ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി-2

                                                           

             വാതിലില്‍ മമ്മ ഉറക്കെ മുട്ടി വിളിക്കുന്നത്‌ കേട്ടാണ് ഞാനുണര്‍ന്നത്. അത്ഭുതം തോന്നി.ഉറങ്ങണം എന്നുകരുതിയല്ല കിടന്നത്.പക്ഷെ ഉറങ്ങിപ്പോയി.ആ മദ്ധ്യാഹ്നം ഉറങ്ങി തീര്‍ത്തതില്‍ പശ്ചാത്താപം തോന്നി. വിയര്‍പ്പിന്റെ മണമുള്ള എന്റെ കിടക്കയിലെ അവസാന ഉറക്കമായിരുന്നത്.ആ തിരിച്ചറിവോടെയാണ് ഞാന്‍ കിടന്നതും.എന്നിട്ടും ഉറങ്ങിപ്പോയി. ഭയപ്പെടുത്തുന്ന ഒരു സ്വപ്നവും കാണാഞ്ഞതില്‍ എനിക്കത്ഭുതം തോന്നി. മമ്മ  നിർത്താതെ തട്ടി ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. വാതില്‍ തുറന്നപ്പോൾ മുഖം തരാതെ മമ്മ എനിക്കുനേരെ ഒരു കത്തു നീട്ടി.


" റെഡ്വിന്‍ ഇതും നിനക്കുള്ള കത്താണ് .ഞാനിത് തുറന്നിട്ടില്ല".


          ദേഷ്യത്തോടെ കതക് വലിച്ചടച്ച് അവര്‍ താഴേയ്ക്കുപോയി.കട്ടിലിലിരുന്ന് ഞാനത് വായിച്ചു.


      "പ്രിയപ്പെട്ട ...റെഡ്വിൻ,ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഈ കത്തെഴുതുന്നത്.മനോഹരമായ ഒരു സായാഹ്നം നിന്നോടൊപ്പം ചിലവഴിക്കുവാന്‍ ഞാൻ ആഗ്രഹിക്കുന്നു. ഹാംബെര്‍ഗിലെ തെരുവുഗായകന്റെ പാട്ട് നീ കേട്ടിട്ടുണ്ടോ?അയാളുടെ പ്രണയഗാനങ്ങള്‍ മനോഹരമാണ്. അതിന് കാതോര്‍ത്തിരുന്ന മഞ്ഞപക്ഷികള്‍  ഇനി  പറന്നുയരട്ടെ.അതിലൊന്നായി എനിക്കൊപ്പം നീയും കാണുമെന്ന പ്രതീക്ഷയോടെ..സ്വന്തം ഡാഫ്ന." 


            ദിവസങ്ങളെണ്ണി കാത്തിരുന്ന അവസാനകത്തും  വന്നുഒരു നിമിഷം പോലും പാഴാക്കാതെ ഞാന്‍ തയ്യാറായി.             എത്രയും പെട്ടന്ന്  ഹാംബെര്‍ഗിലെ    തെരുവുഗായകന്റെ അടുത്തെത്തണം. താഴത്തെ മുറിയില്‍ മമ്മ ഇരിപ്പുണ്ടായിരുന്നു. അവരാകെ അസ്വസ്ഥയായിരുന്നു.ശ്രദ്ധിക്കാതെ ഞാന്‍ കടന്നുപോയപ്പോള്‍ മമ്മ ശാന്തമായി പറഞ്ഞു.


"പ്രണയിക്കരുതെന്ന് ഞാന്‍ പറയില്ല.പക്ഷെ റെഡ്വിന്‍ നീ ഒന്നോര്‍ക്കണം...അനീറ്റ..അവള്‍ മരിച്ചിട്ടില്ല. തടവിലാക്കപ്പെട്ട അവളും കുടുംബവും എന്നെങ്കിലും ഒരിക്കല്‍ തിരിച്ചെത്തും.അന്ന് നീ പശ്ചാത്തപിക്കും."


മറുപടി നല്‍കാതെ ഞാന്‍ ഇറങ്ങിപ്പോയി. അവരെന്നെ ഉറക്കെ പ്രാകി.


"ചെകുത്താന്റെ സന്തതിയാണ് നീ.നിന്റെയൊക്കെ കര്‍മ്മദോഷമാണ് ഇന്ന് ജൂതര്‍ അനുഭവിക്കുന്നത്. നിന്നെയൊക്കെ അവർ കഴുത്തറുത്തു കൊന്നാലും ഞാന്‍ ദുഖിക്കില്ല...നീ അത് അർഹിക്കുന്നു."


           പിന്നെയും അവരെന്തോക്കെയോ പറഞ്ഞു.അതെല്ലാം ഒരു കരച്ചിലിന്റെ വക്കിലാണ് അവസാനിച്ചത്.എനിക്ക് വന്നിരുന്ന പ്രണയലേഖനങ്ങളില്‍ ഒന്ന് എപ്പോഴോ മമ്മ വായിക്കുവാനിടയായി.പിന്നീട് ഓരോ കത്ത് വരുമ്പോഴും മമ്മ എന്നെ ശപിക്കും...അനീറ്റയെ മറന്ന് ഡാഫ്നയെ  ഞാന്‍ പ്രണയിക്കുകയാണെന്ന തെറ്റിധാരണ മൂലം.


                 ഹാംബെര്‍ഗില്‍ ഞാനെത്തിയപ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.തെരുവുഗായകന്‍ നിര്‍ത്താതെ പാടിക്കൊണ്ടിരുന്നു...തീരുംവരെ കാത്തുനിന്നു. ആളൊഴിഞ്ഞപ്പോള്‍ അയാള്‍ക്കരുകിലെത്തി ആ "പ്രേമ ലേഖനം" കൈമാറി.അതു ചുരുട്ടി പോക്കറ്റിലിട്ട് അയാൾ ചുറ്റിനും കണ്ണോടിച്ചു.ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പുവരുത്തിയ ശേഷം എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് വിരല്‍ ചൂണ്ടി.ആള്‍താമസം ഇല്ലെന്നുതോന്നിക്കും വിധം നിശബ്ദമായിരുന്ന ആ കെട്ടിടം ജൂതരുടെ താമസസ്ഥലമായിരുന്നു.ഒരു പൊട്ടിച്ചിരിയോ ഉറക്കെയുള്ള സംസാരമോ അവിടെനിന്നും ഉയരില്ല.പക്ഷേ ഗസ്റ്റപ്പോകള്‍ ജൂത വേട്ടയ്ക്കെത്തുമ്പോൾ അവിടെനിന്നുയരുന്ന ആർത്തനാദങ്ങൾ തെരുവിനെ പ്രകമ്പനം കൊള്ളിക്കും... കുട്ടികളുടെ, അമ്മമാരുടെ, സഹോദരിമാരുടെ ദീനരോദനങ്ങള്‍ .                


   ഇടനാഴിയും പടികളും ഇരുട്ടില്‍ മുങ്ങിക്കിടന്നു. കാതോര്‍ത്താല്‍ ഓരോ വാതിലിനുമപ്പുറം അടക്കിപ്പിടിച്ചുള്ള സംഭാഷണങ്ങളും കുഞ്ഞുങ്ങളുടെ വായ പൊത്തിപ്പിടിച്ചുള്ള കരച്ചിലും കേള്‍ക്കാം.       


        മൂന്നാം നിലയില്‍  മഞ്ഞപക്ഷിയുടെ ചിത്രം പതിച്ച വാതിലില്‍ ഞാന്‍ പതുക്കെ മുട്ടി.അകത്തുനിന്നുള്ള അടക്കിപ്പിടിച്ച സംസാരം പൊടുന്നനെ നിലച്ചു.അല്‍പ്പ നേരത്തിനുശേഷം വാതില്‍ തുറന്നു.ഡോ:ആഡ്ലെ എന്നെ അകത്തേക്കു വലിച്ചു. അടുത്ത നിമിഷം വാതിലടഞ്ഞു. ജൊനാഥനും ബെന്‍സനും മിഖായേലും എനിക്ക് മുന്‍പേയെത്തിയിരുന്നു. കൂടാതെ ജൊനാഥന്റെ കാമുകി ഡെന്നയും.സത്യമായും അവളെ ഞാനവിടെ തീരെ പ്രതീക്ഷിച്ചതല്ല.ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്തു. മെഴുകുതിരി ചെരിച്ചു പിടിച്ച് ,ഉരുകിയ ഏതാനും തുള്ളികള്‍ മേശപ്പുറത്ത് തൂകി അതില്‍ തിരി ഉറപ്പിക്കുമ്പോൾ ഡോ:ആഡ്ലെയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.അരണ്ട വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ വിളറിയ മുഖം ഞാൻ കണ്ടു.എങ്കിലും തുടർന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആത്മവിശ്വാസം തുളുമ്പുന്നതായിരുന്നു.


           യോഗത്തിന് അരമണിക്കൂറിന്റെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ.ഡെന്നയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഞങ്ങള്‍ കാണാതെ കൈലേസുകൊണ്ട് അത് തുടച്ചു മാറ്റുവാന്‍ അവള്‍ പാടുപെട്ടു.യോഗം അവസാനിച്ചപ്പോൾ പത്തു മിനിട്ടിന്റെ ഇടവേളകളിലായി ഓരോരുത്തരായി പുറത്തുപോകുവാന്‍ ഡോ :ഡ്ലെ നിര്‍ദ്ദേശിച്ചു.ഡെന്ന വാതില്‍ക്കല്‍ ഒരു നിമിഷം നിന്നു.തിരികെ ഓടി വന്ന് ഞങ്ങളുടെ സാമീപ്യം മറന്ന് ജൊനാഥനെ കെട്ടിപ്പിടിച്ച് ചുംബിച്ചപ്പോൾ ഞങ്ങള്‍ ദൃഷ്ടിമാറ്റി. ഉറഞ്ഞുകൂടിയ ഉപ്പുനീരിന്റെ തുള്ളിയെ വഴുതിവീഴാതെ കണ്‍പോളകളില്‍ തടഞ്ഞു നിർത്തുവാൻ എനിക്കായില്ല.           


