ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ(എ.ഡി1632)

നോവൽ എ .ഡി 1 6 3 2
ഭാഗം 1 -അദ്ധ്യായം 7
ലൂയിസിന്റെ വിചിത്ര സ്വപ്നങ്ങൾ 

   

    ഇടവിട്ടുള്ള മഴച്ചാറ്റലില്‍ ലൂയിസ് നനഞ്ഞുകുതിര്‍ന്നു.ആ നശിച്ച യാത്ര പെട്ടെന്ന്‍ അവസാനിപ്പിക്കുവാനുള്ള തത്രപ്പാടില്‍ അവന്റെ കറുമ്പന്‍ കുതിര അതിന്റെ സര്‍വ്വ ശക്തിയുമെടുത്താണ് പാഞ്ഞത്.ലൂയിസിന്റെ നനഞ്ഞൊട്ടിയ കുപ്പായത്തിനുള്ളില്‍ ഈര്‍പ്പമുള്ള വായുവിന്റെ കുമിളകള്‍ അവനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് തെന്നിപ്പാഞ്ഞുനടന്നു.കുത്തിനോവിക്കുന്ന മഴത്തുള്ളികളെ പ്രാകി,ഒരു മരപ്പാവ പോലെ ലൂയിസ് തണുത്തു മരവിച്ചിരുന്നു. അവന്‍ ബോധാരഹിതനായില്ലെന്നേയുള്ളൂ, കടിഞ്ഞാണ്‍ എപ്പോഴോ ഉതിര്‍ന്നുവീണ് ,നിലത്ത് ചെളിയില്‍ ഇഴയുകയായിരുന്നു. ഫാദര്‍ വെസാല്‍കോയുടെ ഭയംകലര്‍ന്ന വാക്കുകളാണ് അവനെ ഉണര്‍ത്തിയത്          



"ദൈവമേ ...ഇതെന്തൊരു മരണപ്പാച്ചിലാണ് ...നീയെന്താ ഉറങ്ങുകയാണോ ?



പെട്ടെന്നവന്‍ കുതിരയെ നിയന്ത്രിച്ചു.ആ ഇടപെടല്‍ ഒട്ടും രസിക്കാത്ത മട്ടില്‍ അതൊന്നിളകി നിന്നു.കാപ്രിയോ മലയുടെ താഴ് വാരത്തില്‍ അല്‍പ്പസമയം വിശ്രമിച്ച ശേഷമാണ് അവര്‍ യാത്ര തുടര്‍ന്നത്.പെയ്തൊഴിഞ്ഞ വിദൂരതയിൽ , തിളങ്ങുന്ന കുഞ്ഞു  വെണ്‍മേഘങ്ങൾ സാന്നിധ്യം അറിയിച്ചു തുടങ്ങിയിരുന്നു. ചേതോഹരമായ ആകാശക്കാഴ്ച ലൂയിസിനെ ആദ്യം ഉല്ലാസഭരിതനാക്കിയെങ്കിലും തൊട്ടുപിന്നാലെ നിരാശപ്പെടുത്തുകയും ചെയ്തു-ഒരു വൈദികനൊപ്പം യാത്രചെയ്യുന്നതിനോളം വിരസമായ മറ്റൊരു ഏര്‍പ്പാടില്ലെന്നാണ് അവനപ്പോൾ തോന്നിയത് .



ഒലീവ് മരങ്ങൾ അതിര്‍ത്തി പാകിയ മണ്‍നിരത്തിൽ കൂടിയാണ് അവരപ്പോൾ സാവധാനം നീങ്ങിക്കൊണ്ടിരുന്നത്.ഇലച്ചാര്‍ത്തുകള്‍ക്ക് പിന്നില്‍ വിസ്തൃതമായ ഉരുളക്കിഴങ്ങ് പാടങ്ങൾ ...അതിനപ്പുറം കൂമ്പുകൾ ഇളകിയാടുന്ന ചോളത്തലപ്പുകൾ ..ഇളം നീല ആവരണത്തിൽ അവ്യക്തമായ കാഴ്ച. കുതിരക്കുളമ്പിന്റെ ക്രമമായ ശബ്ദത്തെ ഒന്ന് ,രണ്ട് ,മൂന്ന് എന്നിങ്ങനെ എണ്ണിക്കൊണ്ട് അവൻ  കാഴ്ചകൾ ആസ്വദിച്ചു ...



"ആഹാ ...പ്രണയം പോലെ നീല "



തൊട്ടു പിന്നിൽ നിന്നും ഫാദർ വെസാൽകൊ ആ മനോഹര ദൃശ്യത്തെ അങ്ങനെയാണ് വിശേഷിപ്പിച്ചത്‌.ഒരു വൈദികന്റെ പ്രണയോപമയിൽ നിശ്ചയമായും അമ്പരപ്പിനുള്ള വകയുണ്ട്.അതുകൊണ്ടാവാം വിസ്മയ ഭാവത്തോടെ  ലൂയിസ് അദ്ദേഹത്തെ തിരിഞ്ഞു നോക്കിയത് ..



"അതെ ...ഒരു ചിത്രകാരനായിരുന്നുവെങ്കിൽ ,നിശ്ചയമായും ഈ ചിത്രത്തിന് അങ്ങനെയൊരു തലക്കെട്ടേ ഞാൻ നൽകുമായിരുന്നുള്ളൂ....മാത്രവുമല്ല ക്രൂശിത രൂപത്തിന്റെ കാൽച്ചുവട്ടിൽ  പ്രണയത്തിന്റെ ദൈവിക പ്രതീകമായി അത് പ്രദർശിപ്പിക്കുകയും ചെയ്യുമായിരുന്നു "    



പൊട്ടിചിരിച്ചുകൊണ്ടാണ് ലൂയിസ് മറുപടി നല്‍കിയത്  




"നന്നായി . . . .അങ്ങൊരു ചിത്രകാരനല്ലാത്തത് എന്തുകൊണ്ടും നന്നായി ...ആയിരുന്നുവെങ്കിൽ സാന്റോ ഡോമിനോ പള്ളിയുടെ അൾത്താരയിൽ വിശ്വാസികൾ കല്ലുകൾകൊണ്ട് കൂടാരം പണിയുമായിരുന്നു .അതിന്റെ മുകളിൽ  താമരക്കൂമ്പ് പോലെ പുറത്തേക്ക് തള്ളിനിൽക്കുന്ന വികാരിയുടെ തലയും ...അതൊന്ന് ഭാവനയിൽ കണ്ടുനോക്കൂ "



ഇരുവരും ഉറക്കെ പൊട്ടിച്ചിരിച്ചു.അതത്ര രസിക്കാത്ത മട്ടില്‍ ലൂയിസിന്റെ കറുമ്പന്‍ കുതിര തലകുടഞ്ഞു.



"നോക്കൂ ...ലൂയിസ് ..നിന്റെ ചങ്ങാതിക്ക് നമ്മുടെ ശബ്ദകോലാഹലങ്ങള്‍ തീരെ ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു... "



"ഹേയ് ...അതൊന്നുമല്ല..ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായിട്ടാവാം അവന്റെ സവാരിക്കാരില്‍ നിന്നും സന്തോഷസൂചകമായ ശബ്ദം അവന്‍ കേള്‍ക്കുന്നത്. അത് അവന് തീരെ  പരിചയമില്ലാത്തതാണല്ലോ - പെട്ടെന്ന് ..പെട്ടെന്ന് പെട്ടെന്ന് ...ട്ധപ്പേ .. ട്ധപ്പേ-അതൊക്കെയാണ് ഇവന് കേട്ടുപരിചയം.



"ആണോ ...എങ്കില്‍ ഒരല്‍പ്പസമയം അവന്റെ കടിഞ്ഞാണ് കൂടി ഞാന്‍ കൈകാര്യം ചെയ്തുകൊള്ളട്ടെ ...നീ അനുവദിക്കുമെങ്കില്‍ മാത്രം "



ഒരു കൊച്ചുകുട്ടിയുടെ ആവേശത്തിമിര്‍പ്പോടെ ഫാദര്‍ വെസാല്‍ക്കോ കുതിരയുടെ നിയന്ത്രണം ഏറ്റെടുത്തു.ഇടയ്ക്കിടെ ലൂയിസിന്റെ ഇടപെടല്‍ ഉണ്ടായെങ്കിലും
കാപ്രിയോ പര്‍വ്വതത്തിന്റെ ഇടുങ്ങിയ മലമ്പാതയുടെ തുടക്കം വരെ വെസാല്‍കോ കുതിരയെ നിയന്ത്രിച്ചു.അവിടെവെച്ച് അദ്ദേഹത്തോട് പിന്നിലേക്ക്‌ നീങ്ങിയിരിക്കുവാന്‍ ലൂയിസ് അപേക്ഷിച്ചു.ഇടയ്ക്കിടെ ലൂയിസ് ആകാശത്തേക്ക് നോക്കി



"എന്തുപറ്റി ചങ്ങാതീ ...നമുക്ക് സമയം പാഴാക്കാനില്ല.ഇപ്പോള്‍ തന്നെ വൈകിയെന്നാണ് തോന്നുന്നത് .പുലരും മുന്‍പേ എനിക്ക് ട്രുജിലോയില്‍ എത്തേണ്ടതാണ് "


"ഒരല്‍പ്പസമയം ക്ഷമിക്കൂ ഫാദര്‍ ...ഇനിയങ്ങോട്ടുള്ള വഴി ഇടുങ്ങിയതാണ് ..കയറ്റവും...നമ്മുടെ വഴികാട്ടി നല്ല ഉശിരന്‍ നാല്‍ക്കാലി തന്നെ ..എങ്കിലും രണ്ട് സവാരിക്കാരുമായി കാപ്രിയോ പാതയെ അതിജീവിക്കുവാന്‍ ഇവന് നന്നായി അദ്ധ്വാനിക്കേണ്ടിവരും.ഇടയ്ക്ക് ഇവന്‍ നുര തുപ്പിയാല്‍ യാത്രതന്നെ മുടങ്ങും... ഒരല്‍പ്പസമയം ഇവന് വിശ്രമം നല്‍കാം"



ആ ഇടവേളയില്‍ ലൂയിസ് അല്‍പ്പം ഉറങ്ങി... ട്രുജിലോയില്‍ പിറ്റേന്നു ചെയ്തു തീര്‍ക്കാനുള്ള തെരക്കിട്ട ജോലികളെ മനസ്സില്‍ ക്രമപ്പെടുത്തുന്നത്തിനിടയില്‍ വെസാല്‍ക്കോയും ഇടയ്ക്കെപ്പോഴോ സുഖനിദ്രയിലേക്ക് കൂപ്പുകുത്തി...ഇരുവരും  സ്വപ്നങ്ങളില്‍ പൂണ്ടുപോയി...



സാന്റോ ഡോമിനോ പള്ളിയില്‍ താനൊരു വിവാഹത്തിനു കാര്‍മ്മികത്വം വഹിക്കുന്ന സ്വപ്നമാണ് ഫാദര്‍ വെസാല്‍ക്കോ കണ്ടത്.വധുവിന്റെ മുഖം അത്ര സുപരിചിതമായിരുന്നില്ലെങ്കിലും ദീര്‍ഘകായനായ വരന്റെ രൂപം വെസാല്‍കോയെ ഞെട്ടലോടെ  ഉറക്കമുണര്‍ത്തി-പണ്ടൊരിക്കല്‍ തനിക്കു മുന്നില്‍ വീഞ്ഞു യാചിച്ച അലസനായ അതേ ചെറുപ്പക്കാരന്‍. നിലത്തുവീണുടഞ്ഞ വീഞ്ഞുപാത്രത്തിന്റെ ഒരായിരം ചീളുകള്‍ ശിരസില്‍ കുത്തിയിറക്കുന്ന വേദനയില്‍ വെസാല്‍കോ  പിടഞ്ഞെഴുന്നേറ്റു... 




ലൂയിസ് അപ്പോഴേക്കും യാത്രയ്ക്ക് തയ്യാറെടുത്തുകഴിഞ്ഞിരുന്നു."പോകാം " എന്ന ഒറ്റവാക്കില്‍ അവന്‍ വികാരിയെ ക്ഷണിച്ചു.ലൂയിസിന്റെ കറുമ്പന്‍ കുതിര കാപ്രിയോ പര്‍വ്വതത്തിന്റെ അരഞ്ഞാണം പോലെ ഇടുങ്ങിയ പാതയിലൂടെ അലസമായി ചുവടുവെച്ചു....ഒരല്‍പം പിഴച്ചാല്‍  അങ്ങുതാഴെ അജ്ഞാതമായ വനാന്തരങ്ങള്‍...അശ്രദ്ധമായാണ് ലൂയിസ് കുതിരയെ തെളിച്ചത്..അവന്‍ ദുഖിതനായിരുന്നു..വണ്ടിയില്‍ യാത്ര ചെയ്യുന്ന വെസാല്‍കോയോട് പൊടുന്നനെയുണ്ടായ അകാരണമായ നീരസമായിരുന്നു അവന്റെ മനസ്സില്‍.ആ വിദ്വേഷത്തിന്റെ യുക്തിയില്ലായ്മയെക്കുറിച്ച് അവന്‍ തികച്ചും ബോധവാനായിരുന്നു...എങ്കിലും അത് അവനെ അസ്വസ്ഥതപ്പെടുത്തി ..എന്തുകൊണ്ടെന്നാല്‍ ....മറ്റൊരാളുമായി ജുവാനയുടെ വിവാഹം നടക്കുന്നതായും അതിന് ഫാദര്‍ വെസാല്‍കോ കാര്‍മ്മികത്വം വഹിക്കുന്നതുമായിരുന്നു അവനെ അസ്വസ്ഥതപ്പെടുത്തിയ നിദ്രാദര്‍ശനം             
                                                                                                                         (തുടരും)
Click HERE to read from the beginning

പരേതന്റെ വിചിത്ര വിരുന്ന് (നോവല്‍ എ.ഡി-1632)

നോവല്‍ (എ.ഡി-1632)

ഭാഗം 1 -അദ്ധ്യായം 6 

പരേതന്റെ വിചിത്ര വിരുന്ന്   



അത് തീര്‍ത്തും അനാര്‍ഭാടമായ ഒരു ചടങ്ങായിരുന്നു.ഫാദര്‍ വെസാല്‍കോയുടെ സാദ്ധിധ്യം ഒഴിവാക്കിയാല്‍, ഒരു ചത്ത നായയെ കുഴിച്ചിടും പോലെ അത്രയ്ക്കും ലളിതമായ  ചടങ്ങ്.പള്ളിയിലേക്ക് ഒരുപാട് ദൂരം ഉള്ളതുകൊണ്ടും ലോപ്പസിന്റെ വൃദ്ധശരീരം ദുര്‍ഗന്ധം വമിപ്പിച്ചു തുടങ്ങിയിരുന്നതിനാലും വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കുന്നതാവും ഉചിതമെന്ന് ബെര്‍നാല്‍ഡിനോ ഫാദര്‍ വെസാല്‍കോയോട് അഭിപ്രായപ്പെട്ടു.ആ നിര്‍ദ്ദേശം അദ്ദേഹത്തിനും സ്വീകാര്യമായി തോന്നി.ഉദ്യാനത്തിന് പിന്നിലെ പുല്‍ത്തകിടിയില്‍ ബിര്‍ച്ച് മരത്തിനു പിന്നിലായി ലോപ്പസിനുള്ള കുഴി തയ്യാറായി.പരേതനോട്  യാതൊരു മമതയും ഇല്ലാതിരുന്നിട്ടും ലൂയിസ് അടക്കമുള്ളവര്‍ ആ ജോലി സ്വമേധയാ ഏറ്റെടുത്ത് വെടിപ്പായി പൂര്‍ത്തിയാക്കി.ജുവാനയുടെ മുത്തശ്ശിയും വൃദ്ധപരിചാരികയുമായ "മാര്‍ത്ത" വെളുത്ത ലില്ലിപ്പൂക്കള്‍ക്കൊണ്ട് മനോഹരമായ ഒരു റീത്ത് തയ്യാറാക്കി ജുവാനയുടെ കൈവശം കൊടുത്തുവിട്ടു.



