ്ധാക്കളില്‍ ചിലര്‍ ബന്ധനസ്ഥനായ തങ്ങളുടെ യജമാനന് മുന്നില്‍ മുട്ടികുത്തിയിരുന്ന്‍ തങ്ങളുടെ ആത്മാവിനെ സ്വീകരിക്കുവാന്‍ യാചിച്ചുകൊണ്ട് അയാള്‍ക്ക് മുന്നില്‍ ആത്മാഹൂതി ചെയ്യുന്നു.
നീല നിറമുള്ള ഇളകിയാടുന്ന ഒരു പരവതാനി പോലെയാണ് വെസാല്‍കോയ്ക്ക് ആദ്യം തോന്നിയത്.വെള്ളിനിറമുള്ള ആകാശ ഞരമ്പുകള്‍ കാഴ്ചയ്ക്ക് വ്യക്തത നല്‍കി.ഇളകിമറിയുന്ന പര്‍വ്വത സമാനമായ തിരമാലകള്‍ .അതിന്റെ ഉച്ചിയില്‍ നിന്നും താഴേയ്ക്ക് കൂപ്പുകുത്തുന്ന പായ്മരങ്ങള്‍ തകര്‍ന്ന കൊച്ചു കപ്പല്‍.മരണം ഉറപ്പിച്ച നാവികര്‍ പ്രാണനില്‍ ഭയന്ന്‍ ഉറക്കെയുറക്കെ നിലവിളിക്കുന്നു. ആയിരം കറുത്ത തോരണങ്ങള്‍ പോലെ ഉലഞ്ഞു കീറിയ പായ്ത്തുണികള്‍ കൊടുങ്കാറ്റില്‍ മരണത്തെ സ്വാഗതം ചെയ്യുന്നു.ഇളകിയ മേല്‍പ്പലകയില്‍ കറുത്ത വസ്ത്രം ധരിച്ച ഒരു പുരോഹിതന്‍ ഒടിഞ്ഞ മരത്തൂണില്‍ കെട്ടിപ്പിടിച്ച്, കപ്പലിന്റെ ഉലച്ചിലില്‍ തെന്നിമാറുന്ന നനഞ്ഞു കുതിര്‍ന്ന വേദപുസ്തകം കാലുകൊണ്ട് നീട്ടിപ്പിടിക്കുവാന്‍ ശ്രമിക്കുന്നു.കൊഴുപ്പ് വിളക്കിന്റെ മങ്ങിയ വെളിച്ചം നിറഞ്ഞ കൊച്ചുമുറിയില്‍ ഒരു ചാറ്റല്‍ മഴ ആസ്വദിക്കുന്ന ലാഘവത്തോടെ ഇതെല്ലാം നോക്കിക്കാണുന്ന ഒരു ചെറുപ്പക്കാരന്‍...ഉയര്‍ന്ന ചുമലുകളും കുറ്റിത്താടിയുമുള്ള ഒരു അലസ യുവത്വം.
ചുവന്ന തലപ്പാവ് ധരിച്ച ഗോത്രമേധാവിയെ ബന്ധനവിമുക്തനാക്കി പുരോഹിതന്‍റെ അരുകിലേക്ക് നീക്കിനിര്‍ത്തുന്നു.മതപരമായ എല്ലാ ചടങ്ങുകളോടും കൂടി അദ്ദേഹം അയാളെ ജ്ഞാനസ്നാനം ചെയ്യിക്കുന്നു.അനന്തരം തന്‍റെ പ്രജകളോട് സംസാരിക്കുവാന്‍ അയാള്‍ക്ക് അനുവാദം നല്‍കപ്പെടുന്നു. തനിക്കായി തയ്യാറാക്കിയ മണ്കുഴി ചൂണ്ടി ആവേശത്തോടെ അയാള്‍ പൊട്ടിത്തെറിച്ചു-
"ഞാന്‍ ഇവിടെ വിശ്രമിക്കില്ല...എങ്കിലും മാന്യമായ മരണത്തിനു വേണ്ടി ഈ അപമാനം ഞാന്‍ ഏറ്റുവാങ്ങുന്നു"
തനിക്കു മുന്നില്‍ ആത്മാഹൂതി ചെയ്തവരെ നോക്കി വിറയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു..
"ഈ യോദ്ധാക്കള്‍ എനിക്കായി കാത്തു നില്‍ക്കുന്നു.ഇവരെ അനുധാവനം ചെയ്യും മുന്‍പേ പറഞ്ഞുകൊള്ളട്ടെ ...വഞ്ചകനായ ചെറുപ്പക്കാരാ ...നിന്നോട് കാണിച്ച ഔദാര്യമായിരുന്നു ഞാന്‍ ചെയ്ത ആദ്യത്തെ അപരാധം.എന്നില്‍ നിന്നും എല്ലാം നീ അപഹരിച്ചെടുത്തു...ഇപ്പോഴിതാ എന്‍റെ പ്രാണനും. അറിഞ്ഞുകൊള്ളൂ...എന്‍റെ ആത്മാവ് മേഘങ്ങള്‍ക്കും മുകളില്‍ ജ്വലിക്കുന്നു.ഈ കൊടിയ വഞ്ചനയുടെ പാപം തലമുറകള്‍ക്ക് മുന്‍പേ നിന്നില്‍ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു...തലമുറകള്‍ക്കും മുന്‍പേ ..."