    തിരികെ വീട്ടിലെത്തിയപ്പോള്‍ സമയം രാത്രി ഒന്‍പതു കഴിഞ്ഞിരുന്നു.വാതില്‍ ചാരിയിരുന്നെങ്കിലും കുറ്റിയിട്ടിരുന്നില്ല.മമ്മ നേരത്തേ കിടന്നു.മുറിയിലെത്തി ഞാന്‍ വേഷം മാറി.ഒരു ബനിയനും അടിവസ്ത്രവും പോക്കറ്റിലേക്ക് തിരുകിക്കയറ്റി. മുറിയുടെ വാതില്‍ക്കലെത്തി മമ്മയെ വിളിച്ചു. മിണ്ടാട്ടമില്ല. എനിക്കറിയാം...ആ പ്രേമലേഖനമാണ് പരിഭവത്തിന്റെ കാരണം. അനീറ്റയെ മറന്ന് ഞാന്‍ മറ്റൊരു പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്ന വിശ്വാസം മമ്മയെ വല്ലാതെ അലട്ടിയിരുന്നു. എന്റെ അനീറ്റ മമ്മയ്ക്കും അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു.രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ മമ്മയുടെ ഏത് പരിഭവം മാറുന്നതാണ്. പക്ഷെ ഇത്തവണ ആ കാത്തിരിപ്പിനുള്ള സമയമില്ല.രണ്ടു മണിക്കൂറിനുള്ളില്‍ എനിക്ക് പോകണം.അതിനു മുന്‍പ് കാര്യങ്ങള്‍ മമ്മയോട് പറയണമെന്ന് തോന്നി.കട്ടിലിനരുകില്‍ ഞാനിരുന്നു. മമ്മ തിരിഞ്ഞു കിടക്കുകയാണ്.എനിക്കറിയാം മമ്മ ഉറങ്ങിയിട്ടില്ല. എല്ലാം പറഞ്ഞു തീരുമ്പോള്‍ മമ്മ എന്നോട് ക്ഷമിക്കും എന്നെനിക്കുറപ്പായിരുന്നു. കത്തുകളെല്ലാം മമ്മയ്ക്കരുകില്‍ വച്ച ശേഷമാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്.



         "മമ്മാ ...ആറ് കത്തുകളും ഞാന്‍ മമ്മയ്ക്കു നല്‍കുകയാണ്.വായിക്കണം.മമ്മ കരുതുന്നതുപോലെ  ഡാഫ്ന എന്നൊരു കാമുകി എനിക്കില്ല.ഇവയെല്ലാം ഡോ:ഡ്ലെ അയച്ച കത്തുകളാണ്.അവയൊന്നും പ്രേമലേഖനങ്ങളുമല്ല ...മഞ്ഞപ്പടയുടെ സന്ദേശങ്ങളാണ്. ഡോ:ഡ്ലെയെ മമ്മയ്ക്കറിയാം. ജൂതരുടെ വിപ്ലവ സംഘടനയായ മഞ്ഞപ്പോരാളി സംഘത്തിന്റെ അധ്യക്ഷനാണ് അദ്ദേഹം . സംഘത്തെ എന്നെന്നേയ്ക്കുമായി  ഫ്യൂറർ നിരോധിച്ചു. മതപരമായ മറ്റൊരു രാജ്യം ഇവിടെ സൃഷ്ടിക്കുവാന്‍ ജൂതർ ശ്രമിക്കുന്നു എന്നതാണ്  ഫ്യൂററുടെ  വാദം. നാസിപാര്‍ട്ടിയും ഗസ്റ്റപ്പോകളും ജൂതരെ നിര്‍ദ്ദയം കൂട്ടക്കൊല ചെയ്യുന്നു. ഓഷ്വിറ്റ്‌സില്‍ ശവങ്ങള്‍ കുന്നുകൂടുന്നു.ഒരു സ്വകാര്യ വിരുന്നില്‍ ഫ്യൂററെ വിമര്‍ശിച്ചു എന്നതാണ്  അനീറ്റയുടെ പപ്പയ്ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം. ഗസ്റ്റപ്പോകള്‍ അദ്ദേഹത്തെയും കുടുംബത്തെയും അറസ്റ്റു ചെയ്തു. ഇന്നിപ്പോള്‍ മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. അനീറ്റ  തിരികെ വരുമെന്ന് മമ്മ ഇനിയും വിശ്വസിക്കുന്നുവോ ? ...ഇല്ല മമ്മാ...ഇനിയൊരിക്കലും വരില്ല.അവളും കുടുംബവും ഓഷ്വിറ്റ്‌സിലേക്ക് മാറ്റപ്പെട്ടിരുന്നു.  ഇതുവരെ മമ്മ അതറിഞ്ഞില്ല...ഞാന്‍ അറിയിച്ചതുമില്ല.."


           പിടഞ്ഞെഴുന്നേറ്റ മമ്മയുടെ മുഖം വിളറിവെളുത്തു.ആ മുഖത്ത് ഭയവും ദൈന്യതയും ഞാന്‍ കണ്ടു. അനീറ്റയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചു എന്ന തിരിച്ചറിവില്‍ ആ വൃദ്ധ വായപൊത്തിക്കരഞ്ഞു.അങ്ങനെ കരയുവാന്‍ ഞങ്ങള്‍ ജൂതര്‍ ശീലിച്ചു കഴിഞ്ഞിരുന്നു.അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യയും അങ്ങിനെയേ ഇവിടെ കരയൂ ...കാരണം ഇത് ജർമ്മനിയാണ്...ഞങ്ങള്‍ ജൂതരാണ്.            


   "മഞ്ഞപ്പോരാളി സംഘത്തിന്റെ പ്രവര്‍ത്തനം ഫ്യൂറര്‍ അവസാനിപ്പിച്ചു.നിരപരാധികളായ നമ്മുടെ സഹോദരങ്ങൾ കൂട്ടക്കൊല ചെയ്യപ്പെടുന്നു.ഇത് അവസാനിപ്പിക്കുവാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ ...ആ ജൂതവെറിയന്‍ അവസാനിക്കണം. അതിനുവേണ്ടി...അതിനുവേണ്ടി മാത്രം ഡോ:ഡ്ലെ  സ്വന്തം ജീവന്‍ പണയം വെച്ച് സംഘത്തെ പുനരുജ്ജീവിപ്പിച്ചു. അഞ്ഞൂറില്‍ താഴെ അംഗങ്ങളെ അതിലുള്ളൂ.സ്വന്തം സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയാറുള്ള മഞ്ഞപ്പോരാളികള്‍ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ...അഡോള്‍ഫ് ഹിറ്റ്‌ലര്‍ .  മമ്മാ.. അവസാനത്തെ കത്തില്‍ ഒരു തെരുവുഗായകനെക്കുറിച്ച് പരാമര്‍ശമുണ്ട്. മറ്റൊന്നില്‍ പലഹാരവില്‍പ്പനക്കാരന്‍ അങ്ങിനെ ഓരോന്നിലും ഓരോരുത്തര്‍ .ഇവരെല്ലാം സംഘത്തിലെ അംഗങ്ങളാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ആറ് യോഗങ്ങള്‍ ഞങ്ങള്‍ ചേര്‍ന്നു. ഡോ:ഡ്ലെ അയക്കുന്ന കത്തുകളെല്ലാം ഒറ്റ നോട്ടത്തില്‍ പ്രണയലേഖനങ്ങളാണ് ...കാരണം ഗസ്റ്റപ്പോകളെ ഞങ്ങള്‍ ഭയക്കുന്നു.അതിലെല്ലാം യോഗസ്ഥലം പറഞ്ഞുതരുന്ന ആളെക്കുറിച്ചുള്ള ഒരു സൂചന കാണും.ഇന്ന് അവസാന യോഗവും കഴിഞ്ഞു.നാല് മഞ്ഞപ്പോരാളികള്‍ ഇന്നുരാത്രി മ്യൂണിച്ചിലേക്ക് യാത്ര തിരിക്കുകയാണ്. മരണത്തിന്റെ തോളില്‍ കയ്യിട്ടുകൊണ്ട് അവർ ഫ്യൂററെ തേടിപ്പോകുന്നു. പ്രിയപ്പെട്ട മമ്മാ... അവരിൽ ശപിക്കപ്പെട്ട ഈ സന്തതിയുമുണ്ട്. "               


                 മമ്മ നിലവിളിക്കുമോ എന്ന് ഞാന്‍ ഭയന്നു.പക്ഷെ ഞാന്‍ സൂചിപ്പിച്ചല്ലോ...ഞങ്ങള്‍ ജൂതരാണ് .അവര്‍ വാവിട്ട് കരയില്ല.തല പിളരുവോളം ഭിത്തിയില്‍ ഉറക്കെയിടിക്കും, നെഞ്ചു തകരുവോളം മാറത്തടിക്കും.പക്ഷെ ഉറക്കെക്കരയില്ല. ആ വൃദ്ധ എന്നെ കെട്ടിപ്പിടിച്ചു.അവരുടെ കണ്ണീര് എന്റെ തോളിൽ നനവ്‌ പടർത്തി.മമ്മയുടെ നെഞ്ചിടിപ്പും എങ്ങലും നിശ്വാസവും എന്റെ ഹൃദയം തിരിച്ചറിഞ്ഞു.ഒരു വാക്കുപോലും ഉരിയാടുവാൻ അവരെ ഞാന്‍ അനുവദിച്ചില്ല. എനിക്കറിയാം ...അവരെന്നെ തടയും കാരണം അവര്‍ ഒരമ്മയാണ്.


    "എന്നെ തടയുന്നതില്‍ അർത്ഥമില്ല മമ്മാ..രാജ്യമെമ്പാടും ജൂതരെ കൂട്ടക്കൊല ചെയ്യുന്നു.ഇന്നോ നാളെയോ ഗസ്റ്റപ്പോകള്‍ ഇവിടെയുമെത്തും . സംശയമില്ല  നമ്മളും ഷ്വിറ്റ്‌സില്‍ അവസാനിക്കും.അതിനുമുന്‍പ് ഒരവസാന ശ്രമം.എല്ലാ വര്‍ഷവും  ഒക്ടോബര്‍ 25 ന്   മ്യൂണിച്ച്  യോഗത്തിന്റെ  ഓര്‍മ്മപുതുക്കല്‍ സമ്മേളനത്തിനായി ഫ്യൂറര്‍ ബീർഹാളിലെത്തും. ഇത്തവണ സ്വിസ്  റിപ്പോര്‍ട്ടര്‍മാരായി ഞങ്ങളുംഒരുപക്ഷെ ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഈ മണ്ണിലെ ജൂതര്‍ മതിമറന്നു സന്തോഷിക്കും.പക്ഷെ അപ്പോഴും മമ്മയ്ക്ക് സന്തോഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. മ്യൂണിച്ചിലെ ബീര്‍ഹാളില്‍ നിന്നും ഒരൊറ്റ മഞ്ഞപ്പോരാളിയും ജീവനോടെ  പുറത്തുവരില്ല.എങ്കിലും ജൂതര്‍ ഉള്ളടത്തോളം കാലം അവരുടെ മനസ്സില്‍ ഞങ്ങള്‍ ജീവിക്കും."      


  നെഞ്ചിൽ നിന്നും മമ്മയെ ഞാൻ അടര്‍ത്തിമാറ്റി.വിതുമ്പൽ അടക്കിപ്പിടിച്ച് അവരെന്നോട് ചോദിച്ചു .


"റെഡ് ...മറ്റുള്ളവര്‍ ?" പൂര്‍ത്തിയാക്കുവാന്‍ അവര്‍ക്കായില്ല.


"ജൊനാഥനും ബെന്‍സനും മിഖായേലും.ദൈവം കനിഞ്ഞാല്‍ ജൊനാഥന് ഉന്നം പിഴയ്ക്കില്ല.കൊലപാതകത്തെ ഒരു ജൂതനും ഇഷ്ടപ്പെടുന്നില്ല.പക്ഷെ ഇവിടെ ചെകുത്താന്മാര്‍ ജനിക്കുന്നത് ദൈവനാമത്തിലാണ്".