"പൂക്കള്‍ വാടാതിരിക്കുന്നത് എന്‍റെ കണ്ണുനീരുകൊണ്ടാണ് " എന്ന് അതില്‍  എഴുതി ചേര്‍ത്തിരുന്നു.



  ലോപ്പസ് ജീവിച്ചിരിക്കവേ ഒരിക്കല്‍പ്പോലും അയാളുടെ മുന്നില്‍ വരികയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത മാര്‍ത്ത ഇങ്ങനെയൊരു വാചകം കുറിച്ചിട്ടതിന്റെ പൊരുള്‍ ആര്‍ക്കും മനസിലായില്ല. രണ്ടുപേരും മറ്റുള്ളവര്‍ക്ക് പൊതുവേ താല്‍പ്പര്യമില്ലാത്ത വൃദ്ധവ്യക്തിത്വങ്ങള്‍-സ്വാഭാവികമായും അവരാരും അതെക്കുറിച്ച് ചിന്തിച്ചു മിനക്കെടാന്‍ തുനിഞ്ഞതുമില്ല.ഫാദര്‍ വെസാല്‍കോയ്ക്കുള്ള  ഒരു കത്തുകൂടി മാര്‍ത്ത ജുവാനയെ ഏല്‍പ്പിച്ചിരുന്നു. അപക്വമതിയായ ജുവാനയാകട്ടെ, തീര്‍ത്തും അനുചിതമായ അവസരത്തിലാണ് അത് അദ്ദേഹത്തിന് കൈമാറിയത്-അന്ത്യശുശ്രൂഷയുടെ ഹ്രസ്വമായ ഒരിടവേളയില്‍. നീരസത്തോടെ വെസാല്‍കോ അതുവാങ്ങി കീശയില്‍ തിരുകി.



ഉച്ചതിരിഞ്ഞ് നാലുമണിക്കായിരുന്നു സംസ്കാരം.ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ക്കാരോ അതില്‍ പങ്കെടുത്തില്ല.അവരൊന്നും ഈ വാര്‍ത്ത ഒരുപക്ഷെ അറിഞ്ഞുപോലും കാണണമെന്നില്ല.അഥവാ അറിഞ്ഞിരുന്നെങ്കില്‍ തന്നെയും സമയം മെനക്കെടുത്തിയുള്ള ഒരു ഔപചാരിക പ്രകടനത്തിന് തക്കതായ ബന്ധം അവര്‍ക്കാര്‍ക്കും പരേതനോട് ഇല്ലായിരുന്നുതാനും.



വികാരിക്ക് പിന്നില്‍ ശവമഞ്ചം ചുമന്ന് മാഷിന്‍ ,നിക്കോളാസ് ,ലൂയിസ് എന്നീ ഭ്രുത്യരും അവരെക്കൂടാതെ ജുവാനയും.ലോപ്പസിന്റെ എല്ലുന്തിയ മുടന്തന്‍ നായ ശോകയാത്രയെ പൂന്തോട്ടം വരെ അനുഗമിച്ചു.(അതിനപ്പുറം പോകുവാന്‍ പണ്ടും അതിന് അനുവാദമില്ലായിരുന്നു).അവിടെ കുത്തിയിരുന്നും ഇടയ്ക്കിടെ പൂന്തോട്ടത്തിന് ചുറ്റും മോങ്ങി നടന്നും അവന്‍ ജന്മസിദ്ധമായ നന്ദി പ്രകടിപ്പിച്ചു. ലോപ്പസിനെപ്പോലെ തന്നെ മുരടനും നിശബ്ദനുമായിരുന്ന ആ നായയുടെ ചേഷ്ടകള്‍ ശവമഞ്ചം ചുമന്നിരുന്നവരെ പോലും കൌതുകപ്പെടുത്തി.ചടങ്ങില്‍ യജമാനനായ ബെര്‍നാല്‍ഡിനോയുടെ അസാന്നിദ്ധ്യം ഏവരും ശ്രദ്ധിച്ചു. "അയാളെ വിളിച്ചുകൊണ്ടുവരൂ" എന്ന് ഫാദർ വെസാൽകൊ പരുഷമായി ആവശ്യപ്പെട്ടൂ.



സ്വീകരണമുറിയിലേക്ക്  ഓടിച്ചെന്നു കയറിയ ലൂയിസ് ഒരൽപം സ്തംഭിച്ചു പോയി.ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ച-ബെർനാൽഡിനോ പ്രധാനപ്പെട്ട ഏതോ ഒരു അതിഥിയ്ക്ക് മദ്യം വിളമ്പുന്നു.വ്യാപാര ഉടമ്പടികളെക്കുറിച്ചും ലാഭക്കണക്കുകളെക്കുറിച്ചും അവര്‍ സംസാരിക്കുന്നു.അവന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പുരികം ഉയരത്തി അയാള്‍ ലൂയിസിനെ നോക്കി ...മുഖത്ത് യാതൊരു ഭാവ വ്യത്യാസവും വരുത്താതെ ഇടതുകൈ ഉയരത്തി ,വിരലുകൾ മെല്ലെ ചലിപ്പിച്ച് ഇറങ്ങിപ്പോകുവാൻ ആഗ്യം കാണിച്ചു-ഒരു ആജ്ഞയുടെ എല്ലാ കാർക്കശ്യത്തോടും കൂടിത്തന്നെ..



യജമാനന്റെ പെരുമാറ്റം അവനെ വല്ലാതെ വേദനിപ്പിച്ചെങ്കിലും അതിലുമേറെ വിഷമിപ്പിച്ചത് ബെര്‍നാല്‍ഡിനോയ്ക്കായി കാത്തുനില്‍ക്കുന്നവരോട് ഇക്കാര്യം എങ്ങനെ അവതരിപ്പിക്കും എന്നതായിരുന്നു. വളരെ സാവധാനമാണ്‌ ലൂയിസ് തിരിച്ചുനടന്നത്. ബെര്‍നാല്‍ഡിനോയുടെ  നിന്ദ്യമായ പെരുമാറ്റം ഏവര്‍ക്കും മുന്നില്‍ അമര്‍ഷത്തോടെ വിവരിക്കണം എന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഒരു ജഡത്തെ സാക്ഷിയാക്കി അങ്ങനെ ചെയ്യുവാന്‍ മനസാക്ഷി അനുവദിച്ചില്ല. അതുകൊണ്ട് ഒരൊറ്റ വാചകത്തില്‍ അവന്‍ എല്ലാം ഒതുക്കി ..



"അദ്ദേഹം ഒരല്‍പം തെരക്കിലാണ് ഫാദര്‍ ..."



"തെരക്കിലോ!...എന്തു തെരക്ക്?... ഈ സമയം അയാള്‍ ഇവിടെയുണ്ടായേ മതിയാകൂ...ഒരന്‍പതടി നടക്കുവാന്‍ കഴിയാത്തവിധം എന്ത് തെരക്കാണ് നിന്റെ യജമാനനുള്ളത് ?"



എന്തു മറുപടി നല്‍കണം എന്നറിയാതെ ലൂയിസ് പരിഭ്രമിച്ചു..എല്ലാവരുടെയും നോട്ടം അവനില്‍ തറഞ്ഞു..വികാരിയുടെ ചോദ്യത്തിനുള്ള മറുപടി എല്ലാവര്‍ക്കും അറിയണമായിരുന്നു.ലൂയിസ് തലകുനിച്ച് വീണ്ടും ആവര്‍ത്തിച്ചു..




"യജമാനന്‍ തെരക്കിലാണ് ..."



കൂടുതലൊന്നും ചോദിച്ച് എന്നെ വിഷമിപ്പിക്കരുത് എന്ന അപേക്ഷ കൂടിയായിരുന്നു ആ മറുപടി.



പിന്നെ അമാന്തിച്ചില്ല...ചടങ്ങുകള്‍ ബെര്‍നാല്‍ഡിനോയുടെ അസാന്നിദ്ധ്യത്തില്‍ തന്നെ പൂര്‍ത്തിയാക്കി.ജുവാന രണ്ടുപ്രാവശ്യം ശവപേടകത്തിനു  മുകളില്‍ മണ്ണ് വിതറി.രണ്ടാമത് വിതറിയത് മാര്‍ത്ത മുത്തശിക്ക് വേണ്ടിയാണെന്നും അവര്‍ അത് പ്രത്യേകം പറഞ്ഞു ചുമതലപ്പെടുത്തിയിരുന്നെന്നും ലൂയിസിനോട് അവള്‍ അടക്കം പറഞ്ഞു .സന്ധ്യയോടെ എല്ലാവരും പിരിഞ്ഞു.ജുവാനയെ യാത്രയാക്കി ലൂയിസ് ഫാദര്‍ വെസാല്‍കോയുടെ അരുകിലെത്തി.അദ്ദേഹത്തെ തിരികെ ട്രുജിലോയില്‍ എത്തിക്കുവാനുള്ള ചുമതല അവനുണ്ടായിരുന്നു.വികാരിക്ക് തന്‍റെ യജമാനനോട് യാത്ര ചോദിക്കുവാനും  ഒരല്‍പ്പസമയം വിശ്രമിക്കാനുമായി അദ്ദേഹത്തെ ബെര്‍നാല്‍ഡിനോയുടെ ഭവനത്തിലേക്ക്‌ അവന്‍ ക്ഷണിച്ചു.കുറച്ചു മുന്‍പ് സംഭവിച്ച കാര്യങ്ങളില്‍ വെസാല്‍കൊയുടെ കോപം അടങ്ങിയിട്ടില്ലെന്നും ഒരു വൈദികനായതുകൊണ്ടുമാത്രം അദ്ദേഹം സംയമനം പാലിക്കുകയാണെന്നും ലൂയിസിന് അറിയാമായിരുന്നു.എങ്കിലും ഔപചാരികതയെ കരുതി അവന്‍ അദ്ദേഹത്തെ ക്ഷണിക്കുക തന്നെ ചെയ്തു.പൂന്തോട്ടത്തിനും അപ്പുറത്ത് മുന്‍കാലുകളില്‍ തലതാഴ്ത്തി മോങ്ങിത്തളര്‍ന്നു കിടക്കുന്ന നായയെ ചൂണ്ടിക്കാണിച്ചുകൊണ്ട് വെസാല്‍കോ ശാന്തമായി പറഞ്ഞു ...




"അവന്റെ കൂട്ടിലേക്കാണ് നീയെന്നെ ക്ഷണിച്ചിരുന്നതെങ്കില്‍ അത് ഞാന്‍ ഹൃദയംകൊണ്ട് സ്വീകരിക്കുമായിരുന്നു.അതിന്റെ നഖം തുടയ്ക്കുവാന്‍ പോലും നിന്റെ യജമാനന്‍ യോജ്യനല്ല...എനിക്ക് ക്ഷീണമില്ല..എത്രയും പെട്ടെന്ന് നീയെന്നെ ട്രുജിലോയിലേക്ക് തിരികെ കൊണ്ടുചെന്നാക്കുക.നിന്റെ യജമാനനോട് യാത്ര പറയുവാന്‍ പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല"




അവരുടെ സംഭാഷണം മുറിച്ചുകൊണ്ട് മഴ പൊടിഞ്ഞു തുടങ്ങി...




"ഓഹ് ...ഇതിന്റെ കുറവുകൂടിയുണ്ടായിരുന്നു...വരൂ...നമുക്ക് നിന്റെ ഭവനത്തിലേക്ക്‌ പോകാം "



ലൂയിസ് ജാള്യതയോടെ ചോദിച്ചു ..."ആ കുതിരലായത്തിലേക്കോ?"




"നിശ്ചയമായും ചങ്ങാതീ...ചോര്‍ച്ചയില്ലാത്ത ഒരു മേല്‍ക്കൂരയാണ് ഇപ്പോള്‍ നമുക്കാവശ്യം... "




ഒട്ടും മടിക്കാതെ വെസാല്‍കോ അവിടേക്കോടി...പിന്നാലെ ലൂയിസും.മഴ തോരുവാനെടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ബെര്‍നാല്‍ഡിനോയുടെ നിന്ദ്യമായ പെരുമാറ്റം അവര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി.സ്വീകരണ മുറിയില്‍ താന്‍ കണ്ട കാഴ്ചയും തന്നോട് ഇറങ്ങിപ്പോകുവാന്‍ ആംഗ്യം കാണിച്ചതും ഉള്‍പ്പെടെ എല്ലാം ലൂയിസ് അദ്ദേഹത്തോട് പറഞ്ഞു...ട്രുജിലോയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബെര്‍നാല്‍ഡിനോയും ലോപ്പസും തമ്മില്‍ കലഹിച്ചതും സൂചിപ്പിച്ചു .മറുപടിയായി വെസാല്‍കോ ഒന്ന് ഇരുത്തി മൂളി ...




"അയാള്‍ മരണപ്പെട്ടു.....അതിന് ഇടവരുത്തിയത് പരപ്രേരണയാണെങ്കില്‍ ...."ആ വാചകം പൂര്‍ത്തിയാക്കാതെ വെസാല്‍കോ തന്‍റെ മടക്കയാത്രയിലേക്ക് വിഷയത്തെ വ്യതിചലിപ്പിച്ചു




ചെങ്കുത്തായ മലമ്പാതയില്‍ കൂടി ട്രുജിലോയിലേക്കുള്ള രാത്രിയാത്ര ശ്രമകരവും അപകടം നിറഞ്ഞതുമാകയാല്‍ പിറ്റേന്ന് കാലത്ത് പുറപ്പെടുന്നതാണ്‌ ഉചിതമെന്ന് ലൂയിസ് അഭിപ്രായപ്പെട്ടെങ്കിലും ഫാദര്‍ വെസാല്‍കോ  സമ്മതിച്ചില്ല..




"ഇല്ല ...നാളെ പുലര്‍ച്ചയ്ക്ക് മുന്‍പേ എനിക്കവിടെ എത്തിയേ മതിയാകൂ"




 രാത്രിയാത്രയില്‍ ഏറ്റവും സമര്‍ഥനായ കറുമ്പന്‍ കുതിരയെ തന്നെ ലൂയിസ് വണ്ടിയില്‍ പൂട്ടി.ക്ഷണനേരത്തിനുള്ളില്‍ ഇരുവരും തയ്യാറായി...കറുമ്പന്റെ മുതുകിലെ ആദ്യപ്രഹരത്തില്‍ മുന്‍കാലുകള്‍ ഉയര്‍ത്തി അവനൊന്ന് ചിനച്ചു.പൂന്തോട്ടവും ബിര്‍ച്ച് മരവും പിന്നിട്ട് ഇരുള്‍ മൂടിയ പാതയില്‍ അവര്‍ മറഞ്ഞു ...നനഞ്ഞ് കുതിര്‍ന്ന മുടന്തന്‍ നായ ഉറക്കെക്കുരച്ചുകൊണ്ട് കുറച്ചുദൂരം പിന്നാലെ ഓടി....