കുപിതനായ അയാള്‍ പുരോഹിതനില്‍ നിന്നും വിശുദ്ധ ഗ്രന്ഥം പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു .
കാലത്തിന്റെ കണ്കെട്ട് പോലെ ഒരു നിമിഷത്തെ വിഭ്രാന്തി-ഫാദര്‍ വെസാല്‍കോയ്ക്ക് ചുറ്റും കാലവും കാഴ്ചയുമെല്ലാം കീഴിന്മേല്‍ മറിഞ്ഞു.ഭയന്ന് വിറങ്ങലിച്ചുപോയ വെസാല്‍കോ തനിക്കു മുന്നില്‍ തിരുരക്തത്തിനായി കാത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ ഒന്നേ നോക്കിയുള്ളൂ.അതേ അലസ നേത്രങ്ങള്‍,ഉയര്‍ന്ന ചുമലുകള്‍.വീഞ്ഞ് പാത്രം നിലത്തുവീണ് ചിതറവേ...ഭയന്ന് വിറച്ച് അതിദയനീയമായി ഗോണ്‍സാലസിന്റെ ചെവിയില്‍ അദ്ദേഹം ഇങ്ങനെ അപേക്ഷിച്ചു.
"പാപികളുടെ സൃഷ്ടാവേ ...ദയവായി എന്‍റെ കണ്മുന്നില്‍ നിന്നും പോകൂ ..എന്നെ ഭയപ്പെടുത്താതിരിക്കൂ "
അമ്പരപ്പോടെ ഗോണ്‍സാലസ് പുരോഹിതനെ നോക്കി.അപരിചിതനായ തന്നെ ഇവ്വിധം അപമാനിച്ചതിന്‍റെ സാംഗത്യം അയാള്‍ക്ക് മനസിലായില്ല.കഠിനമായ ഹൃദയ വേദനയോടെ അയാള്‍ പുരോഹിതനുനേരെ വീണ്ടും മുഖമുയര്‍ത്തി. മറിച്ച് എന്തെങ്കിലും ചോദിക്കും മുന്‍പേ ഫാദര്‍ വെസാല്‍കോ മോഹലാസ്യപ്പെട്ടുവീണു. വിശ്വാസികള്‍ വൈദികന് ചുറ്റും ഓടിക്കൂടവേ അവര്‍ക്കിടയില്‍ കൂടി ഗോണ്‍സാലസ് പുറത്തേയ്ക്ക് നൂണ്ടിറങ്ങി...കീശയില്‍ കുത്തിനിറച്ച അപ്പക്കഷണങ്ങളും കയ്യില്‍ ഒരുകുപ്പി വീര്യമുള്ള മുന്തിരി വീഞ്ഞുമായി...
NEXT CHAPTER
ഗോണ്‍സാലസ്
നോവൽ
എ.ഡി 1632
ഭാഗം 1
അദ്ധ്യായം 1
(ഗോണ്‍സാലസ് )
അനാരോഗ്യവും ദാരിദ്ര്യവും ജീർണ്ണിപ്പിച്ചു വികൃതമാക്കിയ വാർദ്ധക്യത്തിൽ മൂന്ന് ആണ്‍കുട്ടികളുടെ രക്ഷാകർത്തിത്വം കൂടി ഏറ്റെടുക്കേണ്ടിവന്നിട്ടും ഗോണ്‍സാലസ് പരിഭവിച്ചില്ല.അത് ദൈവകൽപ്പിതമായ ചുമതലയാണെന്നും തന്റെ ആത്മാവിന്റെ ശുദ്ധീകരണത്തിനുള്ള ഉപാധിയാണെന്നും അയാൾ ആശ്വസിച്ചു. അവരിൽ മൂത്തവനായ ഫ്രാൻസിസ്കോ തന്റെ ഏക മകളുടെ ജാര സന്തതിയായിരുന്നിട്ടു കൂടിയും .
തികഞ്ഞ വിശ്വാസിയായിരുന്ന തന്റെ കുടുംബം നിന്ദ്യമാംവിധം ശിഥിലമാക്കപ്പെട്ടതിന്റെ പിന്നിലെ കാരണമൊഴികെ ജീവിതത്തിലെ മറ്റെല്ലാ ദുരിതങ്ങൾക്കും ദൈവികമായ ഒരു കാരണം ഉണ്ടാവുമെന്ന് അയാൾ വിശ്വസിച്ചു. വിശുദ്ധ വചനങ്ങൾക്ക് ഒരു വൈദികനും കണ്ടെത്താത്ത എണ്ണമറ്റ വ്യാഖ്യാനങ്ങളാൽ തന്റെ ഭൂതകാലത്തെ ഓരോ ദിവസവും അകറ്റി നിര്‍ത്തുവാന്‍ അയാള്‍ കിണഞ്ഞു പരിശ്രമിച്ചു.തീക്ഷ്ണ യൗവ്വനത്തിലെ ചെയ്തികളെല്ലാം പാപപങ്കിലമായിരുന്നെന്ന മിഥ്യാബോധത്തില്‍ ഗോണ്‍സാലസ് കടുത്ത ആത്മപീഡനത്തിനു വഴിപ്പെട്ടു.ക്രൂശിത രൂപത്തിനു മുന്നിൽ നിത്യവും അയാള്‍ മുട്ടുകുത്തി കണ്ണീരൊഴുക്കി. പരിസരബോധമില്ലാതെ മണിക്കൂറുകളോളം അള്‍ത്താരയ്ക്ക് മുന്നില്‍ ചെലവഴിച്ചു...പലപ്പോഴും അവിടെത്തന്നെ ചുരുണ്ടുകൂടി ഉറങ്ങുകയും ചെയ്തു.