        ഇരുട്ടു വീണ മുറിയില്‍ നിന്നും വേച്ചുവേച്ച് പുറത്തേക്ക് പോയ മമ്മ എനിക്ക് ആഹാരം വിളമ്പി വെച്ചു. വിശക്കുന്നുണ്ടായിരുന്നില്ല.എങ്കിലും ഞാൻ  കഴിച്ചു. തൊട്ടരുകിൽ ഇരുന്നിട്ടും മമ്മയുടെ മുഖത്തേക്ക് ഞാന്‍ നോക്കിയില്ല.അതെന്നെ ദുര്‍ബ്ബലപ്പെടുത്തുമെന്ന്   ഞാന്‍ ഭയന്നു. 

 

      "മമ്മയുടെ ദൈവം എന്നെങ്കിലും  അനീറ്റയെ  തിരികെക്കൊണ്ടുവരികയാണെങ്കിൽ ആ പ്രണയലേഖനങ്ങള്‍ അവള്‍ക്ക് നല്‍കണം.അത് വായിച്ച് അവളും  മമ്മയെപ്പോലെ പരിഭവിച്ചേക്കും.അവളെ മമ്മ തിരുത്തണം. ഗോപുരം കുത്തി മറിക്കുവാന്‍ പോയ നാല് കൂനനുറുമ്പുകളുടെ കഥ അവളോട്‌ പറയണം." 


        ചിരിച്ചു കൊണ്ട് പറഞ്ഞവസാനിപ്പിക്കുവാനാണ് ഞാന്‍ ആഗ്രഹിച്ചതും ശ്രമിച്ചതും.പക്ഷെ എന്റെ കണ്ണുകളിലെ നനവ്‌ ചിരിയെ വികൃതമാക്കി.ഞാനിറങ്ങുമ്പോള്‍ മമ്മ പ്രാര്‍ഥിക്കുകയായിരുന്നു.യാത്ര ചോദിച്ചതുപോലും അവര്‍ കേട്ടില്ല.എനിക്കുറപ്പായിരുന്നു ആ പ്രാര്‍ഥന എനിക്കുവേണ്ടിയും അനീറ്റയുടെ ആത്മാവിനുവേണ്ടിയുമായിരുന്നു.വാതില്‍ പുറത്തുനിന്നും ചാരി ഞാന്‍ നടന്നു...മുറ്റത്തെ ചെടികളുടെ ഇലക്കൂമ്പുകളില്‍ വിരലോടിച്ചുകൊണ്ട്...അവയും എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.    


                    റയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ രാത്രി ഒന്നര കഴിഞ്ഞു.ജൊനാഥനും ബെന്‍സനും മിഖായേലും എത്തിക്കഴിഞ്ഞിരുന്നു.തൂണിന്റെ ചുവട്ടിലും ഇരുപ്പിടങ്ങളിലുമായി ഓരോരുത്തരും സ്ഥാനം പിടിച്ചു.യാത്രയാക്കുവാന്‍ എത്തിയ  ഡെന്നയും  ഡോ:ആഡ്ലെയും ഒരു മൂലയില്‍ മാറിനില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ യാത്ര  അവിടെനിന്നും തുടങ്ങുകയായിരുന്നു. ബെര്‍ലിനിലെക്കും മ്യൂണിച്ചിലെ ബീര്‍ഹാളിലേക്കും.പിന്നെ ....         





                                                                                                                                           
(If You Really Enjoyed This Story ,Then Please Share It With Your Friends)    

ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി


            ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മെയില്‍ വായിക്കുവാന്‍ ഞാന്‍ മാറ്റിവയ്ക്കാറുണ്ട്. ബ്ലോഗ്‌ എഴുതുന്നതിലുള്ള അതേ താൽപ്പര്യം ഇക്കാര്യത്തിലുമുണ്ട്. കഥകള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾക്കെല്ലാം മറുപടിയും നൽകാറുണ്ട്.മുന്‍പ് ഫേസ് ബുക്കില്‍ ഫാംവില്ല സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. പിന്നെപ്പോഴോ അതുപേക്ഷിച്ചു. പക്ഷെ ഇപ്പോഴും എന്റെ സുഹൃത്തുക്കളിൽ പലരും പൂമ്പാറ്റകളേയും പക്ഷികളേയുമൊക്കെ  അയച്ചുതരാറുണ്ട്.ആ അറിയിപ്പുകള്‍ മെയില്‍ ബോക്സിന്റെ പകുതിയും നിറയ്ക്കും.തുറന്നുപോലും നോക്കാതെ ഡിലീറ്റ് ചെയ്യാറാണ് പതിവ്.പലപ്പോഴും പ്രധാനപ്പെട്ട മെയിലുകളും അബദ്ധവശാൽ ആ കൂട്ടക്കുരുതിയിൽ അകപ്പെടാറുണ്ട്.രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് സിജോ ജോസഫ് എന്നയാളുടെ ഹ്രസ്വമായ ഒരു മെയിൽ ഉണ്ടായിരുന്നു.കഥകളെ സംബന്ധിച്ച അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ആയിരുന്നില്ലത്  .എഴുതിയിരുന്നത് ഇത്രമാത്രം.




        "ബ്ലോഗിലെ കഥകള്‍ വായിച്ചിരുന്നു.താങ്കളുമായി ചാറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.സൗകര്യപ്രദമായ ദിവസവും സമയവും അറിയിക്കുമല്ലോ ?".




            ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം ഞാൻ ഓണ്‍ലൈന്‍ ആയിരിക്കുമെന്ന് മറുപടി നല്‍കി.ഓണ്‍ലൈന്‍ ആയപ്പോള്‍ സിജോയുടെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടു.അത് ഞാന്‍ സ്വീകരിച്ചു. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചാറ്റ് ബോക്സില്‍ അദ്ദേഹത്തിന്റെ ആദ്യസന്ദേശം വന്നു.പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് ഞാൻ സാന്നിധ്യം അറിയിച്ചു. ഞങ്ങൾ നടത്തിയ ആശയവിനിമയം അതേപോലെ ഇവിടെ പകര്‍ത്തുന്നു.



"ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു.താങ്കളുടെ അവതരണശൈലി വളരെ ഹൃദ്യമാണ്.അടുത്തതായി ഒരു നോവൽ എഴുതുവാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ? ".



"അതെ ...അങ്ങനെ കരുതുന്നു"



"നല്ല ഒരു ത്രഡ് ഞാന്‍ നൽകാം.അതൊന്ന് വികസിപ്പിക്കാമോ?"



"അങ്ങനെ എഴുതിയാല്‍ സംതൃപ്തി കിട്ടില്ല.തന്നെയുമല്ല അത് താങ്കളിലെ എഴുത്തുകാരനോട്‌ ചെയ്യുന്ന ദ്രോഹവുമാണ്.ആ കഥ താങ്കള്‍ തന്നെ തയ്യാറാക്കൂ.താങ്കളുടെ പേരില്‍ അത് ഞാൻ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം".



"വേണ്ട സുഹൃത്തേ.എഴുതുവാന്‍ പറ്റിയ സാഹചര്യത്തിലല്ല ഞാന്‍. എനിക്കതിന് കഴിയുമെന്നും തോന്നുന്നില്ല.ജോലിത്തിരക്ക് ഒഴിഞ്ഞിട്ട് സമയവുമില്ല."



"എവിടെയാണ് താങ്കൾ ജോലിചെയ്യുന്നത്".



"ഐ.ടി.മേഖലയിൽ ഉറക്കമിളയ്ക്കുന്ന ഒരു ജർമ്മൻ പ്രവാസി ."



"കൊള്ളാം ".



"ങ്ഹാ...പറഞ്ഞു വന്നതിലേക്ക് വരാം.ഞാന്‍ സൂചിപ്പിച്ച കഥ എന്റെ സൃഷ്ടിയല്ല. ഇവിടെ എനിക്കൊരു സുഹൃത്തുണ്ട്. ...ഗബ്രിയേല്‍ .ജര്‍മ്മന്‍കാരനാണ്.കക്ഷി എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ്.അദ്ദേഹത്തിന്റെ ഔട്ട്‌ ഹൗസിലാണ് എന്റെ താമസം.മുന്‍പ് ഈ ഔട്ട്‌ ഹൗസ് ഒരു ഡംപിംഗ് യാര്‍ഡ്‌  ആയിരുന്നെന്നു തന്നെ പറയാം. തൂത്തുവാരി വൃത്തിയാക്കിയപ്പോള്‍ പഴയ കുറെ പുസ്തകങ്ങളും നോട്ടുബുക്കുകളും കിട്ടി.ഭാഷാഠനം ഇവിടെ നിര്‍ബന്ധിതമായതുകൊണ്ട് അത്യാവശ്യം ജര്‍മ്മന്‍ വായിക്കുവാനും എഴുതുവാനും  എനിക്കറിയാം  .താങ്കള്‍ക്ക് ജര്‍മ്മന്‍ അറിയുമോ ?."



"ഇല്ല...താങ്കള്‍ തുടരൂ" 



"വൃത്തിയാക്കുന്നതിനിടയിൽ വളരെ പഴക്കമുള്ള,ദ്രവിച്ചു തുടങ്ങിയ ഒരു നോട്ട് ബുക്ക്‌ ലഭിച്ചു.അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു.എല്ലാം കൂടി വാരിക്കൂട്ടി തീയിടാൻ തുടങ്ങിയപ്പോഴാണ് അതെന്റെ ശ്രദ്ധയില്‍പെട്ടത്.എടുത്ത് വെറുതേ വായിച്ചുനോക്കി.ആത്മകഥ എന്നൊന്നും അതിനെ വിശേഷിപ്പിക്കാനാവില്ല.എങ്കിലും രസം തോന്നി.  എഴുത്തുകാരനെക്കുറിച്ച് ഗബ്രിയേലിനോട് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹത്തിനും വ്യക്തമായ അറിവില്ലായിരുന്നു."മുത്തച്ഛന്റെ ശേഖരത്തിലെ എന്തൊക്കെയോ കടലാസുകളാണ്" എന്നുമാത്രം പറഞ്ഞു.ആകെക്കൂടി മുപ്പതു പേജുകൾ. തുടക്കവുമില്ല ഒടുക്കവുമില്ല.ഇടയ്ക്കുള്ള കടലാസുകൾ ഭൂരിഭാഗവും കാലപ്പഴക്കത്തില്‍ ദ്രവിച്ചും പോയി.കത്തിച്ചു കളയേണ്ട പാഴ്വസ്തു തന്നെ.കിട്ടിയ പേജുകളാകട്ടെ...ഒരു കഥ സൃഷ്ടിച്ചെടുക്കുവാന്‍  പര്യാപ്തവുമല്ല .എങ്കിലും ഞാനത് നശിപ്പിച്ചില്ല.അതിന്റെ കാരണം പറയും മുന്‍പ് താങ്കളുടെ മെയില്‍ ബോക്സ് ഒന്ന് നോക്കൂ .നോട്ട് ബുക്കിലെ വരികള്‍ എനിക്കറിയാവുന്നതുപോലെ പരിഭാഷപ്പെടുത്തി  അയച്ചിട്ടുണ്ട്. വായിച്ചു നോക്കൂ ..ഞാൻ ലൈനിൽ തുടരാം."