വിജനമായ കാട്ടുപാതയുടെ ഓരത്ത്, കറുത്തു പിഞ്ചിയ ളോഹയിട്ട ഒരു ഭ്രാന്തന്‍ മെത്രാന്‍ കൊഴുപ്പു വിളക്കിന്റെ നാളത്തെ വിറകു കൂനയിലേക്ക് പടര്‍ത്താനുള്ള കിണഞ്ഞ പരിശ്രമത്തിലായിരുന്നു.മൂന്നു കല്ലുകള്‍ കൊണ്ട് അയാളൊരു അടുപ്പുണ്ടാക്കി.ചുളുങ്ങി വൃകൃതമായ തകരപ്പാട്ടയില്‍ രണ്ട് ഗ്ലാസ് വെള്ളം അളന്നൊഴിച്ചു.മുഷിഞ്ഞ തുണിക്കെട്ടില്‍ നിന്നും പരതിയെടുത്ത ഡപ്പി കടിച്ചുതുറന്നു.ഈര്‍പ്പം തട്ടിയ കാപ്പിപ്പൊടി പൂപ്പല്‍ പിടിച്ചുവോ എന്ന് വിരലില്‍ കുത്തിയെടുത്ത് മണത്തുനോക്കി.പാതിരാത്രിയിലെ കൊടുംതണുപ്പില്‍ രണ്ട് അതിഥികളെ  സ്വീകരിക്കുവാനുള്ള തത്രപ്പാടിലായിരുന്നു ആ ഭ്രാന്തന്‍ മെത്രാന്‍ ...
                                                                                                                        (തുടരും)
To read from the beginning..click HERE                           

     

                                

കിഴവന്‍ ലോപ്പസിന്റെ മരണം(എ.ഡി-1632)

നോവല്‍- എ.ഡി.1632   

ഭാഗം 1
അദ്ധ്യായം 5
കിഴവന്‍ ലോപ്പസിന്റെ മരണം 


"ജുവാനാ...ഞാന്‍ ഈ പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യമാണ്.നമ്മുടെ യജമാനന് മുഴുഭ്രാന്താണ്"




കുതിരയ്ക്ക് വെള്ളം കൊടുക്കുവാന്‍ കുനിഞ്ഞ ജുവാനയുടെ മുഴച്ചു തെളിഞ്ഞ സ്തനഭംഗി വ്യക്തമായി കാണുവാന്‍ ലൂയിസ് അല്‍പ്പം കൂടി മുന്നിലേക്ക്‌ നീങ്ങി നിന്നു.സ്ത്രീസഹജമായ കൌശലത്തോടെ അവനെ നിരുല്‍സാഹപ്പെടുത്തിക്കൊണ്ട് ജുവാന ഗൌരവം ഭാവിച്ചു. 




"മാന്യനായ ആ പന്നിക്ക് യാതൊരു കുഴപ്പവുമില്ല.(ബെര്‍നാല്‍ഡിനോയെ മറ്റു ഭ്രുത്യര്‍ക്ക് മുന്നില്‍ ഇങ്ങനെ അഭിസംബോധന ചെയ്യുന്നതില്‍  ജുവാന രസം കൊണ്ടിരുന്നു).ഇന്നലെയും മൂന്നു പ്രാവശ്യം അയാള്‍ എന്‍റെ തന്തയ്ക്കു വിളിച്ചു. അത്താഴ സമയത്ത് മൃദുവായി നിതംബത്തില്‍ തഴുകി ...ആഹ്."




ഈ പ്രയോഗം ലൂയിസിനെ ചൊടിപ്പിക്കുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു. മുഖം വെട്ടിച്ച് കുപിതനായി ഇറങ്ങിപ്പോകുവാന്‍ തുനിഞ്ഞ ലൂയിസിനെ തിടുക്കത്തില്‍ പാഞ്ഞെത്തി അവള്‍ തടഞ്ഞുനിര്‍ത്തി.അവന്റെ കവിളുകളില്‍ നുള്ളിപ്പിടിച്ച് പ്രണയപൂര്‍വ്വം ചുംബിച്ചു.




"ലൂയിസ്...അയാള്‍ക്ക് ഒരു കുഴപ്പവും ഇല്ല.കൌശലവും കുതന്ത്രങ്ങളും കൂടിക്കുഴഞ്ഞ ഒരു പിത്തരൂപം..നീ ഇങ്ങനെ ഓരോന്നൊക്കെ വിളിച്ചു കൂവി ബെര്‍നാല്‍ഡിനോയുടെ അപ്രീതി സമ്പാദിക്കരുത്‌...കിഴവന്‍ ലോപ്പസിന്റെ ഗതി നീ മറന്നിട്ടില്ലല്ലോ ?.യജമാനന്‍ എന്തൊക്കെയോ തിരക്കിട്ട ജോലിയിലാണ്. ഇന്നലെ രാത്രി വൈകിയും മുറിയില്‍ വിളക്ക് എരിയുന്നുണ്ടായിരുന്നു.അഞ്ചു പ്രാവശ്യം എന്നെ വിളിച്ച് കാപ്പി ആവശ്യപ്പെട്ടു. വെളുപ്പിന് മുറിയില്‍ ചെന്നപ്പോള്‍ വെള്ളപ്പന്നി മഹോദരം പിടിച്ച് ചത്തു മലര്‍ന്നു കിടക്കുന്നതുപോലെ അയാള്‍ നിലത്തു വീണുറങ്ങുന്നുണ്ടായിരുന്നു.എനിക്കും ആശ്ചര്യം തോന്നി.കാര്യമായി കുടിച്ചിരുന്നിരിക്കണം.അതല്ലാതെ മറ്റൊന്നുമാവില്ല. മഷിക്കുപ്പി മറിഞ്ഞു മേശപ്പുറവും നിലവും ആകെ വൃത്തികേടായി.എല്ലാം തുടച്ചു വൃത്തിയാക്കി അടുക്കി വെച്ചിട്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നത്.ആര്‍ക്കൊക്കെയോ അയാള്‍ കത്തുകള്‍ എഴുതിക്കൂട്ടുന്നുണ്ട് .പൂര്‍ത്തിയാക്കാത്ത ഒരെണ്ണം...ദാ...ഇപ്പോഴും ആ മേശപ്പുറത്ത് കിടപ്പുണ്ട്  "




"നീയത് വായിച്ചു നോക്കിയില്ലേ പെണ്ണേ?"




"ഛെ... അത്രയ്ക്ക് മോശമായി പെരുമാറുവാന്‍ കുതിരയുടെ ചെള്ള്  പെറുക്കുന്ന നിനക്കേ കഴിയൂ ചെറുക്കാ "




"എങ്കിലും ...?".പുരികം ഉയര്‍ത്തി പുഞ്ചിരിച്ചു കൊണ്ടുള്ള കുസൃതി പൊടിയുന്ന ആ ചോദ്യം അവളെ രസിപ്പിച്ചു.




ആഹ് ...ഏതോ ഒരു പോളോയ്ക്കുള്ള കത്ത്...ആ ..ആര്‍ക്കറിയാം.




ജവാനയെ അരുകിലേക്ക്‌ ചേര്‍ത്തുപിടിച്ച് ചുംബിക്കുവാനുള്ള വ്യഗ്രതയില്‍ അവള്‍ തുടര്‍ന്നു പറഞ്ഞത്  ലൂയിസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.




"എനിക്കതൊന്നും മനസിലായില്ല.കുറെ ആളുകളുടെ പേരുവിവരങ്ങള്‍ എഴുതിയിട്ടുണ്ടായിരുന്നു....ആ...ആര്‍ക്കറിയാം.എന്തായാലും നീയും ഭാഗ്യവാന്‍ തന്നെ ലൂയിസ് ..."




പരിധി ലംഘിച്ച കുസൃതികളെ പ്രലോഭിപ്പിച്ചുകൊണ്ട്  അവള്‍ ലൂയിസിനെ തള്ളിമാറ്റി.




"ദൈവമേ ....നീ ഇത് എന്തു ഭാവിച്ചാണ്?..ഇതിലും ഭേദം ആ വെള്ളപ്പന്നിയാണ് "




കുതറിത്തെറിച്ച് ഓടിപ്പോകവേ പറയുവാന്‍ വിട്ടുപോയ പ്രധാനപ്പെട്ടതെന്തോ ഓര്‍ത്തെടുത്ത് അവള്‍ ഒന്ന് നിന്നു.മടങ്ങിവരുവാന്‍ തുനിഞ്ഞെങ്കിലും ആര്‍ത്തുവന്ന മഴ ജുവാനയെ അതിനനുവദിച്ചില്ല.മഴനൂലുകള്‍ക്കപ്പുറം അവന്റെ കണ്ണുകളില്‍ മഞ്ഞുപോലൊരു പ്രണയപുഞ്ചിരി സമ്മാനിച്ചുകൊണ്ട് നേര്‍ത്തു മനോഹരമായ പാദങ്ങളെ അതിവേഗം ചലിപ്പിച്ച് ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ അവള്‍ ബെര്‍നാല്‍ഡിനോയുടെ ഭവനത്തെ ലക്ഷ്യമാക്കി ഓടി. 




അതിശൈത്യത്തിലെ മഴ....മഞ്ഞും മഴയും മണ്ണില്‍ പുണര്‍മരുമ്പോള്‍ ചുറ്റും കരിമ്പിന്‍ തോട്ടങ്ങള്‍ പോലെ മുളച്ചുപൊങ്ങുന്ന ധൂപനാളങ്ങള്‍...അതിനുമപ്പുറം അകന്നുമറയുന്ന ജുവാന...സുഖകരമായ ഈ അസ്വസ്ഥാനുഭൂതിയെ തഴുകിയും തലോടിയും മഴ ഒന്നടങ്ങുവോളം കുതിരച്ചാണകം ഉണങ്ങിപ്പിടിച്ച ചുവരില്‍ പുറം ചാരിയിരുന്ന് ലൂയിസ് പ്രണയചിന്തകളില്‍ മുഴുകി.എത്ര സുഖപ്രദമായ നിമിഷങ്ങളില്‍ കൂടിയാണ് ജീവിതം  അലക്ഷ്യമായി ഒഴുകിനീങ്ങുന്നതെന്നോര്‍ത്ത് അയാള്‍ വിസ്മയിച്ചു.ഒരുകാലഘട്ടത്തില്‍ ബാലിശവികാരങ്ങളായി കരുതിപ്പോന്നിരുന്ന പ്രണയവും കാമവും ഇന്നിപ്പോള്‍ ഓരോനിമിഷവും അനേകായിരം പ്രാവശ്യം തന്നെ കീഴടക്കുന്നതോര്‍ത്ത് അയാള്‍ ലജ്ജിച്ചു.എങ്കിലും അതില്‍ അഭിമാനം കൊള്ളുകയുംചെയ്തു.മാന്യത അഭിനയിച്ചും ധീരത പ്രകടിപ്പിച്ചും ജുവാനയെ തന്നിലേക്ക് അടുപ്പിക്കുവാന്‍ നടത്തിയ വിഫല ശ്രമങ്ങളെക്കുറിച്ചും ലൂയിസ് മനനം ചെയ്തു.അന്നവള്‍ തന്നെ ഗൌനിച്ചിരുന്നത് പോലുമില്ല...പ്രണയ സാധ്യതയുടെ പ്രതീക്ഷയറ്റപ്പോള്‍ ജുവാനയില്‍ കല്പ്പിച്ചുപോന്നിരുന്ന മഹനീയ സങ്കല്‍പ്പങ്ങളും വിശുദ്ധ ആരാധനയും എല്ലാം വെടിഞ്ഞ് അവളെ ഒരു "പെണ്ണായി" കാണുവാന്‍ ലൂയിസ് ശീലിച്ചു തുടങ്ങി.നാവിലും കണ്ണിലും കാമം മാത്രം നിറച്ച് അവളോട്‌ ഇടപെട്ടു തുടങ്ങിയപ്പോള്‍ ആദ്യമായി അവള്‍ ലൂയിസിനെ നോക്കി പുഞ്ചിരിച്ചു.അവളുടെ സൌന്ദര്യത്തെ അളന്നാസ്വദിക്കുവാന്‍ ലഭിച്ച ഒരവസരവും ലൂയിസ് പാഴാക്കിയില്ല.സ്വന്തം കാഴ്ചപ്പാടില്‍ താന്‍ അവളോട്‌ ഏറ്റവും നിന്ദ്യമായാണ് പെരുമാറുന്നത് എന്ന കുറ്റബോധം ക്രമേണ ലൂയിസില്‍ ഉടലെടുത്തു.ഇക്കാര്യം തുറന്നു പറഞ്ഞപ്പോള്‍ അവള്‍ ആ പാപബോധത്തിന്‍റെ മുളയെ നുള്ളി ദൂരെയെറിഞ്ഞു. 




"ലൂയിസ് ..പുരുഷന്മാര്‍ ചെളിക്കുണ്ടാണ്...അവര്‍ അതിന് മുകളില്‍ പൂക്കള്‍ വിതറി ആകര്‍ഷകമാക്കുവാന്‍ ശ്രമിക്കുന്നു.ചുറ്റും വമിക്കുന്ന ദുര്‍ഗന്ധത്തെക്കുറിച്ച് തെല്ലും അവബോധമില്ലാത്ത പമ്പരവിഡ്ഢികള്‍.എന്നോടുള്ള നിന്റെ പെരുമാറ്റം കാമവെറി പൂണ്ടാതാണെന്നുള്ള തിരിച്ചറിവും ഈ ഏറ്റുപറച്ചിലുമെല്ലാം നല്ലത് തന്നെ... എങ്കിലും തിരുത്തുവാന്‍ മിനക്കെടേണ്ടതില്ല...അതില്‍ തന്നെ തുടരുക.ഏറ്റവും സത്യസന്ധവും സ്വാഭാവികവുമായ പുരുഷമാനോഭാവത്തെ നഷ്ടപ്പെടുത്താതിരിക്കൂ ...പ്രിയങ്കരനായ വിഷയലമ്പടാ "




കിഴവന്‍ ലോപ്പസിന്റെ മരണശേഷം ബെര്‍നാല്‍ഡിനോയുടെ ഭൃത്യപദവി ഉപേക്ഷിച്ചു പോകുവാന്‍ തീരുമാനിച്ച ലൂയിസിനെ വീണ്ടും അവിടെ കെട്ടിയിട്ടത് ജുവാനയുടെ ഈ വാക്കുകളും അവളുടെ തീക്ഷ്ണസൌന്ദര്യത്തിന്മേലുള്ള അവന്റെ ആസക്തിയുമായിരുന്നു.ലോപ്പസിന്റെ മരണം മാസങ്ങളോളം ലൂയിസിന്റെ ഉറക്കം കെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആ അസ്വാഭാവിക മരണമോ അതിന്റെ പിന്നിലെ ദുരൂഹതയോ ലൂയിസിനെ വേട്ടയാടിയിരുന്നില്ല.ജുവാനയുടെ സാമീപ്യം അവനില്‍ അത്രയ്ക്കും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായിരുന്നു.എങ്കിലും താക്കീതിന്റെ സ്വരത്തില്‍ ജുവാന പറഞ്ഞ ഒരൊറ്റ വാചകം അവന്റെ സ്വാസ്ഥ്യം കെടുത്തി ... "നീ ഇങ്ങനെ ഓരോന്നൊക്കെ വിളിച്ചു കൂവി ബെര്‍നാല്‍ഡിനോയുടെ അപ്രീതി സമ്പാദിക്കരുത്‌...കിഴവന്‍ ലോപ്പസിന്റെ ഗതി നീ മറന്നിട്ടില്ലല്ലോ ?"