ഗോണ്‍സാലസിന് ദൈവവിളി ഉണ്ടായിരിക്കുന്നുവെന്ന് വൃദ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആ കിഴവന് തനി വട്ടാണെന്ന് ചെറുപ്പക്കാര്‍ പരിഹസിച്ചു... ഏതാനും വൃദ്ധകള്‍ അയാളില്‍ അനുരക്തരായെങ്കില്‍,കൊച്ചുകുട്ടികളാകട്ടെ ഗോണ്‍സാലസിന്റെ ജട കെട്ടിയ നാറുന്ന മുടിയില്‍ വലിച്ചു രസംകൊണ്ടു.നല്ലൊരു വിഭാഗം ആളുകള്‍ അയാളോട് സഹതാപം പ്രകടിപ്പിച്ചെങ്കിലും തുടര്‍ന്നങ്ങോട്ട് അയാളില്‍ സംഭവിച്ച പൊടുന്നനെയുള്ള സ്വഭാവ വ്യതിയാനം ഏവരെയും അമ്പരപ്പിച്ചു.
ദിവസങ്ങളോളം ആഹാരം കഴിക്കാതെ പട്ടിണി കൊണ്ട് കരുവാളിച്ച മുഖവുമായി തെരുവുകള്‍ തോറും ഗോണ്‍സാലസ് അലഞ്ഞുനടന്നു.മെലിഞ്ഞുണങ്ങിയ അയാളുടെ രൂപം ആരിലും സഹതാപം ഉണര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു . വൃദ്ധകാമുകിമാര്‍ വെച്ചുനീട്ടിയ ആഹാരം ഗോണ്‍സാലസ് സ്വീകരിക്കുകയോ നന്ദിപൂര്‍വ്വം അവരെ ഒന്ന് കടാക്ഷിക്കുകയോ ചെയ്തില്ല.ഇത് അവരില്‍ നിരാശയും ഒരല്‍പം നീരസവും ഉളവാക്കി.ഇങ്ങനെയായിരുന്നു തുടക്കം. തുടര്‍ന്നങ്ങോട്ടുള്ള ഏതാനും മാസങ്ങളില്‍ ഗോണ്‍സാലസില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമായി.അയാളിലെ ശാന്തതയും കണ്ണുകളിലെ ദയനീയ ഭാവവും മറഞ്ഞു...പരുഷമായ സംസാരവും ഭയപ്പെടുത്തുന്ന നോട്ടവും.തോളറ്റം വളര്‍ന്നിറങ്ങിയ ജട പിടിച്ച മുടിയില്‍ പിടിച്ചു വലിക്കുവാന്‍ പിന്നീട് ഒരു കുട്ടിയും ധൈര്യപ്പെട്ടില്ല.വിലകുറഞ്ഞ മദ്യം കൊണ്ട് തന്‍റെ സായാഹ്നങ്ങളെ അയാള്‍ ലഹരിയില്‍ മുക്കി...ആ വൃദ്ധ ദൈവം രാത്രിയില്‍ വേശ്യകളെ തേടി തെരുവിലൂടെ അലഞ്ഞു .ഏറ്റവും വിലകുറഞ്ഞ രതിയന്ത്രങ്ങള്‍ പോലും അയാളില്‍ നിന്നും ഓടി മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി....എന്നാല്‍ ഞായറാഴ്ച... ഗോണ്‍സാലസ് മുടങ്ങാതെ പള്ളിയിലെത്തും.അള്‍ത്താരയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങും...ഒരു പിഞ്ചു കുഞ്ഞിന്റെ ജഡം പോലെ ആരിലും സഹതാപം ഉണര്‍ത്തിക്കൊണ്ട് .
ഇത്രയധികം വൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടും.ഭൂത കാലത്തിലെ ദിവസങ്ങളോരോന്നുമെടുത്ത് സവിസ്തരം അപഗ്രഥനം ചെയ്യുവാനും അവര്‍ മടിക്കില്ല.
1421ല്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോണ്‍സാലസ് പുരുഷ സഹജമായ ആനന്ദങ്ങളില്‍ തന്‍റെ യൌവ്വനം ചെലവഴിച്ചു.ഒന്നിലധികം കാമിനിമാര്‍,മദ്യം,സുരതം...അങ്ങനെ തികച്ചും സ്വാഭാവികമായ ജീവിതം. അയാള്‍ ഒരു സാഹസികനോ സര്‍ഗ്ഗാത്മക പ്രതിഭയോ ഒന്നുമായിരുന്നില്ല.പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഇരുപതാം വയസ്സില്‍ കാര്‍ഷികവൃത്തിയില്‍ ജീവിതം പുനക്രമീകരിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായി.അതുവരെ അനുവര്‍ത്തിച്ച ജീവിത ശൈലി തുടര്‍ന്നതിന്റെ ഫലമായി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആറായിരം പെസോയുടെ ബാധ്യത വരുത്തി വയ്ക്കുകയും പണയപ്പെടുത്തിയ കൃഷിഭൂമി തിരിച്ചെടുക്കുവാന്‍ കഴിയാതെ ദാരിദ്രനാക്കപ്പെടുകയും ചെയ്തു.മാതാവിന്റെ മരണശേഷം അവശേഷിച്ച ഏതാനും തുണ്ട് ഭൂമി കൂടി വിറ്റ് ആ തുകയുമായി(800 പെസോ) മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്തെ ദരിദ്രമേഖലയിലേക്ക് കുടിയേറി.