മെയില്‍ ബോക്സിൽ സിജോ പരിഭാഷപ്പെടുത്തിയ മൂന്നു കുറിപ്പുകള്‍  കണ്ടു.


  ഒന്നാം കുറിപ്പ്:-"ഹാളിലെ ജനക്കൂട്ടത്തിന് നടുവില്‍ വച്ച് കൊല്ലപ്പെടും എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഞങ്ങള്‍ ആ സാഹസത്തിന് തയ്യാറായത്. മരണത്തെ ഞങ്ങള്‍ ഭയപ്പെട്ടില്ല. പ്രസംഗപീത്തിനരുകിലേക്ക് അയാൾ  എത്തിയപ്പോൾ ഏവരുടെയും ശ്രദ്ധ  അവിടേക്ക് തിരിഞ്ഞു.പ്രസംഗം ആരംഭിച്ചു. അതൊരു പ്രസംഗമായിരുന്നില്ല.നിരാലംബരായ ഒരു ജനതയോടുള്ള കൊലവിളിയായിരുന്നത്. ലക്ഷ്യത്തില്‍ തറച്ച അമ്പ്‌ പ്രകമ്പനം കൊള്ളുന്നതുപോലെ നാസികളുടെ ഹൃദയത്തില്‍ ജൂതവിരോധം കുത്തി നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു അയാളുടെ ഓരോ വാക്കുകളും.ഞാനവര്‍ക്ക് അടയാളം നല്‍കി.ജൊനാഥന്റെ കൈകള്‍ വിറക്കുന്നത്‌ ആദ്യമായി ഞാന്‍ കണ്ടു.എങ്കിലും അയാളുടെ ശിരസ് ലക്ഷ്യമാക്കി അവന്‍ നിറയൊഴിച്ചു. നിമിഷത്തിന്റെ ആയിരത്തിലൊന്നില്‍ സംഭവിച്ച പിഴവിൽ, അയാളുടെ മുടിയിഴകളെ തഴുകിപ്പോയ ബുള്ളറ്റിന് ലക്‌ഷ്യം പിഴച്ചു.കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹാളിലെ ജനക്കൂട്ടം ഒന്നടങ്കം ഞെട്ടി.സുരക്ഷാവലയം തീർക്കുവാനായി  ഭടന്മാര്‍  പാഞ്ഞടുത്തു.എന്നാൽ കൈകൾ ഉയർത്തി അയാൾ  അവരെ തടഞ്ഞു .ഏതാനും നിമിഷത്തെ നിശബ്ദതയെ   ഭഞ്ജിച്ച് , ജ്വലിക്കുന്ന കണ്ണുകള്‍ ഞങ്ങളുടെ മുഖത്തുപ്പിച്ചു കൊണ്ട്‌ അയാള്‍ പ്രസംഗം തുടര്‍ന്നു.ഗസ്റ്റപ്പോകൾ ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. "



         രണ്ടാം കുറിപ്പ്:-"മുട്ടിനുതാഴെ ദുര്‍ബ്ബലമായ അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങുന്ന വേദന.ശരീരവും മനസും വാടിത്തളര്‍ന്നു.അതെല്ലാം മറന്ന് സ്വാതന്ത്ര്യത്തിന്റെ ആ വിടവിലേക്ക് സര്‍വ്വശക്തിയും സംഭരിച്ച് ഞാന്‍  പാഞ്ഞു. പിന്നില്‍നിന്നും ശിരസിനെ ലക്‌ഷ്യം വെച്ചെത്തുന്ന ബുള്ളറ്റുകളെ പ്രതീക്ഷിച്ചുകൊണ്ടു തന്നെ. അതിലൊന്ന് എന്റെ ഇടത്തേ ചെവിയുടെ മാംസളമായ ഭാഗത്തെ ചിതറിച്ചുകൊണ്ട് പാഞ്ഞുപോയി.പുറത്തേക്കുള്ള കുതിപ്പില്‍ ആ വേദന എനിക്കനുഭവപ്പെട്ടില്ല.ആ നീറ്റലും ഞാനറിഞ്ഞില്ല.".


   മൂന്നാം കുറിപ്പ്:-"ശബ്ദിക്കുവാന്‍ കഴിയാത്ത വിധം പിന്നിൽ നിന്നും അവളുടെ വായ ഞാന്‍ പൊത്തിപ്പിടിച്ചു. എനിക്ക് തല ചുറ്റുന്നുണ്ടായിരുന്നു.ഏതു നിമിഷവും താഴെ വീണുപോകുംവിധം   ക്ഷീണിതനുമായിരുന്നു. വിറച്ചുകൊണ്ടാണെങ്കിലും അവളുടെ കഴുത്തില്‍ ഞാൻ കത്തി ചേര്‍ത്തുപിടിച്ചു.ശബ്ദം താഴ്ത്തി അവളുടെ ചെവിയില്‍ പറഞ്ഞു."പെണ്ണേ ...മറ്റൊരു അവസരത്തിലായിരുന്നെങ്കില്‍ നിന്നെ ഞാന്‍  ബലമായി ഭോഗിക്കുമായിരുന്നു.പക്ഷെ ഇപ്പോള്‍ ഞാന്‍  വല്ലാതെ ക്ഷീണിതനാണ്...കാര്‍ന്നുതിന്നുന്ന വിശപ്പും. എനിക്കിത് സഹിക്കാനാവുന്നില്ല.ഹൃദയമിടിപ്പിനപ്പുറം നിന്നില്‍ നിന്നും ഒരു ശബ്ദമുയർന്നാൽ...യാതൊരു സംശയവുമില്ല... ഞാനിത് നിന്റെ കഴുത്തിലിറക്കും. മനുഷ്യമാംസം ഭക്ഷിക്കുവാനും ഞാന്‍ മടിക്കില്ല ".


          പരസ്പര ബന്ധമില്ലാത്ത ഈ  വരികളാണ് സിജോ അയച്ചു തന്നത്.തിരികെ ചാറ്റ് ബോക്സിലെത്തിയ ഉടൻ കഥയുടെ തുടര്‍ച്ച വ്യക്തമാക്കുന്ന കുറിപ്പുകൾ സിജോയോട് ഞാൻ ആവശ്യപ്പെട്ടു.പക്ഷെ നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്.

"ക്ഷമിക്കണം...വേണമെങ്കിൽ ഇതുപോലെയുള്ള രണ്ടോ മൂന്നോ കുറിപ്പുകള്‍ കൂടി തരാം.അത് മാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളതും. കഥയുടെ ത്രഡ് എന്നതുകൊണ്ട് തുടക്കത്തില്‍ ഞാന്‍ ഉദ്ദേശിച്ചത് ഈ കുറിപ്പുകളാണ്.ഇവയെ ബന്ധിപ്പിക്കുവാന്‍ താങ്കള്‍ക്ക് സാധിച്ചാല്‍ ഒരു നല്ല കഥ സൃഷ്ടിക്കുവാൻ കഴിഞ്ഞേക്കും."



"ശ്രമിച്ചു നോക്കാം.ഗബ്രിയേലിന്റെ മുത്തച്ഛന്റെതാണോ ഈ കുറിപ്പുകൾ?"


"അല്ല...അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ഗവേഷണത്തിനു വേണ്ടി ആരിൽ നിന്നോ സംഘടിപ്പിച്ചതാണിവ ."


"മനസിലായില്ല"


"വ്യക്തമാക്കാം ..."


"ഹോളോകോസ്റ്റ് റിസേർച്ച്‌ ഇൻസ്റ്റിട്ട്യൂട്ടിന്റെ മേധാവിയായിരുന്ന അദ്ദേഹത്തിന്റെ പേര് പ്രോഫസ്സർ:കെവിൻ എന്നായിരുന്നു. ഓഷ്വിറ്റ്‌സ് തടങ്കൽ പാളയത്തിൽ ജൂത തടവുകാർ നടത്തിയ ഏതോ ഒരു കലാപം സംബന്ധിച്ച ഗവേഷണത്തിലായിരുന്നു അദ്ദേഹം . എന്നാൽ അത് പൂർത്തിയാക്കും മുൻപ് അദ്ദേഹം മരണമടഞ്ഞു. അടുത്ത തലമുറയ്ക്ക് അതിലൊന്നും താൽപ്പര്യമില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ഗവേഷണശാല കാലാന്തരത്തിൽ ചരിത്രരേഖകളുടെ ഒരു ഡംപിങ്ങ് യാർഡായി മാറി. ദാശാബ്ദങ്ങൾക്കുശേഷം അവിടെ താമസം തുടങ്ങിയ ഈ പുതിയ അന്തേവാസിയുടെ കൈകളിലേക്ക് ആ കടലാസുകൾ വന്നുചേർന്നു."


"ഓഹ്...സിജോ അവിടെയാണ് താമസം തരപ്പെടുത്തിയത് ..അല്ലേ?"


"അതേ..."


"അപ്പോൾ ഇതിന്റെ യഥാർത്ഥ ഉടമസ്ഥൻ പ്രോഫസ്സർ കെവിൻ അല്ല. എഴുത്തുകാരനെക്കുറിച്ച്  കൂടുതലായി അറിയുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?"


"വളരെ ബുദ്ധിമുട്ടാണ്. അതിരിക്കട്ടെ...കുറിപ്പുകള്‍ വായിച്ചപ്പോള്‍ നായകനെക്കുറിച്ച് എന്ത്  തോന്നുന്നു?"


"ഒരു പോരാളിയെന്നോ...വിപ്ലവകാരിയെന്നോ ഒക്കെ പറയാം"


"ശരിയാണ്...ആ  കുറിപ്പുകള്‍ക്കൊപ്പം ഒരു ചിത്രം കൂടിയുണ്ടായിരുന്നു. അയാള്‍  ആര്‍ക്കെതിരെയാണോ  പൊരുതിയത്  അയാളുടെ ചിത്രം. അതുള്‍പ്പെടെ എല്ലാ പേജുകളും  താങ്കള്‍ക്ക് ഞാന്‍ അയച്ചു കഴിഞ്ഞു .ഒരിക്കല്‍ കൂടി മെയില്‍ നോക്കൂ .ഞാനിവിടെ തുടരാം "         


           നിമിഷങ്ങള്‍ക്കുള്ളില്‍  അവയെല്ലാം ഞാന്‍ വായിച്ചുതീർത്തു.ആ ചിത്രം കണ്ടപ്പോള്‍ നടുങ്ങിപ്പോയി. കൂടുതലൊന്നും ആലോചിക്കാതെ ഞാൻ മറുപടി  നല്‍കി.