          പെയ്തു കുതിര്‍ന്ന തണുത്ത സായാഹ്നത്തില്‍ പ്രണയ ചിന്തകള്‍ സമ്മാനിച്ച സുഖകരമായ ഉറക്കത്തില്‍ നിന്നും അസ്വസ്ഥത നിറഞ്ഞ ഈ ആശങ്കകളിലേക്കാണ് ലൂയിസ് ഉറക്കമുണര്‍ന്നത്.മഴ പാടെ നിലച്ചിരുന്നു.അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ ചീവീടുകളും മറ്റു ബഹളക്കാരുമെല്ലാം മുങ്ങിച്ചത്തു പോയിരുന്നിരിക്കണം.ഇരുണ്ട ആകാശത്തില്‍ ഒരു തുണ്ടുവെളിച്ചത്തിന്റെ നിഴല്‍പ്പാട് മാത്രം.ഇലക്കൂമ്പുകളില്‍ ഉരുണ്ടുകൂടിയ നീര്‍ക്കണങ്ങള്‍ താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് പതിക്കുന്ന താളാത്മകമായ ശബ്ദം.ആ ശബ്ദം അശുഭകരമായതെന്തോ സംഭവിക്കുവാന്‍ പോകുന്നുവെന്ന് തന്നോട് മന്ത്രിക്കുന്നതായി ലൂയിസിന് തോന്നി...സന്ധ്യാ സമയത്തെ ഉറക്കം സമ്മാനിച്ച അകാരണമായ വിഷാദലക്ഷണങ്ങള്‍ തന്നെ വലയ്ക്കുകയാണല്ലോ എന്ന് ചിന്താഭാരത്തോടെ അവന്‍ ജോലികളില്‍ കൂടുതലായി വ്യാപൃതനാകുവാന്‍ ശ്രമിച്ചു...എങ്കിലും കിഴവന്‍ ലോപ്പസിനെ പെട്ടെന്നങ്ങ് മനസ്സില്‍ നിന്നും പിഴുതു എറിയുവാന്‍ ലൂയിസിന് സാധിച്ചില്ല.  





ജുവാനയും മറ്റു ഭ്രുത്യരും വരുന്നതിനും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബെര്‍നാല്‍ഡിനോയ്ക്ക് ഒപ്പം ലൂയിസ് ഉണ്ടായിരുന്നു.കൃത്യമായി പറഞ്ഞാല്‍ ചൂതുകളിയില്‍ നിന്നും സ്ത്രീ ഇടപാടുകളില്‍ നിന്നും ലാഭം കൊയ്ത് ബെര്‍നാല്‍ഡിനോ  ഒറ്റക്കുതിരയെ പൂട്ടുന്ന കുതിരവണ്ടി വാങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ.പ്രഭുക്കന്മാരുമായി നടത്തിയിരുന്ന ഇടപാടുകളില്‍ അയാള്‍ അതീവ രഹസ്യ സ്വഭാവം പുലര്‍ത്തിയിരുന്നു.സന്തത സഹചാരിയും വിശ്വസ്തനുമായ കിഴവന്‍ ലോപ്പസുമായി മാത്രമേ അന്നൊക്കെ അയാള്‍ സംസാരിച്ചിരുന്നത് പോലുമുള്ളൂ.കാഴ്ചയില്‍ ലോപ്പസ് ഒത്ത ഉയരമുള്ള ഉടയാത്ത വസ്ത്രം ധരിക്കുന്ന മാന്യവയോദ്ധികനാണെങ്കിലും പൊതുവേ അന്തര്‍മുഖനായിരുന്നു. സ്ത്രീകളുമായി നോട്ടം കൊണ്ടുപോലും ബന്ധപ്പെടരുതെന്ന കാര്‍ക്കശ്യം പുലര്‍ത്തുന്ന തനിമുരടന്‍. വിരളമായെ മാത്രമേ ലോപ്പസിനെ വീടിനു വെളിയില്‍ കണ്ടിട്ടുള്ളൂ. യജമാനനൊപ്പം ഒരിക്കല്‍ ട്രുജിലോയില്‍ നിന്നുള്ള ഒരു മടക്കയാത്രയിലാണ് ലൂയിസ് ആദ്യമായി അയാളെ ഒന്നടുത്തു കണ്ടതും പതിഞ്ഞു ചിലമ്പിച്ച  ശബ്ദം കേട്ടതും.അതാകട്ടെ ...ക്ഷീണിച്ച ഒരു ശകാരം  




"വല്ലാത്ത തണുപ്പുണ്ട് ...നീ അവറ്റകളുടെ പുറം തല്ലിപ്പൊളിക്കേണ്ട ആവശ്യമില്ല ...സാവധാനം പോയാല്‍ മതി"




കുതിരയെ നിയന്ത്രിച്ചു വേഗത കുറച്ചപ്പോള്‍ അവരുടെ സംസാരം കുറച്ചുകൂടി വ്യക്തമായി ലൂയിസ് കേട്ടു.തുടക്കത്തില്‍ ചെവി  കൊടുത്തില്ലെങ്കിലും അത് വെറും സംഭാഷണമല്ലെന്നും അവര്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കമാണ് നടക്കുന്നതെന്നും തോന്നി.മനുഷ്യ സഹജമായ ജിജ്ഞാസയില്‍ ലൂയിസ് അവര്‍ക്കിടയിലേക്ക് തന്‍റെ കാത് തിരുകി.വ്യാപാര വിഷയമായതിനാല്‍ കൂടുതലൊന്നും മനസിലായതുമില്ല. എങ്കിലും ബെര്‍നാല്‍ഡിനോയെ കിഴവന്‍ ലോപ്പസ് പുലഭ്യം പറയുന്നതും എന്തോ ഇടപാടില്‍ നിന്നും പിന്മാറുവാന്‍    നിരന്തരം നിര്‍ബന്ധിക്കുന്നതായും ലൂയിസിന് തോന്നി.അവരുടെ സംഭാഷണം താന്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് ബെര്‍ നാല്‍ഡിനോയെ ധരിപ്പിക്കുവാന്‍ ലൂയിസ് ഇടയ്ക്കിടെ കുതിരയെ ശകാരിക്കുകയും പ്രഹരിക്കുകയും ചെയ്തു.വേഗത കൂടുമ്പോഴെല്ലാം തികച്ചും അക്ഷോഭ്യനായി ലോപ്പസ് ആവര്‍ത്തിച്ചു.




"നീ അവറ്റകളുടെ പുറം തല്ലിപ്പൊളിക്കേണ്ട...സാവധാനം പോയാല്‍ മതി"-തങ്ങളുടെ സംഭാഷണത്തിന് ഒരു ശ്രോതാവിനെ സൃഷ്ടിക്കുവാനുള്ള കിഴവന്‍ ലോപ്പസിന്‍റെ കൌശലബുദ്ധി അന്ന് ലൂയിസിന് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല.




കുതിരയെ ലായത്തില്‍ പൂട്ടി അവറ്റകള്‍ക്ക് തീറ്റയും കൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.ആ കൊടുംതണുപ്പിലും പൂന്തോട്ടത്തിന് മുന്‍പിലെ ബിര്‍ച്ച് മരച്ചുവട്ടില്‍ ബെര്‍നാല്‍ഡിനോ കിഴവന്‍ ലോപ്പസിനെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നതും ശബ്ദം താഴ്ത്തി സംസാരിക്കുവാന്‍ അപേക്ഷിക്കുന്നതും കണ്ടു.ഈ സംഭവത്തിനു ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോപ്പസിന്റെ സ്വഭാവത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമായി. അധികസമയവും അയാള്‍ വീടിനു പുറത്ത് ചിലവഴിച്ചു. അന്തര്‍മുഖനായ ലോപ്പസ് മറ്റു ഭൃത്യരോട് കൂടുതലായി ഇടപഴകിത്തുടങ്ങി.തന്‍റെ മുറിയിലെ ജനാലയ്ക്ക് ഒട്ടും കനമില്ലാത്ത നേര്‍ത്ത കര്‍ട്ടന്‍ പിടിപ്പിക്കുകയും മേശ അതിനോട് ചേര്‍ത്തിടുകയും ചെയ്തു. ഒരു കൊഴുപ്പ് വിളക്ക് നിത്യവും പുലരുവോളം ആ മുറിയില്‍ ഇടമുറിയാതെ തെളിഞ്ഞു നില്‍ക്കുന്നത് ഭൃത്യരുടെ ലായങ്ങളില്‍ നിന്നുപോലും വ്യക്തമായി കാണാമായിരുന്നു.




      ലോപ്പസ് കൂടുതല്‍ സുതാര്യനാകുവാന്‍ ശ്രമിക്കുന്നതുപോലെയോ ആരേയൊക്കെയോ ഭയപ്പെടുന്നതുപോലെയോ ലൂയിസിന് തോന്നി.പക്ഷെ അന്ന് അതത്ര കാര്യമായി എടുത്തില്ല.ഈ സംഭവങ്ങള്‍ക്കുശേഷം ഏതാണ്ട് ഒരുമാസം കൂടി പിന്നിട്ടപ്പോള്‍ തന്‍റെ സുഹൃത്തുക്കള്‍ക്കും പ്രഭുക്കന്മാര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കുമായി ബെര്‍നാല്‍ഡിനോ ഒരു രാത്രികാല വിരുന്നു സംഘടിപ്പിച്ചു. പുലരുവോളം നീണ്ട ആഘോഷങ്ങള്‍ക്കിടയില്‍ എപ്പോഴോ കിഴവന്‍ ലോപ്പസിന്റെ മുറിയിലെ നാളം അണഞ്ഞു.പിറ്റേന്ന് രാവിലെ വിരുന്നുകാര്‍ പിരിഞ്ഞപ്പോള്‍ ബെര്‍നാല്‍ഡിനോ  ഭൃത്യരെ ഒന്നടങ്കം വിളിച്ചുകൂട്ടി ദുഖകരമായ ഒരു വാര്‍ത്ത അറിയിച്ചു.




"വിരുന്നില്‍ അമിതമായി മദ്യപിച്ച നമ്മുടെ പ്രിയങ്കരനായ ലോപ്പസ് ഇന്ന് പുലര്‍ച്ചെ കുഴഞ്ഞുവീണ് മരിച്ചു.ദയവായി അദ്ദേഹത്തിന്‍റെ അന്ത്യകര്‍ങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാലും"




അന്ത്യശുശ്രൂഷകള്‍ക്കായി ട്രുജിലോയില്‍ നിന്നും ഫാദര്‍ വെസാല്‍കോയെ അയാള്‍ഇടപാടാക്കി.കൂട്ടിക്കൊണ്ടുവരുവാനുള്ള ചുമതല ലൂയിസിനായിരുന്നു.

                                                                                       NEXT CHAPTER                                                                                                                      

                                                                                               

മാര്‍ക്കോ പോളോ എന്ന നിഗൂഡ മനുഷ്യന്‍

എ .ഡി 1 6 3 2 -നോവല്‍ 

ഭാഗം 1 

അദ്ധ്യായം 4 മാര്‍ക്കോ പോളോ എന്ന നിഗൂഡ മനുഷ്യന്‍   

 



അലസതയും സുഖലോലുപതയും മത്സരിച്ച് ദാരിദ്രമാക്കിയ ഒരുവന്റെ അതിജീവന സാധ്യതകളായിരുന്നു ഗോണ്‍സാലസിന്റെ ജീവിതത്തിലെ പിന്നീടുള്ള ഒന്നര വര്‍ഷങ്ങള്‍.ഒട്ടും അതിഭാവുകത്വമില്ലാത്ത തികച്ചും സ്വാഭാവികമായ പരിണാമങ്ങൾ.പള്ളിയില്‍ നിന്നും അപഹരിച്ച വീഞ്ഞും അപ്പക്കഷണങ്ങളുമായി തുടങ്ങിയ പ്രയാണം ഗോണ്‍സാലസിനെ ഏതറ്റംവരെ കൊണ്ടുചെന്നെത്തിച്ചു എന്നത് മനസിലാക്കുമ്പോള്‍ വാര്‍ദ്ധക്യത്തില്‍ അയാള്‍ക്ക്‌ സംഭവിച്ച മതിഭ്രമത്തിനുള്ള കാരണവും ഏറെക്കുറെ വ്യക്തമായേക്കും.അതിശയിപ്പിക്കുന്ന ബന്ധുത്വങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്,മുന്‍കൂട്ടി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഭാവിയിലേക്ക് മനുഷ്യനെ സാവധാനം കൊണ്ടുചെന്നെത്തിക്കുന്ന കൌശലക്കാരന്റെ ചില വികൃതികൾ..




   തന്റെ അവശേഷിക്കുന്ന സമ്പാദ്യമായ വരണ്ടുണങ്ങിയ ഭൂമിയില്‍ പലകയും പുല്ലും  കുഴച്ച മണ്ണും ചേർത്ത് ഗോണ്‍സാലസ് ഒരു വീട് തല്ലിക്കൂട്ടി.ആട്ടിൻ കൂടിനേക്കാൾ അല്പ്പം പോലും മേന്മ അവകാശപ്പെടുവാനില്ലാത്തതെങ്കിലും ആ കൂര വെയിലിൽ നിന്നും മഴയില്‍ നിന്നും ഭാഗികമായ സംരക്ഷണം നല്കി.ചാറ്റ മഴയിലും കോടമഞ്ഞിലും  കുതിർന്നു വിറച്ചപ്പോൾ മേൽക്കൂരയിലെ വിടവുകൾ അടയ്ക്കുവാനും ജനാലയ്ക്ക് പാളികൾ പിടിപ്പിക്കുവാനും അയാൾ വൈദഗ്ദ്ധ്യം നേടി.വിരളമായി  പുകയുന്ന അടുപ്പും വളഞ്ഞ വിറകുകമ്പുകൾക്ക് മുകളിൽ പലകയടിച്ച വിലക്ഷണം പിടിച്ച ഒരു മേശയും കൊണ്ട് അയാൾ തന്റെ ഭവനത്തെ സമ്പന്നമാക്കി.കെണി വെച്ചു പിടിച്ച മുയലിറച്ചി ഉപ്പുചേർത്ത് ചുട്ടു ഭക്ഷിച്ചു. അവറ്റകളുടെ തവിട്ടു കലർന്ന വെളുത്ത തോല് ഉണക്കിയെടുത്ത് കയ്യുറകളും തൊപ്പിയും കോളറുകളും ഉണ്ടാക്കി.ചന്തയിൽ ഒരു മൂല സ്വന്തമാക്കി തന്റെ അദ്ധ്വാനം വിൽപ്പനയ്ക്ക് നിരത്തി. തുടക്കത്തിൽ പരാജമായിരുന്നെങ്കിലും പിന്നീട് പുരോഗമിച്ചു.യഥാർത്ഥത്തിൽ അവ കാഴ്ചയിൽ മനോഹരമായിരുന്നെങ്കിലും തീർത്തും പരുക്കനും മാംസത്തിന്റെ അഴുകിയ ദുർഗന്ധം പരത്തുന്നതുമായിരുന്നു.എങ്കിലും സ്ത്രീകൾ അതിൽ ആകൃഷ്ടരായി...ഉടയാത്ത മാറും ഇടുങ്ങിയ അരക്കെട്ടും കൊതിപ്പിക്കുന്ന നിതംബവുമുള്ള ചെറുപ്പക്കാരികളായിരുന്നു ഭൂരിഭാഗവും.അവര്‍ ഗോണ്‍സാലസിനെ പ്രണയപൂര്‍വ്വം വീക്ഷിച്ചു.വിരിഞ്ഞ മാറും ഉയര്‍ന്ന ചുമലുകളും കറുത്ത് തിളങ്ങുന്ന കുറ്റിരോമങ്ങള്‍ നിറഞ്ഞ കീഴ്ത്താടിയും ഗോണ്‍സാലസിന് ഒരു യോദ്ധാവിന്റെ പരിവേഷം നല്‍കി.അയാള്‍ വില്‍പ്പനയ്ക്ക് നിരത്തുന്നതോ ...വേട്ടയാടിപ്പിടിച്ച മൃഗത്തോലുകളും.മിതഭാഷിയും ഗൌരവ പ്രകൃതക്കാരനുമായ ഗോണ്‍സാലസിൽ നിന്നും ഒരു പുഞ്ചിരി നേടുവാൻ ഗവർണ്ണറുടെ രണ്ടാം ഭാര്യ പറഞ്ഞ കാമാതുര ഫലിതങ്ങളും  സര്‍ജ്ജന്റിന്റെ സഹോദരി തന്റെ വിലപിടിപ്പുള്ള കുപ്പായത്തിൽ മുയൽ രോമം കൊണ്ടുള്ള കോളർ പിടിപ്പിക്കുവാനെന്നവണ്ണം അയാൾക്ക്‌ മുന്നില് കുടുക്കഴിച്ച് മുലവെട്ട് പ്രദർശിപ്പിച്ചതുമെല്ലാം  ട്രുജിലോയിൽ ചര്‍ച്ചാവിഷയമായി.അങ്ങനെ കച്ചവടം ഏറെക്കുറെ പുരോഗമിക്കവേ ദൌര്‍ഭാഗ്യം കൌശലക്കാരനായ ബെർനാൽഡിനോയുടെ രൂപത്തില്‍ ഒരിക്കൽ കൂടി ഗോണ്‍സാലസിനെ തേടിയെത്തി. ഭൂമിയിടപാടിൽ കബളിക്കപ്പെട്ട വസ്തുത പാടേ മറന്ന് ട്രുജിലോയിലെ തന്റെ പ്രഥമ സുഹൃത്ത് എന്ന   എല്ലാവിധ പരിഗണനയോടും കൂടി ഗോണ്‍സാലസ് അയാളെ സ്വീകരിച്ചു.ഒലീവ് എണ്ണയിൽ വറുത്ത പന്നിയിറച്ചിയും തരക്കേടില്ലാത്ത മദ്യവും വിളമ്പി അയാളെ സൽക്കരിച്ചു. സംസാരമധ്യേ താൻ ഗോണ്‍സാലസിനുവേണ്ടി ആവിഷ്കരിച്ച പുതിയ പദ്ധതിയെക്കുറിച്ച് അയാൾ വാചാലനായി. 