ബെര്‍നാല്‍ഡിനോ എന്ന ഇടനിലക്കാരന്‍ വഴി തന്‍റെ ശേഷിച്ച സമ്പാദ്യത്തിന് ഗോണ്‍സാലസ് കുറച്ചു ഭൂമി വാങ്ങി.കാര്‍ഷികവൃത്തിയിലെ അയാളുടെ അറിവില്ലായ്മയെ ബെര്‍നാല്‍ഡിനോ ശരിക്കും മുതലെടുത്തതിന്റെ ഫലമായി ഗോണ്‍സാലസ് കബളിക്കപ്പെട്ടു.യാതൊരു ഫലഭൂയിഷ്ടിയുമില്ലാത്ത ഉറച്ച ഒരു കുന്നിന്‍ താഴ് വര. അലസനായ ആ മനുഷ്യനാകട്ടെ,പച്ച മണ്ണിന്റെ കന്യകാത്വത്തെ തൊട്ട് അശുദ്ധമാക്കുവാന്‍ തുനിഞ്ഞതുമില്ല.നെഞ്ചിന്‍കൂടിനുള്ളില്‍ ഞെരുങ്ങിക്കയറിയ വിശപ്പ് തന്‍റെ ഹൃദയത്തെ ചീന്തിയെടുത്ത് ഭക്ഷിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ ഗോണ്‍സാലസ് കഠിനാധ്വാനിയായി.താമസംവിനാ അയാള്‍ മറ്റുള്ളവര്‍ക്ക് ഒരു ഉത്തമ മാതൃകയും ഒരുവള്‍ക്ക് പ്രിയപ്പെട്ട കാമുകനുമായി.
NEXT CHAPTER
"ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി"-ഗ്രീൻ ബുക്സ് പുറത്തിറക്കി
പ്രിയ സുഹൃത്തുക്കളേ , നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്‌സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് "ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി" എന്നൊരു ഒരു നോവൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. അറുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ കാൽപ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു."അഡോൾഫ് ഹിറ്റ്‌ലറെ" ഒരു കഥാപാത്രമായി നോവലിൽ അവതരിപ്പിക്കുമ്പോൾ അത് ചരിത്രത്തോട് എത്രമാത്രം പൊരുത്തപ്പെട്ട് മുൻപോട്ട് പോകണം എന്ന ഓർമ്മപ്പെടുത്തൽ പോലും അങ്ങേയറ്റം ആശങ്കാജനകമായിരുന്നു. ഈ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്തുകൊണ്ട് ബെർക്ക്നവ് കലാപം ഉൾപ്പെടെയുള്ള ചരിത്ര നിഗൂഡതകളെ ഗവേഷണബുദ്ധിയോടെ സമീപിക്കുവാനും ഈ അന്വേഷണാത്മക ചരിത്രാഖ്യായിക പൂർത്തിയാക്കുവാനും ധൈര്യം പകർന്നത് പ്രിയ ചങ്ങാതിമാർ ഓരോരുത്തരം നൽകിയ നിസ്സീമമായ പ്രചോദനമാണ്.
മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഗ്രീൻ ബുക്സ് "ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി" പ്രസിദ്ധീകരിച്ച വിവരം ഏവരേയും സസന്തോഷം അറിയിക്കുന്നു.
(പുസ്തകവിചാരം-നവംബർ 2013)
ഗ്രീൻ ബുക്സിന്റെ വെബ് സൈറ്റിൽ നിന്നും ഓണ്‍ലൈനായി പുസ്തകം വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
എല്ലാ ചങ്ങാതിമാരോടും ഒരിക്കൽക്കൂടി എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു. സസ്നേഹം അരുണ്‍ ആർഷ
ഗ്രീൻ ബുക്സിന്റെ വെബ് സൈറ്റിൽ നിന്നും ഓണ്‍ലൈനായി പുസ്തകം വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു കള്ളുകുടിയുടെ പഴമ്പുരാണം(നർമ്മ കഥ)
ഈ കഴിഞ്ഞ ദിവസം ആഫീസിൽ തകൃതിയായി ജോലിചെയ്തുകൊണ്ടിരിക്കവേ പോക്കറ്റിൽ കിടന്ന മൊബൈല് നിലവിളി തുടങ്ങി.അങ്ങേ തലയ്ക്കൽ ഘനഗംഭീരമായ ശബ്ദത്തിൽ ഒരു ചോദ്യം.
"എടേ ..നീ ഏതാണ്ട് ബ്ലോഗോ കിടുതാപ്പോ മറ്റോ എഴുതുന്നുണ്ടെന്ന് കേട്ടു. സംഗതി നേരുതന്നെ!"
ശബ്ദം കേട്ടപ്പോൾ ആളെ മനസിലായി...നമ്മുടെ സഖാവ്.