"സിജോ...എനിക്ക് ഇതിൽ താൽപ്പര്യമുണ്ട്.ഈ കുറിപ്പുകൾ വികസിപ്പിക്കുവാൻ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും ".


"തുടർന്ന് വായിക്കുമ്പോൾ ഇത് പരാജിതനായ ഒരു പോരാളിയുടെ അനുഭവക്കുറിപ്പുകളാണെന്ന് താങ്കൾക്ക് മനസിലാകും. അതുകൊണ്ട് ഇതൊരു കഥയാക്കിയാലും നോവലാക്കിയാലും ആ വ്യക്തിയോടും കാലഘട്ടത്തോടും നീതി  പുലർത്തുവാൻ താങ്കൾ  ബാധ്യസ്ഥനാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിക്കരുത്‌.


"ഒരിക്കലുമില്ല..."


"ഈ കഥയ്ക്ക്‌ താങ്കള്‍ എന്ത് പേരാണ് നല്‍കുവാൻ ഉദ്ദേശിക്കുന്നത്?"


"ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി".എന്തുകൊണ്ടെന്നറിയില്ല അങ്ങിനെ ഒരു പേരാണ് മനസ്സില്‍ വന്നത്.

     ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി തന്റെ കുറിപ്പുകളില്‍ പരാമര്‍ശിച്ച ആ പ്രതിനായകൻ ആരെന്നറിയുവാൻ പ്രിയ വാനയക്കാരാ ,താങ്കൾക്കും ആകാംക്ഷയുണ്ടെന്ന് എനിക്കറിയാം. കാലവും  മനുഷ്യനും  മറക്കാത്ത   ചിത്രത്തില്‍  നിന്നും നമ്മള്‍ തുടങ്ങുകയാണ്...പരാജിതനായ ഒരു പോരാളിയുടെ കഥ. ഈ കാല്‍ച്ചുവട്ടില്‍ പുഴുക്കളെപ്പോലെ ഞെരിഞ്ഞമര്‍ന്ന ആയിരങ്ങളില്‍ ഒരുവന്റെ കഥ.



                                                                                                                                                      
(Join This Site To Get New Stories in Seconds)  
(If You Enjoyed This Post, Please Take 5 Seconds To Share It)