"ഇതൊരു യാദിര്‍ശ്ചികമായ സൌഭാഗ്യമാണ് ചങ്ങാതീ ...താങ്കള്‍ മാര്‍ക്കോ പോളോയെ ക്കുറിച്ച് കേട്ടിട്ടുണ്ടോ ?"




അലക്ഷ്യമായി തോളുകള്‍ ചലിപ്പിച്ച് മറുപടിയെ നിരുല്‍സാഹപ്പെടുത്തിക്കൊണ്ട് ബെര്‍നാല്‍ഡിനോ തുടര്‍ന്നു..




"സാഹസിക യാത്രകളും സമുദ്ര പര്യവേക്ഷണങ്ങളും മാര്‍ക്കോ പോളോയ്ക്ക് സമ്മാനിച്ച പണവും പ്രശസ്തിയും സംബന്ധിച്ച് ഇനിയും   താങ്കള്‍ക്ക് കേട്ടുകേള്‍വി പോലുമില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.സര്‍പ്പ സുന്ദരിമാരും മൂന്നു മുലകളുള്ള കാമിനിമാര്‍ക്കുമൊപ്പം അയാള്‍ നടത്തിയ രതിക്രീഡകളെക്കുറിച്ചും  അയാളുടെ വാള്‍ത്തലപ്പിന്റെ മൂര്‍ച്ചയെക്കുറിച്ചും മാത്രമേ നിങ്ങള്‍ ചെറുപ്പക്കാര്‍ കേട്ടിരിക്കുവാനിടയുള്ളൂ ...അതൊക്കെ സത്യം തന്നെ .എങ്കിലും മാര്‍ക്കോ പോളോ കടലില്‍ മുക്കിയ നാല്‍പ്പത്തി നാല് കപ്പലുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?" 




പൊരിച്ച പന്നിത്തുട ആര്‍ത്തിയോടെ കടിച്ചു വലിച്ച്,പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് ഗ്ലാസിലെ മദ്യം അയാള്‍ മൊത്തിക്കുടിച്ചു.മദ്യ ഘോഷയാത്രയില്‍ അയാളുടെ തൊണ്ടക്കുഴിയിലൂടെ പന്നിത്തുട കീഴ്പ്പോട്ടിറങ്ങുന്നത് ഗോണ്‍സാലസ് കൌതുകത്തോടെ വീക്ഷിച്ചു.ചത്തു ചീര്‍ത്ത കുറെ ആമകള്‍ വെള്ളച്ചാട്ടത്തില്‍ ഒന്നിന് പുറകെ ഒന്നായി താഴേക്ക് പതിക്കുന്നതുപോലെയായിരുന്നത്.ഒരു ചൊറിയന്‍ തവള പോലും തീന്മേശയില്‍ ഇത്ര അറപ്പുളവാക്കില്ലല്ലോ എന്ന് ഗോണ്‍സാലാസ് ചിന്തിച്ചു.എന്നാല്‍ തീന്മേശയിലെ നിരീക്ഷണ സ്വഭാവം മാന്യനായ ഒരു ആതിഥേയന് ഒട്ടും ചേര്‍ന്നതല്ല എന്ന തിരിച്ചറിവില്‍ തന്‍റെ മോശമായ പെരുമാറ്റത്തില്‍ ഗോണ്‍സാലസിന് ജാള്യത തോന്നികയും അത് മറച്ചു വെക്കുവാനെന്നവണ്ണം കൃത്രിമമായ ജിജ്ഞാസയോടെ ബെര്‍ നാല്‍ഡിനോയെ ഒന്ന് സന്തോഷിപ്പിക്കുവാന്‍  വേണ്ടി മാത്രം തനിക്ക് അറിവോ താല്‍പ്പര്യമോ ഇല്ലാത്ത വ്യക്തിയെക്കുറിച്ച് അയാള്‍ ഇങ്ങനെ ചോദിച്ചു ..




"ഓഹ്..മഹത്തരം തന്നെ...തീര്‍ച്ചയായും നിങ്ങളുടെ ആ ചങ്ങാതിയെ പരിചയപ്പെടുവാന്‍ എനിക്ക് ആഗ്രഹമുണ്ട് "




കുറച്ചു സമയത്തെ നിശബ്ദത ...പന്നിമാംസത്തെ വിട്ട്  ബെര്‍നാല്‍ഡിനോയുടെ ചുണ്ടും കണ്ണുകളും വിടര്‍ന്നു വികസിച്ചു.വ്യക്തമായ അമ്പരപ്പ്..തൊട്ടടുത്ത അടുത്ത നിമിഷം ഉറക്കെ ഒരു പൊട്ടിച്ചിരി...ഉമ്മിനീരില്‍ കുതിര്‍ന്ന മാംസവും മദ്യവും മേശപ്പുറത്തും ഗോണ്‍ സാലസിന്റെ മുഖത്തും ചിതറി.ചിരിച്ചും ചുമച്ചും നെറുകയില്‍ കയറിയ എരിവ് ബെര്‍നാല്‍ഡിനോയെ വല്ലാതെ ബുദ്ധിമുട്ടിച്ചു.വയറു പൊട്ടും വിധം അയാള്‍ വെള്ളം കുടിച്ചു. ചിരിയടങ്ങിയപ്പോള്‍ അമ്പരന്നു കുപിതനായിരിക്കുന്ന ഗോണ്‍സാലസിന് അരുകിലെത്തി വൃത്തിയുള്ള മഞ്ഞ കൈലെസുകൊണ്ട് അയാളുടെ മുഖത്തു തെറിച്ച ഭക്ഷണ ശകലങ്ങള്‍ സാവധാനം തുടച്ചു മാറ്റി.ചിരിയടക്കി മേശ വൃത്തിയാക്കി.ഒരു ചുരുട്ട് കത്തിച്ച് രണ്ട് പുകയെടുത്തശേഷം അത് ഗോണ്‍സാലസിന് നല്‍കി.രംഗം ശാന്തമായപ്പോള്‍ ഒരു കസാല വലിച്ച് ഗോണ്‍സാലസിന് അഭിമുഖമായിട്ട് സംസാരിച്ചു തുടങ്ങി.




"ചങ്ങാതീ...ഒന്നുകില്‍ നിങ്ങള്‍ വിഡ്ഢികളുടെ രാജാവായിരിക്കുക അല്ലെങ്കില്‍ കോമാളികളുടെ ദാസനായിരിക്കുക...മാര്‍ക്കോ പോളോ മരിച്ചു മണ്ണായിട്ട് നൂറ്റാണ്ട് രണ്ട്  കഴിഞ്ഞു.ഇനി നിങ്ങളെ പരിചയപ്പെടുത്തുവാന്‍ അയാളുടെ തുടയെല്ല് പോലും ബാക്കിയുണ്ടാവില്ല".




ഗോണ്‍സാലസിന്റെ ജാള്യത തെല്ലും വകവെയ്ക്കാതെ അയാള്‍ ഗൌരവത്തോടെ തുടര്‍ന്നു.




"സംഗതി അതൊന്നുമല്ല.മടക്ക യാത്രയില്‍  നാല്‍പ്പത്തി നാല് കപ്പലുകളില്‍ നിറച്ച അളവറ്റ സമ്പത്ത് അയാള്‍ കടലില്‍ മുക്കി.കാര്യങ്ങള്‍ അല്‍പ്പം വിശദമായി തന്നെ ഞാന്‍ പറയാം ..കേട്ടോളൂ ...സമുദ്ര പര്യവേക്ഷണ യാത്രകളില്‍ തല്‍പ്പരനായ മാര്‍ക്കോ പോളോ ചിറകുള്ള മനുഷരുടെ നാട്ടിലും സ്വര്‍ണ്ണപ്പൂക്കള്‍ ഇതളുകള്‍ നുള്ളി രസിക്കുന്ന കുരുടന്മാരുടെ രാജ്യവും കടന്ന്‍ പുരുഷന്മാരെ കണ്ടിട്ടില്ലാത്ത വജ്രമഴ പെയ്യുന്ന നഗ്ന സുന്ദരികളുടെ നാട്ടിലെത്തി.അതീവ സുന്ദരികളായ സ്ഥൂലനിതംബിനികളെ കണ്ട കാമാര്‍ത്തരായ അനുയായികള്‍ അവരെ ബലാല്‍ക്കാരമായി ഭോഗിച്ചു.എന്തായാലും ആ ഏര്‍പ്പാട് അവര്‍ക്ക് നന്നേ ബോധിച്ചു.അങ്ങനെ അവര്‍ മാര്‍ക്കോ പോളോയുമായി ഒരു വ്യാപാര ഉടമ്പടിയിലെത്തി...ഓരോ അനുയായിയും നടത്തുന്ന ഭോഗ ഇടപാടിന്റെ വിലയായി ഓരോ വജ്ര മഴയുടെ അവകാശം മാര്‍ക്കോ പോളോയ്ക്ക് നല്‍കപ്പെട്ടു.അങ്ങനെ മൂന്നു വര്‍ഷം കൊണ്ട് ആയിരത്തി അറുനൂറു മഴയുടെ അവകാശം  പോളോയ്ക്ക് സിദ്ധിച്ചു.അതെലാം മുപ്പതു കപ്പലുകളിലായി നിറച്ചു.അവസാനം ആ നാട്ടില്‍ നിന്നും മടങ്ങുമ്പോള്‍ മൂന്നു ചെറുപ്പക്കാരെ അവര്‍ക്ക് സമ്മാനിച്ചത്‌ വഴി പാരിതോഷികമായി പതിനാലു കപ്പലുകള്‍ നിറയെ സൂര്യനില്‍ നിന്നും അടര്‍ന്നു വീണ പ്രകാശക്കട്ടകളെ ഉരച്ചു മിനുക്കിയ വജ്രങ്ങള്‍ വേറെയും. അവിടെനിന്നും പോളോയും പരിവാരങ്ങളും പോയത് കുറുങ്കണ്ണന്‍മാരുടെ  നാട്ടിലേക്കാണ്.കുറെ വര്‍ഷങ്ങള്‍ അവിടെ താമസിച്ച ശേഷം ഭാരിച്ച സ്വത്തുമായി കുടിച്ചും കൂത്താടിയും അയാള്‍ ജന്മ നാട്ടിലേക്ക് മടങ്ങി.വിവിധ രാജ്യങ്ങളില്‍  നിന്നുമായി ഇരുനൂറ്റി അറുപത്തിനാല് പെണ്‍കൊടികള്‍ മാര്‍ക്കോ പോളോയ്ക്ക് മാത്രമായിട്ടുണ്ടായിരുന്നു.അതില്‍ ചിറകുള്ള  ഒന്‍പതു സുന്ദരികളും. നാട്ടില്‍ കാലുകുത്തിയ മാര്‍ക്കോ പോളോയെ എതിരേറ്റത്‌ കലുഷിതമായ ആഭ്യന്തര കലാപമായിരുന്നു.ചുരുക്കത്തില്‍, വന്നിറങ്ങി രണ്ടാം നാള്‍ അയാള്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു.ഈ വിഷയം രഹസ്യ ദൂതന്‍ വഴി തന്‍റെ ആജീവനാന്ത സമ്പത്തുമായി പിന്നാലെ എത്തിക്കൊണ്ടിരിക്കുന്ന അനുയായികളെ അറിയിക്കുവാനുള്ള സാമാന്യ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു.അങ്ങനെ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ക്യാപ്റ്റന്‍ ആന്റോണിയോ പോളോ നാല്‍പ്പത്തി നാല് കപ്പലുകളെ പിന്നിലേക്ക് നീക്കി.ഇരുപത്തിരണ്ടു ദിവങ്ങളുടെ ഇടവേളകളിലായി കപ്പലുകള്‍ ഒന്നൊന്നായി കടലില്‍ മുക്കി. ചിറകുള്ള ഒന്‍പതു സുന്ദരിമാരും എങ്ങോട്ടോ പറന്നു പോയി.ബാക്കിയുള്ളവര്‍ മീനിനു തീറ്റയായി...മഴമുത്തുകള്‍ മാത്രം പേടകങ്ങളില്‍ കടലിന്റെ അടിത്തട്ടില്‍ വിശ്രമിച്ചു. അവസാന കപ്പലില്‍ കുത്തി നിറയ്ക്കാവുന്നത്ര സമ്പത്തുമായി ഒന്‍പതു മാസത്തിനു ശേഷം ക്യാപ്റ്റന്‍ ആന്റോണിയോ പോളോ തീരം അണഞ്ഞു. അപ്പോഴേക്കും ആഭ്യന്തരകലാപം കഴിഞ്ഞ് മാര്‍ക്കോ പോളോ സ്വതന്ത്രനാക്കപ്പെട്ടു കഴിഞ്ഞിരുന്നു.ശേഷിച്ച ഒരു കപ്പല്‍ സമ്പാദ്യം ആന്റോണിയോ തന്‍റെ യജമാനന് കൈമാറി .അങ്ങനെ മാര്‍ക്കോ പോളോ ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ച സമ്പന്നനായി മാറി "




ബെര്‍നാല്‍ഡിനോ തന്‍റെ ദീര്‍ഘമായ സംഭാഷണത്തിനു ഇടവേള നല്‍കിക്കൊണ്ട് മൊരിച്ച പന്നിയുടെ ഉദരത്തില്‍ നിന്നും മാംസളമായ ഭാഗം അടര്‍ത്തിയെടുത്ത്  സാവധാനം ഭക്ഷിച്ചു തുടങ്ങി.ഗോണ്‍സാലസില്‍ നിന്നും സ്വാഭാവികമായ ഒരു സംശയം പ്രതീക്ഷിച്ചു കൊണ്ട് തന്നെ ....