"അത് കമ്പ്യൂട്ടറിൽ എങ്ങനെയാ വായിക്കുന്നതെന്ന് ഒന്ന് പറഞ്ഞുതാ."
എന്റെ ഉള്ളൊന്ന് കാളി.അവനെങ്ങാനും അത് വായിച്ചാൽ പണി പാളും. അവനെക്കുറിച്ച് പലതും ഞാൻ എഴുതിപ്പിടിപ്പിച്ചിരുന്നല്ലോ. അതെങ്ങാനും കക്ഷി കണ്ടാലുള്ള അവസ്ഥ!...തമ്പുരാനേ...പിന്നെ പന്തലിനും പെട്രോമാക്സിനും ഓർഡറ് കൊടുത്താൽ മതി.ബ്ലോഗ് എഴുത്ത് നിർത്തിയെന്ന് പറഞ്ഞ് തൽക്കാലം ഞാൻ തടിതപ്പി.അടുത്ത ആഴ്ച അവൻ എറണാകുളത്തുനിന്നും നിന്നും കോട്ടയം വരുന്നുണ്ടെന്നും അപ്പോൾ നേരിൽ കാണാമെന്നും പറഞ്ഞ് ഫോണ്‍ വെച്ചു.പണ്ട് ഞങ്ങൾ നടത്തിയ ഒരു ട്രെയിൻ യാത്രയാണ് അപ്പോഴെന്റെ മനസ്സിൽ വന്നത്.
1991ലാണ് സംഭവം.അന്ന് ഞാനും സഖാവും വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവം.ആ വർഷം കണ്ണൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ഞങ്ങൾ ഇരുവരും പ്രതിനിധികളായിരുന്നു.മൂന്നു ദിവസം നീണ്ട സമ്മേളനം. അമേരിക്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി,അതിന്റെ ശ്രാദ്ധവും ഉണ്ട് നീട്ടിയൊരു ഏമ്പക്കവും വിട്ടപ്പോൾ സഖാവിന് ചെറീയൊരു ആശ്വാസം കിട്ടി.ആവേശം അണപൊട്ടുമ്പോൾ സഖാവ് ചാടിയെഴുന്നേറ്റ് രണ്ട് "ഇങ്ക്വിലാബ്"അങ്ങ് കാച്ചും. ഉറങ്ങിക്കിടക്കുന്നവന്റെ നെഞ്ചത്ത് ആന ചവിട്ടിയതുപോലെ അപ്പോഴൊക്കെ ഞാൻ ചാടിപ്പിടഞ്ഞ് എഴുന്നേൽക്കും. ഹെന്റമ്മോ...എങ്ങനെയൊക്കെയോ ആ മൂന്നു ദിവസം തള്ളിനീക്കി.കണ്ണൂർ റയിൽവേ സ്റ്റേഷനിലേക്കുള്ള മടക്കയാത്രയിൽ സഖാവ് ചോദിച്ചു.
"കൈയ്യിൽ കാശ് അത്രയുണ്ട്"""?"
"നുള്ളിപ്പെറുക്കിയാൽ എണ്‍പത് കണ്ടേക്കും"
"ഊം ...ടിക്കറ്റിന് എത്രയാകും?"
"രണ്ടു പേർക്കും കൂടി അൻപത്"
"മിച്ചം മുപ്പത് ...ഒന്ന് തൊണ്ട നനച്ചാലോ"
കോഴി കഴുത്തു വെട്ടിക്കുന്നതുപോലെ ഇടതുവശത്തുള്ള "മൂന്നക്ഷരം" ആലേഖനം ചെയ്ത ബോർഡിൽ സഖാവിന്റെ കണ്ണുകൾ ഉടക്കിനിന്നു... എന്റേയും.ഇരുട്ട് വീണ മുറിയിൽ,ഒരു മേശയ്ക്ക് ഇരുവശത്തുമിരുന്ന് അമേരിക്കയുടെ വിദേശനയവും ലാറ്റിനമേരിക്കൻ ബദലും ഞങ്ങൾ സവിസ്തരം ചർച്ച ചെയ്തു.ബാറിന് പുറത്തിറങ്ങിയപ്പോൾ ഒരുകാര്യം കൂടി എനിക്ക് മനസിലായി.ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റ കനത്ത തിരിച്ചടി ഞങ്ങളേയും ബാധിച്ചിരിക്കുന്നു...പോക്കറ്റിൽ മിച്ചം വെറും 26 രൂപ 50 പൈസ.
"ഒരാൾക്കുള്ള ടിക്കറ്റിന് തികയുമല്ലോ?..മതി.പ്രതിസന്ധികളെ അതിജീവിക്കുന്നവനാണെടാ യഥാർത്ഥ കമ്യൂണിസ്റ്റ് "
"പക്ഷേ...റയിൽവേക്ക് അത് അറിയണമെന്നില്ലല്ലോ?"
മറുചോദ്യം സഖാവിന് ഇഷ്ടപ്പെട്ടില്ല.എന്റെ കൈയ്യിൽ നിന്നും പണവും വാങ്ങി സഖാവ് കൗണ്ടറിലേക്ക് പോയി ഒരു ടിക്കറ്റുമായി മടങ്ങിവന്നു.
"ഇന്നാ...പിടിച്ചോ."