സഖാവും ഉപ്പിലിട്ട ഷക്കീലയും

                   ടോമിന് ജെറിയും വിജയന് ദാസനും പോലെയാണ് എനിക്ക് സഖാവ്.നിങ്ങളില്‍ ചിലര്‍ക്കൊക്കെ സഖാവിനെ പരിചയം കാണും.ചാളമാലയില്‍ തുടങ്ങി കക്ഷിയെക്കുറിച്ച് പലതും  ഞാന്‍ എഴുതിയിരുന്നു.പുരാണം പറഞ്ഞ് സമയം കളയുന്നില്ല.കാര്യത്തിലേക്ക് വരാം .
               സഖാവ് എഴിലക്കര പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട കഥയാണ്‌ ഇന്നിവിടെ പറയുന്നത്.ഞങ്ങള്‍ രണ്ടുപേരും കലാലയ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.അതിനുശേഷം ഞാന്‍ ഒരു സര്‍ക്കാര്‍ ജോലിയുമായി ഒതുങ്ങിക്കൂടി.പക്ഷെ സഖാവ് പ്രാദേശിക രാഷ്ട്രീയത്തില്‍ പയറ്റിത്തുടങ്ങി.ഞങ്ങള്‍ രണ്ടുപേരും എഴിലക്കര പഞ്ചായത്തിലെ നിവാസികളായിരുന്നു.ഞാന്‍ എട്ടാം വാര്‍ഡിലും ചങ്ങാതി നാലാം വാര്‍ഡിലും.1999 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സഖാവ് എന്റെ വാര്‍ഡില്‍ നിന്നും മത്സരിക്കുവാന്‍ തീരുമാനിച്ചു.സ്വന്തം വാര്‍ഡ്  ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടി വന്നതുകൊണ്ടാണ് എട്ടാം വാര്‍ഡില്‍ സഖാവിനെ മത്സരിപ്പിച്ചത്. 
രാവിലെ ഓഫീസില്‍ പോകുവാന്‍ ഇറങ്ങിയപ്പോള്‍ സഖാവ് പൂമുഖത്ത് ."എടേ..ഞാന്‍ ഇവിടെ നിന്നും മത്സരിക്കുവാ.നിന്റെ ഒരു സഹായം വേണം .വൈകിട്ട് കാണണം.അത്യാവശ്യമാണ് " .           മുന്‍പ് പലപ്പോഴും സഹായിക്കുവാന്‍ പോയ അനുഭവം ഉള്ളതിനാല്‍ ഭവ്യതയോടെ ...എളിമയോടെ ..വിനീതനായി ഞാന്‍ പറഞ്ഞു  
" പൊന്നു  മച്ചാനെ , വല്യ കുഴപ്പമില്ലാതെ ജീവിച്ചു പോകുവാ..."
       ഞാന്‍ പറഞ്ഞത് കേള്‍ക്കാത്ത മട്ടില്‍ സില്‍ബന്തികളുമായി  അടുത്ത വീട്ടിലേക്ക് അവന്‍ പോയി.നിര്‍ദോഷമായ പാരകള്‍ പരസ്പരം വയ്ക്കുമെങ്കിലും ,ഒരാവശ്യം വന്നാല്‍ അവനെ സഹായിക്കാതിരിക്കുവാന്‍ എനിക്കാവില്ല(വരാനുള്ളത് വഴിയില്‍ തങ്ങില്ല, വിനാശകാലേ വിപരീതബുദ്ധി എന്നൊക്കെ പഴമക്കാര്‍ പറയും).വൈകിട്ട് പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോള്‍ ,കക്ഷി കാര്യമായ ആലോചനയിലായിരുന്നു.   
എന്നോട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച്,മുകളിലോട്ടും നോക്കിയുള്ള ഇരിപ്പ് തുടര്‍ന്നു.എന്താണ് കാര്യം എന്ന് ഞാന്‍ ചോദിക്കണം .അതാണ്‌ ഉദ്ദേശ്യം..അത് വേണ്ട .അടുത്തു കിടന്ന പത്രം എടുത്ത് ഞാന്‍ വിശദമായ വായന തുടങ്ങി.മുരടനക്കി ഒരു ഇ .എം .എസ്  ലൈനില്‍ സഖാവ് സംസാരിച്ചു തുടങ്ങി.
"ഇലക്ഷനില്‍ ഞാന്‍ പൊട്ടും .ഉറപ്പാണ് ,പക്ഷെ നീ വിചാരിച്ചാല്‍ സംഗതി നടക്കും "
" മനസിലായില്ല ?"
"പറയാം ..പറയാം ...കഴിഞ്ഞ രണ്ട് പഞ്ചായത്ത് ഇലക്ഷന്റെയും ഒരു ഉപതെരഞ്ഞെടുപ്പിന്റെയും റിസള്‍ട്ട് പരിശോധിച്ചു. പതിനഞ്ചും മുപ്പതിനും ഇടയ്ക്കാണ് ഇവിടെ പാര്‍ട്ടിസ്ഥാനാര്‍ഥികള്‍ തോറ്റത്.   ആറാംവാരി കോളനിയില്‍ നിന്നാണ് പണി കിട്ടുന്നത്.അവരെ കയ്യിലെടുത്താല്‍ സംഗതി സക്സസ്.അതിന് നീ മനസ് വയ്ക്കണം "
" തടി കേടാവുന്ന ഐറ്റമാണോ  ?"
"ഹേയ് .....എന്റെ കൂടെ വോട്ട് പിടിക്കാന്‍ അവിടം വരെ ഒന്ന് വരണം. ഈ വാര്‍ഡിലെ പകല്‍ മാന്യന്‍ എന്ന നിലയില്‍ നിനക്കൊരു  സൊല്‍പ്പം വിലയുണ്ടല്ലോ. അതെനിക്കൊന്ന് കടം തരണം .അത്രേയുള്ളൂ " 
കാര്യം ആലോചിച്ചപ്പോള്‍ എനിക്കും കുഴപ്പമൊന്നും തോന്നിയില്ല.ചേതമില്ലാത്ത ഉപകാരം (അവനവന്‍ കുഴിക്കുന്ന കുഴി ) 
     പിറ്റേന്ന് രാവിലെ ആഫീസിലെത്തി രണ്ട് ദിവസത്തെ ലീവും കൊടുത്ത്,ഉച്ചയോടെ ഞാന്‍ ചന്തക്കവലയിലെത്തി.സഖാവ് ഒരു ഓട്ടോറിക്ഷയുമായി എന്നെയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.കാര്യമായ ആ സ്വീകരണത്തില്‍ സത്യമായും ഒരപാകതയും  എനിക്കപ്പോള്‍  തോന്നിയില്ല.വണ്ടി നേരെ  ആറാംവാരി കോളനിയിലേക്ക് .ഓട്ടോ പറഞ്ഞുവിട്ട് സഖാവ് മുന്നില്‍ നടന്നു.ആദ്യമാദ്യം കണ്ട വീടുകളിലൊന്നും കയറാതെ മൂലയിലെ ഓടിട്ട വീടിന്റെ മുന്നില്‍ നിന്നു.തിരിഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ചു .കര്‍ത്താവാണേ..തലയില്‍ 11 കെ .വി ലൈന്‍ പൊട്ടി വീണിരുന്നെങ്കില്‍ പോലും ഇത്രയും പെരുപ്പുണ്ടാകുമായിരുന്നില്ല. നാണിത്തള്ളയുടെ വീട്. അക്ഷരമാല നിമിഷങ്ങള്‍ക്കുള്ളില്‍ പുനക്രമീകരിക്കുവാന്‍ കഴിവുള്ള സ്ത്രീരത്നം.ചില നാട്ടില്‍ അതിന് പള്ള്,ചീത്ത, തെറി എന്നൊക്കെ പറയും .സംഗതിയുടെ കിടപ്പ് എനിക്ക് വ്യക്തമായി.അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ശരിയാക്കി കൊടുത്തത് ഞാനായിരുന്നു.അത് സഖാവിനറിയാം.അതിന്റെ ഉപകാരസ്മരണ വോട്ടാക്കാനാണ് സഖാവിന്റെ ഉദ്ദേശ്യം.മക്കളും കൊച്ചുമക്കളും ഒക്കെയായി പത്തിരുപത്തഞ്ച് വോട്ടുണ്ട് .ഒത്താല്‍ ബമ്പര്‍ .പക്ഷെ സഖാവിനെയും കൊണ്ട് ആ വീട്ടില്‍ കയറാന്‍ എനിക്ക്  ധൈര്യമില്ലായിരുന്നു.കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ തന്നെ നാണിത്തള്ളയ്ക്ക് കലിയിളകും.പിന്നെ കൊടുങ്ങല്ലൂര്‍ പൂരമാണ്‌ .പണ്ട് അവരും  കടുത്ത കമ്യൂണിസ്റ്റ് ആയിരുന്നു  .പക്ഷെ അവരുടെ എന്തോ കാര്യം പാര്‍ട്ടിക്കാര്‍ ചെയ്തുകൊടുത്തില്ല എന്ന പേരില്‍ പിണങ്ങി.എത്രയും പെട്ടന്ന് അവിടെനിന്നും പോകാമെന്നു പറഞ്ഞ് അവന്റെ കയ്യില്‍ പിടിച്ച് വലിച്ചെങ്കിലും അല്‍പ്പം താമസിച്ചുപോയി.കര ..കര ശബ്ദത്തോടെ വാതില്‍ തുറന്ന് നാണിത്തള്ള തൊട്ടുമുന്നില്‍ .ഉപ്പിലിട്ട ഷക്കീലയുടെ രൂപം.എന്നെ കണ്ടതും വെളുക്കെ ചിരിച്ചുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു.എന്റെ സുഹൃത്തെന്ന പേരില്‍ സഖാവിനെയും പരിചയപ്പെടുത്തി. പാര്‍ട്ടിസ്ഥാനാര്‍ഥിയാണെന്ന കാര്യം പോലും മിണ്ടിയില്ല. സൌഹൃദ സംഭാഷണത്തിലൂടെ  സഖാവ് കാര്യങ്ങള്‍ പലതും മനസിലാക്കി .നാണിത്തള്ളയ്ക്ക് പാര്‍ട്ടിക്കാരോടുള്ള ദേഷ്യത്തിന്റെ മൂലകാരണം...കര്‍ഷകതൊഴിലാളി പെന്‍ഷനാണ് . പഞ്ചായത്ത്, പാര്‍ട്ടി ഭരിച്ചിരുന്ന സമയത്താണ് അവര്‍ അപേക്ഷ നല്‍കിയത്.പക്ഷെ തള്ളിക്കളഞ്ഞു. അവര്‍ക്ക് അതിനുള്ള അര്‍ഹത ഇല്ലായിരുന്നു എന്നത് മറ്റൊരു  വാസ്തവം . എന്തായാലും കൊള്ളാം അതോടെ പാര്‍ട്ടിയെ  നാണിത്തള്ള വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ചു.  ചുരുക്കത്തില്‍ നാണിത്തള്ളയുടെയടക്കം ആ വീട്ടിലെ പത്തിരുപത്തഞ്ച് വോട്ട് ...സ്വാ........ഹ.
എല്ലാം കേട്ട ശേഷം സഖാവ് പറഞ്ഞു 
"അമ്മച്ചീ ...പെന്‍ഷന്റെ കാര്യം ഞാനേറ്റു."
അവനുറപ്പ് കൊടുത്തപ്പോള്‍ എന്റെ നെഞ്ചു കാളി.മടങ്ങുന്ന വഴി വായില്‍ വന്നതെല്ലാം അവനെ പറഞ്ഞു.എന്നെ സാക്ഷിയാക്കി ഉറപ്പുകൊടുത്തിട്ട് കാര്യം നടന്നില്ലെങ്കില്‍ എനിക്ക് പിന്നെ നാട്ടില്‍ കിടക്കേണ്ട.കുടുംബമടച്ച്‌  അവര് ചീത്ത വിളിക്കും .     ചങ്കുറപ്പോടെയാണ് എനിക്ക് സഖാവ് മറുപടി നല്‍കിയത്
"കൊടുത്ത വാക്ക് പാലിക്കാന്‍ എനിക്കറിയാം.പെന്‍ഷന്‍ ശരിയാക്കിയിട്ടേ ഇനി നമ്മള്‍ അവരെ കാണൂ .എന്താ പോരെ ?."
ഞാനും സമ്മതിച്ചു.രണ്ട് ആഴ്ച കഴിഞ്ഞ് വീണ്ടും കണ്ടപ്പോള്‍ ആത്മവിശ്വാസത്തോടെ സഖാവ് പറഞ്ഞു
"വാ ..നമുക്കവരെ കാണാം ,പെന്‍ഷന്‍ ഓക്കേ."
വിശ്വസിക്കാനായില്ല.എങ്കിലും സംഭവം നടന്നു എന്ന് ഉറപ്പായ സ്ഥിതിക്ക് അവരെ കാണുവാന്‍ ഒരുമിച്ചാണ് ഞങ്ങള്‍ പോയത് . അകലെനിന്നും ഞങ്ങളെ കണ്ടതും നാണിത്തള്ളയുടെ മുഖം തെളിഞ്ഞു.  കരിങ്കൂവള പൂവുകൊണ്ട്  പൂക്കളം ഇട്ടപോലെ. എനിക്കുറപ്പായി സഖാവ് ആള് പുലി തന്നെ .പറഞ്ഞപോലെ സംഗതി നടത്തി.ഊഷ്മളമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.മക്കളും കൊച്ചുമക്കളും എല്ലാം ഉണ്ട് .രജനീകാന്തിനെ നേരില്‍ കാണുന്ന  തമിഴ് മക്കളുടെ  ഭാവത്തോടെയാണ് എല്ലാവരും സഖാവിനെ നോക്കിയത്.നാണിത്തള്ള പെന്‍ഷന്‍ കിട്ടിയതുമായി ബന്ധപ്പെട്ട് വാതോരാതെ നന്ദിയറിയിക്കുകയാണ് .ഇതൊക്കെ എത്ര നിസ്സാരം എന്ന ഭാവത്തോടെ സഖാവും. കഥകളി കാണുന്ന സായിപ്പിനെപ്പോലെ ഞാനും.അവസാനം സഖാവ് കാര്യങ്ങള്‍ അവതരിപ്പിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ടെന്നും അമ്മച്ചി അനുഗ്രഹിക്കണമെന്നും ,കൂട്ടത്തില്‍ വോട്ട് നല്‍കണമെന്നും പറഞ്ഞു.നാണിത്തള്ളയും ഹാപ്പി.ഇരുപത്തഞ്ച് വോട്ടും ഓക്കേ.
        ചായസല്‍ക്കാരത്തിന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. മേശയ്ക്കരുകില്‍ ഇരുന്നു. അകത്തെ മുറിയില്‍ നിന്നും വല്ലാത്ത മൂത്രനാറ്റം.നാണിത്തള്ള ആ വശത്തെ കതക് ചാരി .കൂട്ടത്തില്‍ ഒരാത്മഗതവും.
" കെട്ട്യോനാ ..കിടപ്പിലാ.തീട്ടോം മൂത്രോം എല്ലാം  കിടക്കേല്‍ തന്നാ."
വെളുത്ത പാത്രത്തില്‍ ലഢുവും മുറുക്കും മേശപ്പുറത്തെത്തി. മേശയുടെ മൂലയില്‍ മീന്‍ മുള്ള് രണ്ടെണ്ണം(തലേന്നത്തെ അത്താഴത്തിന്റെ ഫോസ്സില്‍ ).  മുറിയുടെ മൂലയില്‍ ഹുക്കുപോയ നിക്കറിട്ട ഒരു അളുങ്കു ചെറുക്കന്‍ -നാണിത്തള്ളയുടെ ചെറുമകന്‍ .അവന്റെ കണ്ണുകള്‍ ഈച്ചയെപ്പോലെ  ലഢുവിനു ചുറ്റും പാറിനടക്കുന്നു.ഇറച്ചിക്കടയ്ക്കു  മുന്നിലെ കാക്കയെപ്പോലെ .കൂനിന്‍മേല്‍ കുരു എന്നപോലെ നാരങ്ങാവെള്ളവും എത്തി.ഗ്ലാസ്‌ എടുത്ത് മൂക്കിനോടടുപ്പിച്ചപ്പോള്‍ തന്നെ മീനിന്റെ ഉളുമ്പ് നാറ്റം.ദയനീയമായി ഞാന്‍ സഖാവിനെ നോക്കി.അവന്‍ കണ്ണ് കാണിച്ചു.കുടിക്കണം ,കുടിച്ചേ പറ്റൂ..ഇല്ലെങ്കില്‍ അവരത് ശ്രദ്ധിക്കും.പത്തിരുപത്തഞ്ച് വോട്ടിന്റെ കാര്യമാണ്. ഇത്രയും കാര്യങ്ങള്‍ ആ നോട്ടത്തില്‍ ഉണ്ടായിരുന്നു.ഈശ്വരാ ..എന്തൊരു പരീക്ഷണമായിരുന്നത്.ഒരു നിമിഷം ശ്വാസം പിടിച്ച്, ഒറ്റവലിക്ക് ഞാനത് അകത്താക്കി.വെള്ളമൊഴിക്കാതെ റമ്മടിച്ചിട്ടുണ്ട്,അച്ചാറില്ലാതെ കള്ളും കുടിച്ചിട്ടുണ്ട് .പക്ഷെ അന്നൊന്നും ഇത്ര ബുദ്ധിമുട്ട് തോന്നിയിട്ടില്ല.എത്രയും പെട്ടെന്ന് അവിടുന്നിറങ്ങുക എന്നതായിരുന്നു ഏകലക്‌ഷ്യം.പക്ഷെ സഖാവ് അപ്പോഴും സംസാരിച്ചുകൊണ്ടിരുന്നു. അവന്‍ നാരങ്ങാ വെള്ളം കുടിച്ചിട്ടില്ല.കുടിക്കട്ടെ ...അത് കുടിക്കുമ്പോഴുള്ള  അവന്റെ മുഖഭാവം കാണുവാന്‍ വേണ്ടി ആവേശത്തോടെ ഞാന്‍ കാത്തിരുന്നു.സംസാരമെല്ലാം കഴിഞ്ഞപ്പോള്‍ സഖാവ് ആ ചെറുക്കനെ അടുത്തേക്ക്‌ വിളിച്ചു.പേരും നാളും കുശലാന്വേഷണവും.ഇടയ്ക്ക് ഗ്ലാസ്‌ കയ്യിലെടുത്തു.
"മോന്‍ കുടിച്ചോ ?"
"ഇല്ല "
ഒരു സ്നേഹോദാര്യം എന്നപോലെ അത് ചെറുക്കന് കൊടുത്തു. ചെറുക്കന്‍ ഗ്ലാസ്‌ കാലിയാക്കി ചിറിതുടച്ചു.സഖാവ് എന്നെ പാളി നോക്കി ഒന്ന് ചിരിച്ചു.കാക്കയുടെ വിശപ്പും മാറി പശുവിന്റെ ചൊറിച്ചിലും പോയി.
        തെരഞ്ഞെടുപ്പ് ഫലം വന്നു. പന്ത്രണ്ട് വോട്ടുകള്‍ക്ക് സഖാവ് എട്ടാം വാര്‍ഡില്‍ നിന്നും ജയിച്ചു.എല്ലാം സമംഗളം അവസാനിച്ച സന്തോഷത്തോടെ ഞാനും ജോലിക്ക് പോയിത്തുടങ്ങി.ഏകദേശം എട്ടു  മാസം കഴിഞ്ഞു കാണും ,നാണിത്തള്ള എന്നെ അന്വേഷിച്ച് ഓഫീസിലെത്തി. സൗഹാര്‍ദ്ദലക്ഷണമായ പുഞ്ചിരിയോടെ ഞാനവരെ സ്വീകരിച്ചു.മറുപടി ഒറ്റ അക്ഷരത്തിലോതുക്കി.
"ഭാ...." അകമ്പടിയായി നിരതെറ്റിയ അക്ഷരമാലകളും.എന്റെ മാനം കപ്പലുകയറി.എന്താണ് സംഭവമെന്ന് വിശദമായി പിന്നീട് അന്വേഷിച്ചു.കാര്യം നിസ്സാരം അവര്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി പെന്‍ഷന്‍ കിട്ടുന്നില്ല. 
           സഖാവിനെ വൈകിട്ട് തന്നെ കണ്ട് കാര്യം അവതരിപ്പിച്ചു.കേട്ട ഭാവമില്ല.ഒരു കാര്യം ഉറപ്പായി എനിക്കിട്ട് പണി കിട്ടി. ആ തള്ളയ്ക്കാണെങ്കില്‍ ഒരു സ്ഥലകാല ബോധവുമില്ല.ബസ്‌സ്ടാന്റിലോ കവലയിലോ എവിടെവച്ച് കണ്ടാലും എനിക്ക് തെറിയഭിഷേകം സൌജന്യമായി കിട്ടിത്തുടങ്ങി.മുങ്ങിനടന്ന സഖാവിനെ അവസാനം ഞാന്‍ തപ്പിയെടുത്തു.എങ്ങിനെയെങ്കിലും അവരുടെ പെന്‍ഷന്‍ ശരിയാക്കിക്കൊടുക്കുവാന്‍ താണുകേണ്   അപേക്ഷിച്ചപ്പോള്‍ അവന്‍ കുമ്പസാരം നടത്തി.
"എന്റെ പൊന്നളിയാ ..നീ ക്ഷമിക്കണം.അവരുടെ പെന്‍ഷന്‍ ശരിയാക്കുവാന്‍ പഠിച്ച പണി പതിനെട്ടും നോക്കി .ഒരു വഴിയുമില്ല.ഞാന്‍ തന്നെ അവരെ കാണുമ്പോള്‍ മുങ്ങി നടക്കുവാ"
"ഹ....നീ എന്താണ് ഈ പറയുന്നത്.അവര്‍ക്ക് മൂന്നു മാസത്തെ കുടിശിഖസഹിതം പെന്‍ഷന്‍ കിട്ടിയിരുന്നല്ലോ .നീ തന്നെയാണല്ലോ അത് ശരിയാക്കിക്കൊടുത്തതും. കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ എങ്ങിനെയാ ഇല്ലാതായത് "
"അതുപിന്നെ ..അളിയാ ..എല്ലാ മാസവും ആ തള്ളയ്ക്ക് മണിയോര്‍ഡര്‍ അയക്കാനുള്ള സാമ്പത്തികം എനിക്കുണ്ടോ ?"
***********
(If You Enjoyed This Post,Please Take 5 Seconds To Share It )