"അപ്പോള്‍ ആ നാല്‍പ്പത്തിനാല് കപ്പലുകള്‍ ?"




"അതെ ...ആ നാല്‍പ്പത്തി നാല് കപ്പലുകള്‍ ....ഇനി അതെക്കുറിച്ച് സംസാരിക്കാം"




ക്യാപ്റ്റന്‍ ആന്റോണിയോ പോളോയെ മാര്‍ക്കോ പോളോ പാടെ വിസ്മരിച്ചു. എഴുപതാമാത്തെ വയസ്സില്‍ മരണമടയും വരെ തന്‍റെ നഷ്ടപ്പെട്ട നാല്‍പ്പത്തി നാല് കപ്പലുകളെ പ്രതി മാര്‍ക്കോ പോളോ ദുഖിച്ചില്ല.കാരണം ഒരൊറ്റ കൊച്ചുകപ്പല്‍ സമ്മാനിച്ച സുഖലോലുപതയില്‍ തന്നെ അയാള്‍ എല്ലാം വിസ്മരിച്ചു പോയിരുന്നു.ആന്റോണിയോ പോളോയാകട്ടെ  പട്ടിണി ദ്വീപില്‍ വെച്ച് വസൂരി പിടിപെട്ട് മരണപ്പെടുകയും ചെയ്തു.പിന്നീട് തീരം അണഞ്ഞവര്‍ക്ക് കപ്പലുകള്‍ മുക്കിയ സ്ഥാനം സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു.അവരില്‍ ഏറിയപങ്കും തുഴച്ചില്‍ക്കാരും കുടിയന്മാരായ നാവികരും ആയിരുന്നു.അങ്ങനെ ആ നാല്പ്പത്തിനാല് കപ്പലുകള്‍ അളവറ്റ സമ്പത്തിന്റെ ഭാരവും ചുമന്ന് ഇന്നും കടല്‍ത്തട്ടില്‍ വിശ്രമിക്കുന്നു.  




ഗോണ്‍സാലസിന്റെ വിരലുകള്‍ക്കിടയില്‍ എരിഞ്ഞു തീരാറായ ചുരുട്ടിനെ ബെര്‍നാല്‍ഡിനോ തട്ടി താഴെയിട്ടു.ഒരു കൊച്ചു കുട്ടിയെപ്പോലെ വിസ്മയിച്ചു നിന്ന ഗോണ്‍സാലസിനെ നോക്കി അയാള്‍ തുടര്‍ന്നു.




"ഇതെല്ലാം പഴങ്കഥ.ഇനി നമുക്ക്  നമ്മുടെ ഇടപാടിലേക്ക് വരാം.ഞാന്‍ നിന്നെ ക്യാപ്റ്റന്‍ വെനേറിയോ പോളോയ്ക്ക് പരിചയപ്പെടുത്തും.പ്രതിമാസം നിനക്ക് ഇരുപതിനായിരം പെസോ പ്രതിഫലം...എന്താ തയ്യാറാണോ?"




ഗോണ്‍സാലസിന് ശബ്ദം പുറത്തേക്ക് വന്നില്ല ...അയാള്‍ തുറിച്ച കണ്ണുകളോടെ തല കുലുക്കി സമ്മതം അറിയിച്ചു.




"എങ്കില്‍ അതേ മാര്‍ക്കോ പോളോയുടെ വിശ്വസ്തനായിരുന്ന അന്റോണിയോ പോളോ യുടെ നാലാം തലമുറക്കാരന്‍ ക്യാപ്റ്റന്‍ വെനേറിയോ പോളോ താങ്കളെ ഒപ്പംകൂട്ടുവാന്‍ ഇഷ്ടപ്പെടുന്നു.ഒന്നരമാസത്തിനുളില്‍ ഒരു സമുദ്രയാത്രയ്ക്ക് തയ്യാറെടുത്തുകൊള്ളൂ...മാര്‍ക്കോ പോളോയുടെ നാല്‍പ്പത്തിനാല് കപ്പലുകള്‍ മുങ്ങിയ അതേ കപ്പല്‍ച്ചാലിലൂടെ ആഴക്കടലില്‍ വിശ്രമിക്കുന്ന മുത്തുപേടകങ്ങളെ തേടിയുള്ള ഒരു യാത്ര....പ്രതിമാസം ഇരുപതിനായിരം പെസോ പ്രതിഫലം"     

                                                                                                           
                                                                            
                                                             NEXT CHAPTER  
  

                  

പദ്ധതികള്‍ വ്യക്തമാണ്..നിഗൂഡവുമാണ്

എ .ഡി -1 6 3 2 (നോവല്‍ )

ഭാഗം 1
അദ്ധ്യായം 3
പദ്ധതികള്‍ വ്യക്തമാണ് ...നിഗൂഡവുമാണ്  

     മേല്‍ക്കൂരയില്‍ മഴത്തുള്ളികള്‍ ചാടിത്തിമിര്‍ക്കുന്ന ശബ്ദ കോലാഹലങ്ങളും ചുവരുകള്‍ക്ക് താഴെ ഉടഞ്ഞു ചിതറിയ മുട്ടകളെ നോക്കി വിലപിക്കുന്ന നനഞ്ഞു കുതിര്‍ന്ന ഏതോ ഒരു പെണ്പ്രാവിന്റെ കുറുകലും കേട്ടാണ് നാലാം ദിവസം പുലര്‍ച്ചെ ഫാദര്‍ വെസാല്‍കോ ഉണര്‍ന്നത്.പാതിയൊടുങ്ങിയ മെഴുകുതിരിയുടെ മഞ്ഞ ശോഭയില്‍ തെളിഞ്ഞു നിന്ന തന്‍റെ വിശാലമായ കിടപ്പുമുറി,ഒരു  നവജാത ശിശുവിന്റെ ജിജ്ഞാസയോടെ കിടന്ന കിടപ്പില്‍ത്തന്നെ അദ്ദേഹം പലവട്ടം നിരീക്ഷിച്ചു.ആദ്യം നിഴലുകള്‍..പിന്നെ നിറങ്ങള്‍....അങ്ങനെ ഒന്നൊന്നായി ഗ്രഹിച്ചെടുക്കുവാന്‍ ശ്രമിച്ചു.ചിരപരിചിതമായ എഴുത്തുമേശയും അടുക്കിവെച്ച കടലാസുകളും പഠന ഗ്രന്ഥങ്ങളും മഷിക്കുപ്പിയില്‍ നാവ് നനച്ചുറങ്ങിപ്പോയ ആമത്തോട് കൊണ്ടുണ്ടാക്കിയ തൂലികയുമെല്ലാം തീര്‍ത്തും അപരിചിതമായ പുരാവസ്തുക്കളെപ്പോലെ  അദ്ദേഹത്തിന്റെ പ്രജ്ഞയോട് കലഹിച്ച് അകന്നുമാറിനിന്നു.    




വെസാല്‍കോ കിടക്കയില്‍ എഴുന്നേറ്റിരുന്നു.കനംതൂങ്ങിയ കണ്പോളകള്‍ തിരുമ്മിയുടച്ച് കാഴ്ച്ചയെ ഒന്നുകൂടി വ്യക്തമാക്കി.നെറ്റിയിലെ ഈര്‍പ്പം ഉണങ്ങിയ പരുക്കന്‍ തുണിക്കഷണം,അദ്ദേഹത്തിന്‍റെ മടിയിലേക്ക് അടര്‍ന്നുവീണു. മുറിയാകെ കുത്തിനിറഞ്ഞു നിന്ന പനിമണം അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥതപ്പെടുത്തി.പുതപ്പ് ചുരുട്ടി മൂലയിലേക്കെറിഞ്ഞ്,നിദ്രാടകനെപ്പോലെ തോളില്‍ കുരുങ്ങിക്കിടന്ന പുതപ്പിന്റെ ഒരഗ്രവും വലിച്ചുകൊണ്ട് മുറിക്കുള്ളില്‍ അലക്ഷ്യമായി വേച്ചുവേച്ചു നടന്നു. എന്തിനേറെപ്പറയുന്നു...ജനാലയ്ക്കരുകില്‍ മഴ കണ്ടു നില്‍ക്കുമ്പോള്‍ സത്യമായും അദ്ദേഹത്തിന് തന്‍റെ പേരു പോലും ഓര്‍മ്മയുണ്ടായിരുന്നില്ല.




  ഫാദര്‍ വെസാല്‍കോയ്ക്ക്  അന്ത്യകൂദാശ നല്‍കുവാന്‍ ഇടവകക്കാര്‍ ഏര്‍പ്പാടാക്കിയ "വിലപിടിപ്പുള്ള"മെത്രാന്‍ ആ മുറിയില്‍ പ്രവേശിച്ചതോ വെസാല്‍കോയുടെ പ്രേതം ജനാലയില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നുവെന്ന് അലറിക്കൂവി ഓടിപ്പോയതോ അദ്ദേഹം അറിഞ്ഞില്ല.ഉച്ചകഴിഞ്ഞ്  കര്‍ദ്ദിനാള്‍ എത്തി മൂന്നു പ്രാവശ്യം "വെസാല്‍കോ,വെസാല്‍കോ, വെസാല്‍കോ" എന്ന് വിളിച്ചപ്പോഴാണ് അദ്ദേഹം തിരിഞ്ഞു നോക്കിയതും സ്വബോധത്തിലേക്ക് മടങ്ങി വന്നതും. 




അള്‍ത്താരയില്‍ മോഹാലസ്യപ്പെട്ടുവീണ ഫാദര്‍ വെസാല്‍കോ തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ കടുത്ത ജ്വരം പിടിപെട്ട്  ബോധരഹിതനായി കിടക്കയില്‍ത്തന്നെയായിരുന്നു.ഈ ദിവസങ്ങളത്രയും എന്തൊക്കെയോ പിച്ചും പേയും പറഞ്ഞ്‌ അദ്ദേഹം ഉറക്കെയുറക്കെ നിലവിളിച്ചിരുന്നു.മൂന്നാം ദിവസം രാത്രി അദ്ദേഹത്തിന്‍റെ നില തീര്‍ത്തും വഷളാകുകയും ഇടവകയിലെ ഏറ്റവും വിദഗ്ധനായ ഭിഷഗ്വരന്‍-ഡോ:അഗോസ്റ്റിന്‍ -"ഇനി മൂന്നു മണിക്കൂറുകള്‍ കൂടി" എന്ന്‍ പ്രഖ്യാപിക്കുകയും ചെയ്തു.രോഗ നിര്‍ണ്ണയത്തില്‍ ഡോ:അഗോസ്റ്റിനുള്ള അസാമാന്യ പാടവത്തില്‍ ഇടവകക്കാര്‍ക്ക് നൂലിട സംശയമില്ലായിരുന്നു.(അദ്ദേഹത്തെ അവര്‍ വിശേഷിപ്പിച്ചിരുന്നത് പോലും "കരിങ്കണ്ണന്‍" എന്നായിരുന്നു).അങ്ങനെയാണ് ഇടവകക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട വികാരിക്ക് അന്ത്യകൂദാശനല്‍കുവാന്‍ മെത്രാനെ ഏർപ്പാടാക്കിയത്. വര്‍ഷങ്ങളായി ഫാദറിനെ സേവിച്ചുപോന്നിരുന്ന അദ്ദേഹത്തിന്‍റെ വിശ്വസ്ത പരിചാരകന്‍ "ബെനിറ്റോ" ജലപാനം പോലും വെടിഞ്ഞ് വെസാല്‍കോയ്ക്ക് അരുകില്‍ത്തന്നെയുണ്ടായിരുന്നു.ഇളം ചൂട് വെള്ളത്തില്‍ ശരീരം തുടച്ചും നെറ്റിയില്‍ ടവ്വല്‍ നനച്ചിട്ടും വരണ്ടു വിറയ്ക്കുന്ന ചുണ്ടുകളില്‍ വെള്ളം ഒപ്പിക്കൊടുത്തുമെല്ലാം തന്നെക്കൊണ്ടാവും വിധം അയാള്‍ അദ്ദേഹത്തെ പരിപാലിച്ചു.എന്നാല്‍ മൂന്നാം ദിവസം രാത്രിയിലെ "ഇനി മൂന്നു മണിക്കൂറുകള്‍ കൂടി" എന്ന അന്ത്യപ്രഖ്യാപനത്തോടെ ബെനിറ്റോ മുറിവിട്ടു പോയി. തന്‍റെ യജമാനന്റെ മരണത്തിനു സാക്ഷ്യം വഹിക്കുവാനുള്ള കരുത്ത് ആ പാവത്തിനില്ലായിരുന്നു.




ഫാദര്‍ വെസാല്‍കോയുടെ മരണാനന്തര ശുശ്രൂഷ അടുത്ത ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കുമെന്നും അതുകൊണ്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കേണ്ട താന്‍ ഒരല്‍പ്പ സമയം ഉറങ്ങിയ ശേഷം പുലര്‍ച്ചയോടെ വെസാല്‍കോയ്ക്ക് അന്ത്യകൂദാശ നല്‍കുന്നതായിരിക്കും ഉചിതമെന്നും തുടര്‍ന്ന്‍ പിറ്റേന്നുള്ള അദ്ദേഹത്തിന്‍റെ മരണാനന്തര ശുശ്രൂഷകള്‍ ഊര്‍ജ്ജസ്വലതയോടെ കൈകാര്യം ചെയ്യാമെന്നും മെത്രാന്‍ കണക്കാക്കി.അപ്രകാരം ഒരു കൊച്ചുറക്കവും കഴിഞ്ഞ് അതിന്റെ ആലസ്യത്തില്‍ അന്ത്യകൂദാശ നല്‍കുവാന്‍ എത്തിയ അദ്ദേഹം "ജനാലയില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഫാദര്‍ വെസാല്‍കോയുടെ പ്രേതത്തെക്കണ്ട് " ഭയന്നോടി.പിന്നീട് കര്‍ദ്ദിനാള്‍ എത്തി മൂന്നു പ്രാവശ്യം പേര് വിളിച്ചു.ഫാദര്‍ വെസാല്‍കോ തികച്ചും യാദിര്‍ശ്ചികമായി ആ സമയത്തുതന്നെ മോഹാലസ്യത്തില്‍ നിന്നും ഉണര്‍ന്നു.ഇവ തമ്മില്‍ യഥാര്‍ത്ഥത്തില്‍ യാതൊരു ബന്ധവും ഇല്ലായിരുന്നുവെങ്കിലും കര്‍ദ്ദിനാളിന്റെ "അത്ഭുത പ്രവൃത്തിയായി" ഈ സംഭവം പിന്നീട് വ്യാഖ്യാനിക്കപ്പെട്ടു. 