"അപ്പോൾ നീയെങ്ങനെ വരും"
"ടിക്കറ്റില്ലാതെ യാത്രചെയ്യും ..എന്നാടാ ഈ ടിക്കറ്റ് ഒക്കെ ഉണ്ടായത്"
മുഖത്ത് ഒരു പുച്ഛഭാവം വരുത്തിക്കൊണ്ട് സഖാവ് മുന്നിൽ നടന്നു.ഞങ്ങൾ ജനറൽ കമ്പാർട്ട്മെന്റിൽ കയറി.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ട്രെയിൻ കണ്ണൂരിൽ നിന്നും പുറപ്പെട്ടു.തൃശൂർ കഴിഞ്ഞപ്പോഴേക്കും സഖാവിന്റെ ലഹരിയിറങ്ങിത്തുടങ്ങി.എലിപ്പെട്ടിക്കകത്ത് പെട്ടതുപോലെ കക്ഷി തേരാപ്പാര ഓട്ടം തുടങ്ങി.ഇടയ്ക്കിടയ്ക്ക് എന്റെയടുക്കൽ വന്നിരുന്നു.അങ്കലാപ്പ് സഹിക്കുവാൻ വയ്യാതായപ്പോൾ എന്നോട് ചോദിച്ചു
"അളിയാ ...ടി.ടി.ആർ വരുമോടാ?"
"ഏയ്...അല്ല...ഇനി വന്നാലെന്താ.. ഈ ടിക്കറ്റ് ഒക്കെ എന്നാ ഉണ്ടായത്"
"പോടാ ...# %***!*&&"
ചിങ്ങവനം ആകാറായതോടെ കളി കാര്യമായി.കറുത്ത കോട്ടിട്ട ഒരു കാപാലികൻ കമ്പാർട്ട്മെന്റിലെത്തി.പത്തു മിനിട്ടിനുള്ളിൽ കോട്ടയമാകും. പക്ഷേ അതിനു മുൻപ് അയാൾ ഞങ്ങളോട് ടിക്കറ്റ് ചോദിക്കും എന്ന് ഉറപ്പായി.സഖാവ് പൂക്കുലപോലെ വിറയ്ക്കുകയാണ്. എന്തുചെയ്യണം എന്ന് എനിക്കും അറിയില്ല.സഖാവ് അടുത്തോട്ട് ചേർന്നിരുന്ന് പറഞ്ഞു.
"ഒറ്റവഴിയേ ഉള്ളൂ."
എന്റെ ചെവിയിൽ അവൻ "ഐഡിയ" പറഞ്ഞു. അതോടെ എന്റെ നല്ല ജീവൻ പോയി.ഞാൻ ചോദിച്ചു.
"സഖാവേ ..അത് വേണോ?
"പ്ലീസ്"
ടി.ടി.ആർ അടുത്തെത്തിയതും സഖാവ് എഴുന്നേറ്റ് ഒറ്റയോട്ടം.തുറന്നു കിടക്കുന്ന കമ്പാർട്ട്മെന്റുകൾ. ഒന്നിൽ നിന്നും അടുത്തതിലേക്ക് സഖാവ് പാഞ്ഞുകൊണ്ടിരുന്നു.ഒസാമയെ പിന്തുടരുന്ന അമേരിക്കൻ കമാൻഡോയെപ്പോലെ തൊട്ടുപിന്നാലെ ടി.ടി.ആറും.കാഴ്ചക്കാരായ ഒരു ബറ്റാലിയൻ യാത്രക്കാർ വേറെ.അപ്പോഴേക്കും ട്രെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു.സഖാവ് പെട്ടെന്ന് ഓട്ടം നിർത്തി തിരിഞ്ഞു നിന്നു.പാഞ്ഞുവന്ന ടി.ടി.ആറിനോട് വിനീതനായി ചോദിച്ചു.
"എന്താണ് സർ"
കിതച്ച് അവശനായ തമിഴൻ ടി.ടി.ആർ ക്ഷുഭിതനായി പൊട്ടിത്തെറിച്ചു
"എന്നാ സാറെന്നോ...ടിക്കറ്റില്ലാതെ സവാരി പണ്ണിയിട്ട്...തിരിട്ടു റാസ്കൽ... ഉന്നെ നാൻ പോലീസിക്ക് ഒപ്പ വെക്ക പോറേൻ"
"എതുക്ക് സാർ ..ടിക്കറ്റ് ഇറുക്ക് സർ "
സഖാവ് ടിക്കറ്റ് എടുത്തുനീട്ടി.ടി.ടി.ആർ ഒന്ന് അമ്പരന്നു.
"പിന്നെ എതുക്കെടാ എന്നെ പാത്തതും നീ ..."അത് മുഴുമിപ്പിച്ചില്ല.തനിക്കിട്ട് പണി കിട്ടിയ കാര്യം മനസിലാക്കിയ ടി.ടി.ആർ ശരംവിട്ടപോലെ എന്നെ പിടികൂടുവാൻ പുറകിലെത്തെ കമ്പാർട്ട്മെന്റിലേക്ക് പാഞ്ഞു.അതിനോടകം ഞാൻ റയിൽവേ സ്റ്റേഷന്റെ പുറത്ത് എത്തിക്കഴിഞ്ഞിരുന്നു എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.