സ്നേഹിതരേ..


                         പുസ്തകങ്ങളെയും വായനയേയും മറക്കുന്ന മലയാളിയെ,വായനയുടെ വസന്തകാലത്തിലേക്ക് നമുക്കൊരുമിച്ച് തിരികെക്കൊണ്ടുവരാം.പുസ്തകങ്ങളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും,അവര്‍ വായിക്കാത്തതും അറിയാത്തതുമായ സാഹിത്യ സൃഷ്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം .
           നിങ്ങളുടെ ഏവരുടെയും സഹകരണത്തോടുകൂടി മാത്രമേ ഈ സംരംഭം വിജയകരമാക്കുവാന്‍ കഴിയുകയുള്ളൂ.നിങ്ങള്‍ വായിച്ചിട്ടുള്ളതും ,മറ്റുള്ളവര്‍ കൂടി വായിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതുമായ പുസ്തകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ,താങ്കളുടെ പേര് സഹിതം നല്‍കുക .അതിനായി സൈഡ് ബാറില്‍ താഴെ കാണുന്ന "എന്റെ പുസ്തകം" എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ മാത്രം മതി
        പുസ്തകത്തെ സംബന്ധിച്ച താങ്കളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തിയാല്‍ നന്നായിരിക്കും.പുസ്തകം ഏതു വിഭാഗത്തില്‍പ്പെടുന്നുവെന്നും,എഴുത്തുകാരന്റെ പേരും, പ്രസാധകരുടെ വിവരവും ചേര്‍ക്കുവാന്‍ മറക്കരുത്.ശുപാര്‍ശ ചെയ്യുന്ന വ്യക്തിയുടെ പേരുസഹിതം,ബന്ധപ്പെട്ട വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.വിവരങ്ങള്‍ മലയാളത്തിലോ ഇന്ഗ്ലീഷിലോ രേഖപ്പെടുത്താം.ഒരാള്‍ക്ക്‌ എത്ര ശുപാര്‍ശ വേണമെങ്കിലും നല്‍കാം.
            ബ്ലോഗുള്ളവര്‍ ലിങ്ക്,ബ്ലോഗ്‌ നെയിം എന്നിവ കൂടി നല്‍കുക.ക്രമാനുഗതമായി വളരുന്ന ഈ സൈറ്റ് ,സമീപഭാവിയില്‍ ,പുസ്തക പ്രേമികള്‍ക്ക് ഉപകാരപ്രദമാകുമെന്ന്  പ്രതീക്ഷിക്കുന്നു.
               ഇനി സൈഡ്ബാറില്‍ താഴെ കാണുന്ന "എന്റെ പുസ്തകം"എന്ന ലിങ്കില്‍ ക്ലിക്കുക.ഏവരുടേയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നു.ഈ ബ്ലോഗിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം താഴെ കമെന്റ് ആയി രേഖപ്പെടുത്തുക .
                                                                                                                                    സ്നേഹപൂര്‍വ്വം 
                                                                                                                                   അരുണ്‍ ആര്‍ഷ

                                                                                            