ഫാദര്‍ വെസാല്‍കോയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് വിശ്വാസികള്‍ക്ക് അനിര്‍വ്വചനീയമായ സന്തോഷവും ആശ്വാസവും പകര്‍ന്നു. ഇത് ദൈവത്തിന്റെ ദൃഷ്ടാന്തമാണെന്ന്‍ കന്യാസ്ത്രീകള്‍ പ്രചരിപ്പിച്ചു. തന്‍റെ പ്രവചനം തെറ്റിപ്പോയെങ്കിലും ഡോ:അഗോസ്റ്റിനും സന്തോഷിക്കുവാനുള്ള വകയുണ്ടായിരുന്നു.വെസാല്‍കോയുടെ അതിജീവനത്തിലൂടെ ഡോക്ടറുടെ "കരിക്കണ്ണന്‍" എന്ന അപരനാമാധേയം ഒരു പരിധിവരെ മാറിക്കിട്ടി.




"ലാസറസിനെ മൂന്നു പ്രാവശ്യം പേരുവിളിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ജീസ്സസ്-മൂന്നാം വിളിയില്‍ ഫാദര്‍ വെസാല്‍കോയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന കര്‍ദ്ദിനാള്‍".ദൈവിക ദൃഷ്ടാന്തം സാക്ഷ്യപ്പെടുത്തിയ വിശുദ്ധനായ കര്‍ദ്ദിനാള്‍...അതെ...."വിശുദ്ധനായ കര്‍ദ്ദിനാള്‍".കര്‍ദ്ദിനാളിന്റെ പേരും അത്ഭുത പ്രവൃത്തിയും  ഇടവകക്കാരുടെ മുഴുവന്‍ കയ്യൊപ്പോടെ എണ്ണൂറ്റി ഇരുപത്തി മൂന്ന്  കടലാസുകളിലായി റോമിലേക്ക് പോയ.അതോടെ സന്തോഷാശ്രുക്കള്‍ കൊണ്ട് സ്വന്തം പാദം കഴുകിവെളുപ്പിച്ച് കര്‍ദ്ദിനാള്‍ കാത്തിരിപ്പ് തുടങ്ങി-മാര്‍പ്പാപ്പയുടെ ചുണ്ടുകള്‍ തന്‍റെ പേര് ഉച്ചരിക്കുന്നതും അങ്ങനെ അനതിവിദൂര ഭാവിയില്‍ തനിക്കു ചുറ്റും വിശ്വാസികളും മെഴുകുതിരികളും നിറയുന്ന "ആ" നാളെക്കായി.




ഇപ്രകാരം കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിച്ചതായി ഏവരും ആശ്വസിച്ചു.എല്ലാവരും സന്തോഷിച്ചു..കര്‍ദ്ദിനാളും കന്യാസ്ത്രീകളും ബെനിറ്റോയും ഇടവകക്കാരും...ഒരു പരിധിവരെ വെസാല്‍കോയും.വ്യക്തിക്കോ സമൂഹത്തിനോ സമ്മാനിക്കപ്പെടുന്ന അസ്വാഭാവികമായ ആഹ്ലാദം ഒരു ഗൂഡാലോചനയുടെ തുടക്കമാണ്...പ്രകൃതിയോ കാലമോ അവര്‍ക്കുമേല്‍ നടത്തുന്ന നിഗൂഡമായ ഒരു നീക്കത്തിന്റെ തുടക്കം.ആഹ്ലാദം ചിന്തയെ തടയും...ബുദ്ധിയെ മരവിപ്പിക്കും. ഇവിടെ സംഭവിച്ചതും മറ്റൊന്നുമല്ല.




    "വെസാല്‍കോയുടെ പ്രേതം ജനാലയ്ക്കരുകില്‍" എന്ന്‍ അലറി വിളിച്ച് ഓടിപ്പോയ സുഖിമാനായ മെത്രാനെക്കുറിച്ച് മാത്രം ആരും പിന്നീട് അന്വേഷിച്ചില്ല.ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഫാദര്‍ വെസാല്‍കോയ്ക്ക് സഭയുടെ ഒരു ഔദ്യോഗിക കത്തുകിട്ടി-സഭയേയും വിശ്വാസങ്ങളേയും ഉപേക്ഷിച്ച് കറുത്ത പുരോഹിത വേഷം ധരിച്ച് തെരുവില്‍ അലയുന്ന ഒരു ഭ്രാന്തന്‍ മെത്രാനെ സഭയില്‍ നിന്നും പുറത്താക്കിയതിന്റെ ഔദ്യോഗിക അറിയിപ്പ്.




അടുത്ത ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം സഭയുടെ കത്ത് വെസാല്‍കോ പള്ളിയില്‍ വായിച്ചു-തികച്ചും സ്വാഭാവികമായി.




എത്ര അലക്ഷ്യമായാണ് വെസാല്‍കോ ആ കത്ത് വായിച്ചത്..കേവലമായ ഒരു പുനര്‍വായന നടത്തിയിരുന്നെങ്കില്‍ കൂടിയും അയാള്‍ക്ക് ചിലതൊക്കെ വ്യാഖ്യാനിച്ചെടുക്കുവാന്‍ കഴിയുമായിരുന്നു.തന്നെ നിരന്തരം പീഡിപ്പിച്ച സ്വപ്ന വേട്ടകളിലെ കറുത്ത വസ്ത്രം ധരിച്ച പുരോഹിത സാന്നിദ്ധ്യം ഒരു യാദിര്‍ശ്ചികതയായിപ്പോലും അദ്ദേഹത്തിനപ്പോള്‍ തോന്നിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.    

                                                               NEXT CHAPTER                                                                                                                                                                                                                     

സ്വര്‍ഗ്ഗീയ ശാപങ്ങള്‍ (എ.ഡി-1632 )

എ.ഡി-1632 (നോവല്‍)

ഭാഗം 1 

അദ്ധ്യായം -2 

സ്വര്‍ഗ്ഗീയ ശാപങ്ങള്‍


      മെസ്ബോണിൽ എത്തിച്ചേര്‍ന്നതിന്റെ രണ്ടാം ആഴ്ചയിലാണ് "സാന്റോ ഡോമിനോ" പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയില്‍ ആദ്യമായി ഗോണ്‍സാലസ് പങ്കുകൊണ്ടത്.പട്ടിണിയും...ഭൂമി ഇടപാടില്‍ കബളിക്കപ്പെട്ടതിന്റെ കൊടുംനിരാശയും...സ്വയം ശപിച്ചുകൊണ്ടാണ് പള്ളിയില്‍ പ്രവേശിച്ചത്.എന്നാല്‍ ആ വരവ് ഒരു ആത്മീയ സ്വാന്ത്വനം തേടിയുമായിരുന്നില്ല.ഒരല്‍പ്പം വീഞ്ഞിലും ഒരു തുണ്ട് അപ്പക്കഷണത്തിലും കൊതിപൂണ്ട്‌ അക്ഷമനായി കാത്തിരിക്കവേ പുരോഹിതന്റെ വചനങ്ങളോരോന്നും പരിഹാസ ശരങ്ങളായി ആയാള്‍ക്ക്  തോന്നി.



  ചെറുപ്പക്കാരനായ പുതിയ വികാരി-വെസാൽകോ-ഹൃദ്യമായ ശൈലിയിൽ ദൈവമഹനീയതയെക്കുറിച്ച് ആവേശപൂർവ്വം പ്രസംഗിക്കുകയായിരുന്നു. പരിത്യജിക്കലിനെക്കുറിച്ചും അതുവഴി പ്രാപ്തമാകുവാനിടയുള്ള പരലോക സുഖങ്ങളെക്കുറിച്ചും ഫാദർ വെസാൽകോ വാചാലനായപ്പോള്‍ ഗോണ്‍സാലസ് പല്ലുഞ്ഞെരിച്ചു.പ്രതിധ്വനി സൃഷ്ടിക്കുന്ന ഉയര്‍ന്ന മേല്‍ക്കൂരയും കടും നിറങ്ങളില്‍ ചാലിച്ച ചുവര്‍ചിത്രങ്ങളും  തന്നെ കൊത്തിവലിക്കുന്നതായി അയാള്‍ക്ക് തോന്നി. കമാന ആകൃതിയിലുള്ള വലീയ ജനാലകള്‍...അതില്‍ ചതുരാകൃതിയില്‍ കളങ്ങളായി തിരിച്ച മങ്ങിയ ചില്ലുകള്‍...ശ്മശാനത്തില്‍ നിന്നും എത്തിനോക്കുന്ന കുരിശിന്‍ തലപ്പുകള്‍.അലങ്കരിച്ച അള്‍ത്താരയിലെ ചേതനയറ്റ ശരീരത്തെ ഗോണ്‍സാലസ് വിശപ്പോടെ നോക്കി.കാല്‍ച്ചുവട്ടിലെ രക്തത്തുള്ളികളില്‍ അയാള്‍ക്ക് ദാഹം തോന്നി.



      വിശ്വാസികള്‍ പുരോഹിതനില്‍ നിന്നും ഭക്തിപുരസരം വീഞ്ഞും അപ്പവും സ്വീകരിക്കവേ ഗോണ്‍സാലസ് പാപചിന്തകളില്‍ നിന്നും മോചിതനായി തിടുക്കത്തോടെ മുന്നോട്ട് നീങ്ങി.ആളുകളെ വകഞ്ഞുമാറ്റി ഒട്ടും മാന്യതയില്ലാതെ തന്നെ സമീപിക്കുന്ന പ്രാകൃത രൂപം ഫാദര്‍ വെസാല്‍കോയുടെ കണ്ണിലുടക്കി. ആ അപരിചിത സത്വത്തെ കൌതുകത്തോടെയാണ് അദ്ദേഹം വീക്ഷിച്ചത്. വൃത്തിഹീനമായ വേഷം,തോളറ്റം വളര്‍ന്ന ഇടതൂര്‍ന്ന കറുത്ത മുടി.അതില്‍ ചിലത് താടിയിലെ കുറ്റിരോമങ്ങളില്‍ ഉടക്കിക്കിടക്കുന്നു.അലസമായ ചേഷ്ടകളും ചുവടുകളും.മാനസാന്തരം പ്രാപിച്ച ഒരു പുരോഗമന വാദിയുടെയും ദൈവനിഷേധിയായ ക്ഷുഭിത യൌവ്വനത്തിന്റെയും ലക്ഷണങ്ങള്‍ ഒരേസമയം പ്രകടമായ ഒരു അപൂര്‍വ്വ വ്യക്തിത്വം.അനുകമ്പയോടെ ആ ചെറുപ്പക്കാരന് വീഞ്ഞുപകരുവാന്‍ തുനിയവേ ഫാദര്‍ വെസാല്‍ക്കോയ്ക്ക് ശക്തമായ ഒരു ആത്മീയ വിലക്ക് അനുഭവപ്പെട്ടു.ഗോണ്‍സാലസിന്റെ ചുണ്ടിലേക്ക് വീഞ്ഞ് ചഷകം ചേര്‍ക്കവേ പിന്നില്‍ കടന്നല്‍ കൂട്ടത്തിന്റെ ഇരമ്പല്‍ പോലെ ആരുടെയൊക്കെയോ ശാപവചനങ്ങള്‍.പ്രാണന്‍ വെടിയുന്ന ഒരുവന്റെ ദീന രോദനത്തില്‍ വീഞ്ഞുപാത്രം ആയിരം കഷണങ്ങളായി ചിതറി.അതില്‍ ദേവാലയവും ആള്‍ക്കൂട്ടവും അള്‍ത്താരയുമെല്ലാം അപ്രത്യക്ഷമായി.മുന്നിലും പിന്നിലും തെളിഞ്ഞ ഭീതിജനകമായ കാഴ്ചകളില്‍  അദ്ദേഹത്തിന് പ്രജ്ഞ നഷ്ടപ്പെട്ടു.



    അപരിചിതരായ കുറെ മനുഷ്യര്‍..അര്‍ദ്ധ നഗ്നരായ സ്ത്രീകള്‍.ഭയന്ന് വിതുമ്പി നില്‍ക്കുന്ന ആ  അപരിഷ്കൃത ജനത അച്ചടക്കത്തോടെ വകഞ്ഞുമാറിയ വീഥിയിലൂടെ നിരനിരയായി നീങ്ങുന്ന കുതിരപ്പടയാളികള്‍...ഏറ്റവും പിന്നില്‍ ഞൊറികളുള്ള ചുവന്ന തലാപ്പാവ് ധരിച്ച ഒരു യുവാവ്. അയാളുടെ അരപ്പട്ടയില്‍ രാജകീയ ചിഹ്നങ്ങള്‍ പതിപ്പിച്ചിരിക്കുന്നു.ഒരു അപരിഷ്കൃത ഗോത്രമേധാവിയുടെ എല്ലാ ലക്ഷണങ്ങളുമുള്ള ആ ചെറുപ്പക്കാരന്റെ ഇരുകൈകളും പിന്നിലേക്ക് പിണച്ചു കെട്ടിയിരുന്നു.പടയാളികള്‍ കുതിരപ്പുറത്തുനിന്നും അയാളെ പിടിച്ചിറക്കി ചത്വരത്തിന്റെ മധ്യത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ അന്യദേശക്കാരായ പടയാളികളെ പ്രാകിക്കൊണ്ട് ജനങ്ങള്‍  അവര്‍ക്ക് നേരെ മണ്ണുവാരി എറിയുന്നു. ഗോത്രത്തിന്റെ പരമ്പരാഗത യോദ്ധാക്കളില്‍ ചിലര്‍ ബന്ധനസ്ഥനായ തങ്ങളുടെ യജമാനന് മുന്നില്‍ മുട്ടികുത്തിയിരുന്ന്‍ തങ്ങളുടെ ആത്മാവിനെ സ്വീകരിക്കുവാന്‍ യാചിച്ചുകൊണ്ട് അയാള്‍ക്ക് മുന്നില്‍ ആത്മാഹൂതി ചെയ്യുന്നു.



    നീല നിറമുള്ള ഇളകിയാടുന്ന ഒരു പരവതാനി  പോലെയാണ് വെസാല്‍കോയ്ക്ക് ആദ്യം തോന്നിയത്.വെള്ളിനിറമുള്ള ആകാശ ഞരമ്പുകള്‍ കാഴ്ചയ്ക്ക് വ്യക്തത നല്‍കി.ഇളകിമറിയുന്ന പര്‍വ്വത സമാനമായ തിരമാലകള്‍ .അതിന്റെ ഉച്ചിയില്‍ നിന്നും താഴേയ്ക്ക് കൂപ്പുകുത്തുന്ന പായ്മരങ്ങള്‍ തകര്‍ന്ന കൊച്ചു കപ്പല്‍.മരണം ഉറപ്പിച്ച നാവികര്‍ പ്രാണനില്‍ ഭയന്ന്‍ ഉറക്കെയുറക്കെ നിലവിളിക്കുന്നു. ആയിരം കറുത്ത തോരണങ്ങള്‍ പോലെ ഉലഞ്ഞു കീറിയ പായ്ത്തുണികള്‍ കൊടുങ്കാറ്റില്‍ മരണത്തെ സ്വാഗതം ചെയ്യുന്നു.ഇളകിയ മേല്‍പ്പലകയില്‍ കറുത്ത വസ്ത്രം ധരിച്ച ഒരു പുരോഹിതന്‍ ഒടിഞ്ഞ മരത്തൂണില്‍ കെട്ടിപ്പിടിച്ച്, കപ്പലിന്റെ ഉലച്ചിലില്‍ തെന്നിമാറുന്ന നനഞ്ഞു കുതിര്‍ന്ന വേദപുസ്തകം കാലുകൊണ്ട്‌ നീട്ടിപ്പിടിക്കുവാന്‍ ശ്രമിക്കുന്നു.കൊഴുപ്പ് വിളക്കിന്റെ മങ്ങിയ വെളിച്ചം നിറഞ്ഞ കൊച്ചുമുറിയില്‍ ഒരു ചാറ്റല്‍ മഴ ആസ്വദിക്കുന്ന ലാഘവത്തോടെ ഇതെല്ലാം നോക്കിക്കാണുന്ന ഒരു ചെറുപ്പക്കാരന്‍...ഉയര്‍ന്ന ചുമലുകളും കുറ്റിത്താടിയുമുള്ള ഒരു അലസ യുവത്വം.