സഖാവിന്റെ കൗശലബുദ്ധിയിൽ എനിക്ക് അൽപ്പസ്വൽപ്പം മതിപ്പ് തോന്നാതിരിന്നില്ല.ഗറില്ലായുദ്ധത്തിൽ വിജയിച്ച ചെഗുവേരയുടെ പത്രാസോടെ അൽപ്പം കഴിഞ്ഞപ്പോൾ സഖാവുമെത്തി. രണ്ടു പേർക്കും നല്ല "ഹാങ്ങ് ഓവർ" ഉണ്ടായിരുന്നു.ഓരോ ചെറുതുകൂടി അടിച്ചാൽ മാറാവുന്നതേയുള്ളൂ.പക്ഷേ കയ്യിലാണെങ്കിൽ ബസ് കൂലിക്ക് പോലും കാശില്ല.പരിചയക്കാരെ വല്ലതും കണ്ടുമുട്ടിയാൽ "അന്തസ്സായി"കടം ചോദിക്കാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കോളേജിലേക്ക് നടന്നു.
പ്രീഡിഗ്രീ സെക്കൻറ് ഗ്രൂപ്പിലെ ഒരു "ബൂർഷ്വാസി" പയ്യനെത്തന്നെ കിട്ടി.അവന് മോട്ടോർ സൈക്കിളുണ്ട്,വാച്ചുണ്ട് രണ്ട് കാമുകിമാരുമുണ്ട്. വർഗ്ഗശത്രുവായ ബൂർഷ്വാസിയാകുവാൻ ഇത്രയൊക്കെത്തന്നെ ധാരാളം.
"എടേ ..ഒരു അഞ്ഞൂറ് രൂപയ്ക്ക് ചില്ലറയുണ്ടോ?"
സഖാവ് ചോദിക്കേണ്ട താമസം നൂറിന്റെ അഞ്ച് താളുകൾ അവൻ നീട്ടി.അത് വാങ്ങി പോക്കറ്റിൽ തിരുകവേ സഖാവ് എന്നോട് ആജ്ഞാപിച്ചു.
"നാളെ അഞ്ഞൂറിന്റെ ഒറ്റനോട്ട് ഇവന് കൊടുത്തേക്കണം"
എനിക്കിട്ട് അവൻ ഒരു കതിനാ വെച്ചെങ്കിലും മേടിച്ചാൽ തിരിച്ചു കൊടുക്കുന്ന ശീലം പണ്ടേ ഇല്ലാത്തതിനാൽ എനിക്കതിൽ ഒട്ടും "മനപ്രിങ്ങ്യാസം" തോന്നിയില്ല.വണ്ടിക്കാശിനുള്ള തുക ആദ്യമേ മാറ്റിവെച്ച് ബാക്കികൊണ്ട് "ഹാങ്ങ് ഓവർ"തീർത്തു.ഏഴുമണിയോടെ സഖാവിനെ കെ.എസ് .ആർ .ടി .സി സ്റ്റാന്റിൽ വിട്ടശേഷം ഞാൻ മടങ്ങി.
പിറ്റേന്ന് രാവിലെ സഖാവിന്റെ അമ്മ എന്നെ ഫോണ്‍ വിളിച്ച് കരച്ചിലോട് കരച്ചിൽ.കയ്യൊടിഞ്ഞ് സഖാവ് ആശുപത്രിയിലാണെന്നും ശരീരമാകെ പരുക്കാണെന്നും എന്താണ് സംഭവിച്ചതെന്ന് എത്ര ചോദിച്ചിട്ടും പറയുന്നില്ലെന്നും ഞാൻ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് വരണമെന്നും പറഞ്ഞു.ഇത് കേട്ട് ഞാനും ഞെട്ടി.തലേന്ന് ഞങ്ങൾ പിരിയുംവരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ.അടുത്ത ബസിന് ഞാൻ ഏറണാകുളത്തേക്ക് വെച്ചുപിടിച്ചു.ആശുപത്രിയിലെത്തിയപ്പോൾ സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു.നടന്ന സംഭവം എന്നോട് മാത്രം അവൻ വിശദീകരിച്ചു.
"പണികിട്ടി...മച്ചമ്പീ"
"എന്താടാ സംഭവിച്ചത്?"