    ചുവന്ന തലപ്പാവ് ധരിച്ച ഗോത്രമേധാവിയെ ബന്ധനവിമുക്തനാക്കി പുരോഹിതന്‍റെ അരുകിലേക്ക്‌ നീക്കിനിര്‍ത്തുന്നു.മതപരമായ എല്ലാ ചടങ്ങുകളോടും കൂടി അദ്ദേഹം അയാളെ ജ്ഞാനസ്നാനം ചെയ്യിക്കുന്നു.അനന്തരം തന്‍റെ പ്രജകളോട് സംസാരിക്കുവാന്‍ അയാള്‍ക്ക് അനുവാദം നല്‍കപ്പെടുന്നു. തനിക്കായി തയ്യാറാക്കിയ മണ്കുഴി ചൂണ്ടി ആവേശത്തോടെ അയാള്‍ പൊട്ടിത്തെറിച്ചു-



"ഞാന്‍ ഇവിടെ വിശ്രമിക്കില്ല...എങ്കിലും മാന്യമായ മരണത്തിനു വേണ്ടി ഈ അപമാനം ഞാന്‍ ഏറ്റുവാങ്ങുന്നു"



തനിക്കു മുന്നില്‍ ആത്മാഹൂതി ചെയ്തവരെ നോക്കി വിറയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു..



"ഈ യോദ്ധാക്കള്‍ എനിക്കായി കാത്തു നില്‍ക്കുന്നു.ഇവരെ അനുധാവനം ചെയ്യും മുന്‍പേ പറഞ്ഞുകൊള്ളട്ടെ ...വഞ്ചകനായ ചെറുപ്പക്കാരാ ...നിന്നോട് കാണിച്ച ഔദാര്യമായിരുന്നു ഞാന്‍ ചെയ്ത ആദ്യത്തെ അപരാധം.എന്നില്‍ നിന്നും എല്ലാം നീ അപഹരിച്ചെടുത്തു...ഇപ്പോഴിതാ എന്‍റെ പ്രാണനും. അറിഞ്ഞുകൊള്ളൂ...എന്‍റെ ആത്മാവ് മേഘങ്ങള്‍ക്കും മുകളില്‍ ജ്വലിക്കുന്നു.ഈ കൊടിയ വഞ്ചനയുടെ പാപം തലമുറകള്‍ക്ക് മുന്‍പേ നിന്നില്‍ പതിഞ്ഞു കഴിഞ്ഞിരിക്കുന്നു...തലമുറകള്‍ക്കും മുന്‍പേ ..."



കുപിതനായ അയാള്‍ പുരോഹിതനില്‍ നിന്നും വിശുദ്ധ ഗ്രന്ഥം പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു .



   കാലത്തിന്റെ കണ്കെട്ട് പോലെ ഒരു നിമിഷത്തെ വിഭ്രാന്തി-ഫാദര്‍ വെസാല്‍കോയ്ക്ക്  ചുറ്റും കാലവും കാഴ്ചയുമെല്ലാം കീഴിന്മേല്‍ മറിഞ്ഞു.ഭയന്ന് വിറങ്ങലിച്ചുപോയ വെസാല്‍കോ തനിക്കു മുന്നില്‍ തിരുരക്തത്തിനായി കാത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ ഒന്നേ നോക്കിയുള്ളൂ.അതേ അലസ നേത്രങ്ങള്‍,ഉയര്‍ന്ന ചുമലുകള്‍.വീഞ്ഞ് പാത്രം നിലത്തുവീണ് ചിതറവേ...ഭയന്ന് വിറച്ച് അതിദയനീയമായി ഗോണ്‍സാലസിന്റെ ചെവിയില്‍ അദ്ദേഹം ഇങ്ങനെ അപേക്ഷിച്ചു.



"പാപികളുടെ സൃഷ്ടാവേ ...ദയവായി എന്‍റെ കണ്മുന്നില്‍ നിന്നും പോകൂ ..എന്നെ ഭയപ്പെടുത്താതിരിക്കൂ "



  അമ്പരപ്പോടെ ഗോണ്‍സാലസ് പുരോഹിതനെ നോക്കി.അപരിചിതനായ തന്നെ ഇവ്വിധം അപമാനിച്ചതിന്‍റെ സാംഗത്യം അയാള്‍ക്ക് മനസിലായില്ല.കഠിനമായ ഹൃദയ വേദനയോടെ അയാള്‍ പുരോഹിതനുനേരെ വീണ്ടും മുഖമുയര്‍ത്തി. മറിച്ച് എന്തെങ്കിലും ചോദിക്കും മുന്‍പേ ഫാദര്‍ വെസാല്‍കോ മോഹലാസ്യപ്പെട്ടുവീണു. വിശ്വാസികള്‍ വൈദികന് ചുറ്റും ഓടിക്കൂടവേ അവര്‍ക്കിടയില്‍ കൂടി ഗോണ്‍സാലസ് പുറത്തേയ്ക്ക് നൂണ്ടിറങ്ങി...കീശയില്‍ കുത്തിനിറച്ച അപ്പക്കഷണങ്ങളും കയ്യില്‍ ഒരുകുപ്പി വീര്യമുള്ള മുന്തിരി വീഞ്ഞുമായി...                                                                                                         

                                                                                  NEXT CHAPTER

ഗോണ്‍സാലസ്

നോവൽ
എ.ഡി 1632
ഭാഗം 1
അദ്ധ്യായം 1
(ഗോണ്‍സാലസ് )


    

    അനാരോഗ്യവും ദാരിദ്ര്യവും ജീർണ്ണിപ്പിച്ചു  വികൃതമാക്കിയ  വാർദ്ധക്യത്തിൽ മൂന്ന് ആണ്‍കുട്ടികളുടെ രക്ഷാകർത്തിത്വം കൂടി ഏറ്റെടുക്കേണ്ടിവന്നിട്ടും ഗോണ്‍സാലസ് പരിഭവിച്ചില്ല.അത് ദൈവകൽപ്പിതമായ ചുമതലയാണെന്നും  തന്റെ ആത്മാവിന്റെ ശുദ്ധീകരണത്തിനുള്ള ഉപാധിയാണെന്നും അയാൾ ആശ്വസിച്ചു. അവരിൽ മൂത്തവനായ ഫ്രാൻസിസ്കോ തന്റെ ഏക മകളുടെ ജാര സന്തതിയായിരുന്നിട്ടു കൂടിയും .



     തികഞ്ഞ വിശ്വാസിയായിരുന്ന തന്റെ കുടുംബം നിന്ദ്യമാംവിധം ശിഥിലമാക്കപ്പെട്ടതിന്റെ പിന്നിലെ കാരണമൊഴികെ ജീവിതത്തിലെ മറ്റെല്ലാ ദുരിതങ്ങൾക്കും ദൈവികമായ ഒരു കാരണം ഉണ്ടാവുമെന്ന് അയാൾ വിശ്വസിച്ചു. വിശുദ്ധ വചനങ്ങൾക്ക് ഒരു വൈദികനും കണ്ടെത്താത്ത എണ്ണമറ്റ വ്യാഖ്യാനങ്ങളാൽ തന്റെ ഭൂതകാലത്തെ ഓരോ ദിവസവും അകറ്റി നിര്‍ത്തുവാന്‍ അയാള്‍ കിണഞ്ഞു പരിശ്രമിച്ചു.തീക്ഷ്ണ യൗവ്വനത്തിലെ ചെയ്തികളെല്ലാം പാപപങ്കിലമായിരുന്നെന്ന മിഥ്യാബോധത്തില്‍ ഗോണ്‍സാലസ് കടുത്ത ആത്മപീഡനത്തിനു വഴിപ്പെട്ടു.ക്രൂശിത രൂപത്തിനു മുന്നിൽ നിത്യവും അയാള്‍ മുട്ടുകുത്തി കണ്ണീരൊഴുക്കി. പരിസരബോധമില്ലാതെ മണിക്കൂറുകളോളം അള്‍ത്താരയ്ക്ക് മുന്നില്‍ ചെലവഴിച്ചു...പലപ്പോഴും അവിടെത്തന്നെ ചുരുണ്ടുകൂടി ഉറങ്ങുകയും ചെയ്തു.



   ഗോണ്‍സാലസിന് ദൈവവിളി ഉണ്ടായിരിക്കുന്നുവെന്ന് വൃദ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആ കിഴവന് തനി വട്ടാണെന്ന് ചെറുപ്പക്കാര്‍ പരിഹസിച്ചു... ഏതാനും വൃദ്ധകള്‍ അയാളില്‍ അനുരക്തരായെങ്കില്‍,കൊച്ചുകുട്ടികളാകട്ടെ ഗോണ്‍സാലസിന്റെ ജട കെട്ടിയ  നാറുന്ന മുടിയില്‍ വലിച്ചു രസംകൊണ്ടു.നല്ലൊരു വിഭാഗം ആളുകള്‍ അയാളോട് സഹതാപം പ്രകടിപ്പിച്ചെങ്കിലും തുടര്‍ന്നങ്ങോട്ട് അയാളില്‍ സംഭവിച്ച പൊടുന്നനെയുള്ള സ്വഭാവ വ്യതിയാനം ഏവരെയും അമ്പരപ്പിച്ചു.



  ദിവസങ്ങളോളം ആഹാരം കഴിക്കാതെ പട്ടിണി കൊണ്ട് കരുവാളിച്ച മുഖവുമായി തെരുവുകള്‍ തോറും ഗോണ്‍സാലസ് അലഞ്ഞുനടന്നു.മെലിഞ്ഞുണങ്ങിയ അയാളുടെ രൂപം ആരിലും സഹതാപം ഉണര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു . വൃദ്ധകാമുകിമാര്‍  വെച്ചുനീട്ടിയ ആഹാരം ഗോണ്‍സാലസ്  സ്വീകരിക്കുകയോ നന്ദിപൂര്‍വ്വം അവരെ ഒന്ന് കടാക്ഷിക്കുകയോ ചെയ്തില്ല.ഇത് അവരില്‍ നിരാശയും ഒരല്‍പം നീരസവും ഉളവാക്കി.ഇങ്ങനെയായിരുന്നു തുടക്കം. തുടര്‍ന്നങ്ങോട്ടുള്ള ഏതാനും മാസങ്ങളില്‍ ഗോണ്‍സാലസില്‍  കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമായി.അയാളിലെ ശാന്തതയും കണ്ണുകളിലെ ദയനീയ ഭാവവും മറഞ്ഞു...പരുഷമായ സംസാരവും ഭയപ്പെടുത്തുന്ന നോട്ടവും.തോളറ്റം വളര്‍ന്നിറങ്ങിയ ജട പിടിച്ച മുടിയില്‍ പിടിച്ചു വലിക്കുവാന്‍ പിന്നീട് ഒരു കുട്ടിയും ധൈര്യപ്പെട്ടില്ല.വിലകുറഞ്ഞ മദ്യം കൊണ്ട് തന്‍റെ സായാഹ്നങ്ങളെ അയാള്‍ ലഹരിയില്‍ മുക്കി...ആ വൃദ്ധ ദൈവം രാത്രിയില്‍ വേശ്യകളെ തേടി തെരുവിലൂടെ അലഞ്ഞു .ഏറ്റവും വിലകുറഞ്ഞ രതിയന്ത്രങ്ങള്‍ പോലും അയാളില്‍ നിന്നും ഓടി മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി....എന്നാല്‍ ഞായറാഴ്ച... ഗോണ്‍സാലസ് മുടങ്ങാതെ പള്ളിയിലെത്തും.അള്‍ത്താരയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങും...ഒരു പിഞ്ചു കുഞ്ഞിന്റെ ജഡം പോലെ ആരിലും സഹതാപം ഉണര്‍ത്തിക്കൊണ്ട് .



  ഇത്രയധികം വൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടും.ഭൂത കാലത്തിലെ ദിവസങ്ങളോരോന്നുമെടുത്ത് സവിസ്തരം അപഗ്രഥനം ചെയ്യുവാനും അവര്‍ മടിക്കില്ല.



    1421ല്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോണ്‍സാലസ്  പുരുഷ സഹജമായ ആനന്ദങ്ങളില്‍ തന്‍റെ യൌവ്വനം ചെലവഴിച്ചു.ഒന്നിലധികം കാമിനിമാര്‍,മദ്യം,സുരതം...അങ്ങനെ തികച്ചും സ്വാഭാവികമായ ജീവിതം. അയാള്‍ ഒരു സാഹസികനോ സര്‍ഗ്ഗാത്മക പ്രതിഭയോ ഒന്നുമായിരുന്നില്ല.പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഇരുപതാം വയസ്സില്‍ കാര്‍ഷികവൃത്തിയില്‍ ജീവിതം പുനക്രമീകരിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായി.അതുവരെ അനുവര്‍ത്തിച്ച ജീവിത ശൈലി തുടര്‍ന്നതിന്റെ ഫലമായി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആറായിരം പെസോയുടെ ബാധ്യത വരുത്തി വയ്ക്കുകയും പണയപ്പെടുത്തിയ കൃഷിഭൂമി തിരിച്ചെടുക്കുവാന്‍ കഴിയാതെ ദാരിദ്രനാക്കപ്പെടുകയും ചെയ്തു.മാതാവിന്റെ മരണശേഷം അവശേഷിച്ച ഏതാനും തുണ്ട് ഭൂമി കൂടി വിറ്റ്‌ ആ തുകയുമായി(800 പെസോ) മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്തെ ദരിദ്രമേഖലയിലേക്ക്  കുടിയേറി.



   ബെര്‍നാല്‍ഡിനോ എന്ന ഇടനിലക്കാരന്‍ വഴി തന്‍റെ ശേഷിച്ച സമ്പാദ്യത്തിന്  ഗോണ്‍സാലസ് കുറച്ചു ഭൂമി വാങ്ങി.കാര്‍ഷികവൃത്തിയിലെ അയാളുടെ അറിവില്ലായ്മയെ ബെര്‍നാല്‍ഡിനോ ശരിക്കും മുതലെടുത്തതിന്റെ ഫലമായി ഗോണ്‍സാലസ് കബളിക്കപ്പെട്ടു.യാതൊരു ഫലഭൂയിഷ്ടിയുമില്ലാത്ത ഉറച്ച ഒരു കുന്നിന്‍ താഴ് വര. അലസനായ ആ മനുഷ്യനാകട്ടെ,പച്ച മണ്ണിന്റെ കന്യകാത്വത്തെ തൊട്ട് അശുദ്ധമാക്കുവാന്‍ തുനിഞ്ഞതുമില്ല.നെഞ്ചിന്‍കൂടിനുള്ളില്‍ ഞെരുങ്ങിക്കയറിയ വിശപ്പ്  തന്‍റെ ഹൃദയത്തെ ചീന്തിയെടുത്ത് ഭക്ഷിക്കുമെന്ന അവസ്ഥ വന്നപ്പോള്‍  ഗോണ്‍സാലസ് കഠിനാധ്വാനിയായി.താമസംവിനാ അയാള്‍ മറ്റുള്ളവര്‍ക്ക് ഒരു ഉത്തമ മാതൃകയും ഒരുവള്‍ക്ക് പ്രിയപ്പെട്ട കാമുകനുമായി.   



                                                                                            NEXT CHAPTER