"പറയാം ...ഇന്നലെ കെ.എസ് .ആർ .ടി .സി സ്റ്റാന്റിൽ ഒരു മണിക്കൂറ് കാത്തു നിന്നശേഷമാണ് ഒരു എറണാകുളം ബസ് വന്നത്.നല്ല തിരക്കുണ്ടായിരുന്നതുകൊണ്ട് സ്റ്റാൻഡിലേക്ക് ബസ് കയറും മുന്നേ ഞാൻ ചാടിക്കയറി.ആ ബസിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന കുറേ കണ്ടക്ടർമാരും ഉണ്ടായിരുന്നു.അതിലൊരുവന് എന്റെ ചാടിയുള്ള ആ കയറ്റം അത്ര പിടിച്ചില്ല.അവൻ ആണെങ്കിൽ മകുടിയൂതിയാൽ ആടുന്ന പരുവം...എന്നെ അങ്ങോട്ട് ചീത്ത വിളിതുടങ്ങി.അത് കേട്ട് മിണ്ടാതിരിക്കുവാൻ എന്റെ വയറ്റിലും പാലൊന്നുമല്ലല്ലോ?.ഞാനും തിരിച്ചു വിളിച്ചു.അവൻ എന്റെ നേരെ കയ്യോങ്ങി.മുഖമടച്ച് ഞാൻ ഒരെണ്ണമങ്ങ് പൊട്ടിച്ചു.പെരണ്ട് എഴുന്നേറ്റ അവന്റെ വായിൽ നിന്നും കുടുകുടാ ചോര.അതോടെ കളം പാളി. ബാക്കിയുള്ള കണ്ടക്ടർമാർ എല്ലാവരും എഴുന്നേറ്റു.ബസ് സ്റ്റാന്റ് വിട്ടിട്ടില്ല എന്നോർക്കണം. അവന്മാർ എന്നെ പഞ്ഞിക്കിടും എന്ന് ഉറപ്പായപ്പോൾ ഞാൻ ചാടി എഴുന്നേറ്റ് ബെല്ലടിച്ചു.പോലീസ് വന്നിട്ട് പോയാൽ മതിയെന്ന് ഉറക്കെപ്പറഞ്ഞു.തടി രക്ഷിക്കുവാൻ ഒരു നമ്പർ ഇറക്കിയതാണ്.ഏതായാലും സംഗതി ഏറ്റു.സ്റ്റാന്റിന്റെ മുൻവശത്തായി ബസ് നിർത്തിയിട്ടു.അമ്പത് മീറ്റർ അകലെ ഫ്ലയിംഗ് സ്ക്വാഡിന്റെ ജീപ്പ്.പോലീസിനെ വിളിക്കാനെന്ന ഭാവേന ഇറങ്ങി ഓടാനായിരുന്നു എന്റെ പദ്ധതി.അത് മുൻകൂട്ടി കണ്ട ചിലവന്മാർ ബസിൽ നിന്നും ഇറങ്ങിനിന്നു.ഓടിയാൽ പുറകെ വന്ന് പിടിക്കുമെന്ന് ഉറപ്പ്.അവസാനം രണ്ടും കൽപ്പിച്ച് ഞാൻ പോലീസിന് നേരെ നടന്നു.സബ്-ഇൻസ്പെക്ടറോട് പറഞ്ഞു.
"സാർ...ആ ബസിൽ തല്ല് നടക്കുന്നു"
കേട്ട പാതി കേൾക്കാത്ത പാതി അദ്ദേഹവും മൂന്നാല് കടാമുട്ടൻ പോലീസുകാരും അവിടേക്ക് നടന്നു.പിന്നാലെ ഞാനും.ബസിന് പുറത്ത് നിന്നവർ ഞാൻ പോലീസുമായി വരുന്നത് കണ്ടതോടെ ബസിനുള്ളിലേക്ക് കയറി.അടുത്ത നിമിഷം ഞാൻ വലിഞ്ഞു.അപ്പുറത്തെ പ്ലാറ്റ് ഫോമിലേക്ക് മിന്നൽ വേഗത്തിൽ ഒറ്റയോട്ടം.നീങ്ങിത്തുടങ്ങിയ ഒരു കൊട്ടാരക്കര ബസിൽ ഞാൻ ചാടിക്കയറി.അങ്ങനെ കഷ്ടിച്ച് തടിതപ്പിയെന്ന് പറയാം.പക്ഷെ എനിക്ക് പോകേണ്ടത് എറണാകുളത്തിനാണല്ലോ.ഒരു സ്റ്റോപ്പ് പിന്നിട്ടശേഷം ഞാൻ കണ്ടക്റ്ററുടെ അടുത്തുചെന്ന് ചോദിച്ചു
"സാർ ..ഈ വണ്ടി എറണാകുളം പോകുമോ"
"നാശം...എവിടെ നോക്കിയാടോ കയറിയത്.ഇത് കൊട്ടാരക്കര വണ്ടിയാ.ഇവിടെ ഇറങ്ങ്"
എന്നെ കോടിമതയിൽ ഇറക്കിവിട്ടു.പക്ഷെ കോടിമതയിൽ നിന്നും ഏറണാകുളത്തിന് ബസ് കിട്ടില്ലല്ലോ? .അവിടെനിന്നും ഒരു കിലോമീറ്റർ മാറി ബേക്കർ ജംങ്ഷനിൽ ചെന്നാലേ എറണാകുളം വണ്ടി കിട്ടൂ.പതിനഞ്ചു മിനിട്ടുകൊണ്ട് ഞാൻ അവിടെയെത്തി.ഒരു സിഗരട്ട് പുകച്ചു തീർന്നില്ല അപ്പോഴേക്കും ബസ്സും വന്നു."
ഇത്രയും കേട്ടപ്പോൾ സഖാവിന്റെ ബുദ്ധിശക്തിയെ അംഗീകരിക്കാതിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല.
"സമ്മതിച്ചു...നിന്റെ ബുദ്ധിയും ധൈര്യവും അപാരം തന്നെ... അല്ല... പിന്നെങ്ങനെയാണ് ഈ പരുക്കൊക്കെ സംഭവിച്ചത്"
"അതുപിന്നെ...അളിയാ...പോലീസും ബഹളവും ഒക്കെ കാരണം ഞാൻ ആദ്യം കയറിയ ആ എറണാകുളം ബസ്,ഇരുപത് മിനിറ്റ് വൈകിയാണ് സ്റ്റാന്റിൽ നിന്നും എടുത്തത്"
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)




.jpg)