മൂന്നാമത്തെ കത്ത്



"കുറച്ചേറെ നേരമായി നീ കാത്തിരിക്കുകയാണ് അല്ലേ?  ..ഞാന്‍ ഒരല്‍പം താമസിച്ചു . ഇനി അതിന്റെ പേരില്‍ ഒരു പരിഭവം വേണ്ട . നോക്കൂ ...ഒരുപാട് ദൂരം ട്രെയിനിലും ബസ്സിലും യാത്ര ചെയ്താണ് ഇവിടെത്തിയത് .എനിക്ക് നോന്നോട് ഒരുപാട് വിശേഷങ്ങള്‍ പറയുവാനുണ്ട് .നീ കേള്‍ക്കുവാനും അറിയുവാനും ആഗ്രഹിച്ച പലതും ..വേണ്ട..വേണ്ട നീ സംസാരിക്കേണ്ട ..ഞാന്‍ പറയുന്നത് കേട്ടാല്‍ മാത്രം മതി .പലപ്പോഴായി ..വര്‍ഷങ്ങളുടെ ഇടവേളകളില്‍, നീ  അയച്ച മൂന്നു കത്തുകളും കിട്ടിയിരുന്നു .ആദ്യത്തെ രണ്ടിനും മറുപടി അയക്കുവാന്‍ സാധിച്ചില്ല .പലപ്പോഴും ആഗ്രഹിച്ചെങ്കിലും ..എന്തോ സാധിച്ചില്ല .പക്ഷെ മൂന്നാമത്തെ കത്ത് കിട്ടിയപ്പോള്‍ ,വന്നു കാണണം എന്ന് തോന്നി . ഈ കൂടികാഴ്ച നീ പ്രതീക്ഷിച്ചിരുന്നു എന്നെനിക്കുറപ്പാണ്..തെറ്റും ശരിയും കൂടിക്കലര്‍ന്ന ബന്ധമല്ലേ പ്രണയം .അവിടെ കുറ്റപ്പെടുത്തലുകള്‍ക്ക് സ്ഥാനമില്ല .നമ്മളിലാരോ ..എപ്പോഴോ വലിചെറിഞ്ഞെങ്കിലും ,അതിന്റെ ഒരു കണിക എവിടെയോ  അവശേഷിച്ചിരുന്നു. ആദ്യത്തെ രണ്ടുകത്തുകളിലും എന്നെ കാണണമെന്നും സംസാരിക്കണമെന്നും നീ ആവശ്യപ്പെട്ടു . ഒരു മറുപടി പോലും നല്‍കാതിരുന്നതിന്റെ കാരണം ഇന്നുമെനിക്കറിയില്ല.നിന്നെ അഭിമുഖീകരിക്കുവാന്‍ എനിക്ക് കഴിയുമായിരുന്നില്ല . എന്തിനാണ് നിന്റെ കണ്ണുകള്‍ നിറയുന്നത് ..എന്റെ വാക്കുകള്‍ കൂടുതല്‍ വേദനിപ്പിക്കുന്നു അല്ലേ? ..ശരി ..അതൊക്കെ പോട്ടെ ..മറ്റു വിശേഷങ്ങള്‍ പറയാം . ഓഹ്...വീണ്ടും ഞാന്‍ മറന്നു ...നീ സംസാരിക്കാന്‍ പാടില്ല, ഞാന്‍ തന്നെ തുടരാം ..ഹ ..ഹ .  മൂന്നാമത്തെ കത്ത് പലവട്ടം ഞാന്‍ വായിച്ചു ..അതിലെ ഓരോ വാക്കിനും ആയിരം മുനകള്‍ ഉണ്ടായിരുന്നു  . എപ്പോഴോ അവ എന്റെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു .ആ വേദനയില്‍ ..ഞാന്‍ തിരിച്ചറിഞ്ഞു..നീ എന്നെ പ്രണയിക്കുന്നു. കാലം പരാജയപ്പെട്ട ആ മുനമ്പില്‍ നിന്നും ,നിന്നെതേടി ഞാന്‍ യാത്ര തുടങ്ങി.
           ട്രെയിനില്‍ നല്ല തിരക്കായിരുന്നു . സ്ലീപ്പറില്‍ ഉറങ്ങാന്‍ സൗകര്യം ഉണ്ടായിരുന്നെങ്കിലും ,എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല . നീ അക്ഷമയോടെകാത്തിരിക്കുകയാനെന്നുള്ള ചിന്തയില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു ..അതിലേറെ ദുഖിതനും . എനിക്കെതിരെ ഇരുന്നിരുന്ന ചെറുപ്പക്കാര്‍ രഹസ്യമായി മദ്യപിക്കുന്നുണ്ടായിരുന്നു.   അവര്‍ എന്നെ ഭയപ്പെടുന്നു ..ഞാന്‍ കണ്ടാല്‍ പ്രശ്നം ഉണ്ടാക്കും എന്ന് കരുതിക്കാണും .സത്യത്തില്‍ എനിക്ക് ചിരിയാണ് വന്നത്.നീ ആലോചിച്ചു നോക്കൂ .. എന്റെ ചെറുപ്പത്തില്‍ ഞാന്‍ കാട്ടിക്കൂട്ടിയതൊക്കെ  ഇവരുടെ ചിന്തക്കും അപ്പുറത്തല്ലേ  ..ഹ ..ഹ .ദൈവമേ... സമാധാനമായി ..നീ ഒന്ന് ചിരിച്ചല്ലോ ...വേണ്ട സംസാരിക്കുവാന്‍ ശ്രമിക്കേണ്ട .ആയിരം വാക്കുകള്‍ക്കും അതീതമാണ് ഈ പുഞ്ചിരി.ആ കുട്ടികള്‍ അല്പം സ്വാതന്ത്ര്യത്തോടെ മദ്യപിക്കട്ടെയെന്നു കരുതി ,പലപ്പോഴും ഞാന്‍ വാതിക്കല്‍ പോയി നിന്നു.തണുത്ത കാറ്റ് മുഖത്തേക്കടിച്ചപ്പോള്‍.... കണ്ണുകള്‍ ചുവന്നു ..നിറഞ്ഞു പോയി എന്ന് തന്നെ പറയാം .ആരെങ്കിലും കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും തെറ്റിധരിച്ചേനെ ...കരഞ്ഞുകൊണ്ട്  വാതിക്കല്‍ നില്‍ക്കുന്ന മനുഷ്യന്‍ ആത്മാഹൂതി ചെയ്യുവാന്‍ പോവുകയാണെ ന്നേ ആളുകള്‍ കരുതൂ ..ഹ ..ഹ ..എന്താ ..ഞാന്‍ വാചകമടിച്ചു നിന്നെ ശല്യപ്പെടുതുകയാണോ?..അല്ല.. അല്ലെ ..ശരി ..തുടരാം ..സ്ഥലപരിചയം ഇല്ലാതിരുന്നതിനാല്‍ ഇവിടെയെത്താന്‍ കുറെ പാടുപെട്ടു .എത്തിയപ്പോള്‍ രാത്രി ഏഴു കഴിഞ്ഞിരുന്നു .ഇനി പ്രവേശനം ഇല്ല എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ..സത്യം..ഞാന്‍ ആകെ തകര്‍ന്നു .മനസുകൊണ്ട് ,നിനക്ക് നല്‍കിയ വാക്ക് പോലും പാലിക്കുവാന്‍ കഴിയുകയില്ലെന്ന് തോന്നി .പക്ഷെ ഭാഗ്യം തുണച്ചു ..ദാ ..ആ നില്‍ക്കുന്ന കാക്കി ട്രൌസറിട്ട , കറുത്ത മനുഷ്യനെ  നീ കണ്ടോ .പല്ലില്‍ പുകയിലകറ പിടിച്ച അയാളെ കണ്ടാല്‍ ഒരു ക്രൂരനാനെന്നെ തോന്നൂ .പക്ഷെ  അയാള്‍ സഹായിച്ചു .ആദ്യം സമ്മതിച്ചില്ല .എവിടെനിന്നും ആണ് വരുന്നതെന്ന് ചോദിച്ചു .കുറെ വര്‍ഷങ്ങള്‍ക്കും അപ്പുറത്ത് നിന്നെന്ന മറുപടിയാണ് നല്‍കിയത് ..അതില്‍ തെറ്റുണ്ടോ? ..നീ പറ ..  കുറെ നേരം എന്റെ കണ്ണില്‍ തന്നെ നോക്കി നിന്നശേഷം  അകത്തേക്ക് പോയ്ക്കൊളാന്‍ അയാള്‍ ആംഗ്യം കാണിച്ചു .അയാളോട് നീ ശുണ്ട്ടി കാണിക്കരുത് . ഇവിടെ നീ ഉള്‍പ്പെടെ എല്ലാവരെയും സംരക്ഷിക്കുന്നത് അയാളാണ് .രാതി ഏറെ ആയി ..നല്ല തണുപ്പു തോന്നുന്നു..നിനക്കരുകില്‍ ചേര്‍ന്നിരുന്നാല്‍ തണുപ്പ് മാറും .പക്ഷെ വേണ്ട ..ഈ അവസ്തയിലാണെങ്കിലും ..അപവാദത്തിനു സാധ്യതയുണ്ട്  .ഹ ..ഹ .മഞ്ഞു വീണ് എന്റെ തലമുടി ആകെ  നനഞ്ഞു . ഇനി ഒരു പനി ഉറപ്പാണ് . നീ കാരണമാണ് ഇതെല്ലാം ... കേട്ടോ. ഓഹ് ..ഞാന്‍ വെറുതെ പറഞ്ഞതാണ് ..അതിന്റെ പേരില്‍ മുഖം വീര്‍പ്പിക്കേണ്ട .ഒരു മാറ്റവും ഇല്ലല്ലോ നിനക്ക് ..ഇത്ര നാളുകള്‍ക്കു ശേഷവും .
 ദാ ഞാന്‍ ഇരിക്കുന്ന ഈ ബഞ്ച് കണ്ടോ . ഈ ബഞ്ചില്‍ നിറയെ മേപ്പിള്‍ ഇലകള്‍ പൊഴിഞ്ഞു  കിടക്കുന്നു .അടുത്തുള്ള മരത്തില്‍ നിന്നും മഞ്ഞുതുള്ളികളും ....കൂട്ടിന് തണുത്ത കാറ്റും .ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നെങ്കില്‍ , എനിക്കുറപ്പാണ് നീ എന്നോട് ചെര്‍ന്നിരുന്നെനെ .പ്രണയം തുളുമ്പുന്ന വാക്കുകളുമായി ...ശരി തല്ക്കാലം ഞാന്‍ പ്രായം മറക്കുന്നു .എല്ലാം മറക്കുന്നു ...വരൂ ..എനിക്കരുകില്‍  ഇരിക്കൂ .
.ഒരു നിമിഷം ..ദാ ആ കാക്കി ട്രൌസറിട്ടയാള്‍ ഇവിടേയ്ക്ക് വരുന്നു ."




"സാര്‍ ..നല്ല മഞ്ഞുണ്ട് ..വേണമെങ്കില്‍ അപ്പുറത്തേക്ക് മാറി ഇരിക്കാം "
"ഹേ ..വേണ്ട ..കുഴപ്പമില്ല "
"ദാ ഇത് കഴിക്കൂ ".വൃത്തികെട്ട പാത്രത്തില്‍ അയാളെനിക്ക് ആഹാരം നീട്ടി .അത് ഞാന്‍ വാങ്ങിയ നിമിഷം തന്നെ, ഞങ്ങളെ ശല്യപ്പെടുത്താതെ അയാള്‍  നടന്നകന്നു .




                "എന്റെ കയ്യിലെ പാത്രം നോക്കിയാണോ നീ ചിരിക്കുന്നത്. നോക്കൂ ..സത്യത്തില്‍ എനിക്ക് വിശക്കുന്നില്ല.അയാള്‍ കാഴ്ചയില്‍ എത്ര വിരൂപനും ആയിക്കോട്ടെ .. നീട്ടിയ ആഹാരം എത്ര മലീമസമാണെങ്കിലും എനിക്ക് നിരസിക്കുവാന്‍ ആവില്ല .കാരണം ഇത് സ്വീകരിച്ചുകൊണ്ട് മാത്രമേ , ചെയ്ത ഉപകാരത്തിന് നന്ദി കാണിക്കുവാന്‍ കഴിയുകയുള്ളൂ . നീ നെറ്റി ചുളിചാലും ..ദാ ..ഞാനിത് കഴിക്കുകയാണ് ."
                   "ജീവിതം എത്ര വിചിത്രമാണ് . ഇത്ര അടുത്തിരിക്കുമ്പോഴും ..സംസാരിക്കുമ്പോഴും ..എന്റെ കണ്ണുക ള്‍ നിന്റെ മുഖം കാണുന്നില്ല  . ഈ നിമിഷം വരെ നിന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയിട്ടില്ല .എനിക്ക് കാണേണ്ട .നിന്നെ വിഷമിപ്പിക്കുവാന്‍ പറഞ്ഞതല്ല .ഞാന്‍ കാണുന്നതും സംസാരിക്കുന്നതും മനസ്സില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്ന മുഖത്ത് നോക്കിയാണ് ...അതേ എനിക്ക് കഴിയൂ ..ദയവു ചെയ്ത് എന്നെ നിര്‍ബന്ധിക്കരുത് . നേരം വെളുത്തു തുടങ്ങി .സമയം നാലരയായി .പണ്ടും നിന്നോട് സംസാരിച്ചിരിക്കുമ്പോള്‍ ,സമയം എന്നെ വഞ്ചിച്ചിരുന്നു  .


 എനിക്കനുവദിച്ചിരുന്ന    സമയം തീര്‍ന്നു . നിന്റെ മൂന്നാമത്തെ കത്തില്‍ ആവശ്യപ്പെട്ടത് പോലെ ...അവസാന കനലും എരിഞ്ഞു തീരും മുന്‍പ് ഞാന്‍ നിനക്കരികിലെത്തി ....സംസാരിച്ചു . നീ ആഗ്രഹിച്ചതുപോലെ ....ഞാന്‍ ദുഖിതനല്ല ...എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ തണുപ്പുകൊണ്ടാവാം ...വീണ്ടും ആവര്‍ത്തിക്കുന്നു ..ഞാന്‍ ദുഖിതനല്ല ..എനിക്കറിയാം ഈ അഗ്നി ജ്വാലകള്‍ക്ക് നിന്നെ ആലോസരപ്പെടുത്തുവാനാവില്ല ...കാരണം സംവത്സരങ്ങള്‍ക്കു മുന്‍പ് തന്നെ ,ഇതിലും തീവ്രമായ പ്രണയാഗ്നിയില്‍ എരിഞ്ഞടങ്ങിയതാണ്.... നിന്നിലെ ഞാനും ...ഞാനെന്ന നീയും ....

(If You Enjoyed This Post,Please Take 5 Seconds To Share It)

ചാള മാല

             
 കലാലയ ജീവിതം ആര്‍ക്കും മറക്കാനാവില്ല .അപ്പോള്‍ പിന്നെ ഒന്നാന്തരം ഉഴപ്പനായിരുന്ന എന്റെ കാര്യം പറയാനുണ്ടോ ? അന്നുഞാന്‍ കാംപസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു .എന്റെ സുഹൃത്തായിരുന്ന സഖാവിനെക്കുറിച്ചും ഞങ്ങളുടെ മറക്കാനാവാത്ത ഒരു  കോളേജ് തെരഞ്ഞെടുപ്പിനെക്കുറിച്ചുമാണ്  എഴുതുന്നത്‌ ..... "ചാള മാല "

                 കാലത്ത് ഒന്‍പതു മണിക്ക് മുന്‍പ് കാമ്പസില്‍ എത്തുമായിരുന്നു .1992 ല്‍ ആണെന്നാണ്‌ എന്റെ ഓര്‍മ...പതിവ് പോലെ കുളിച്ച് കുറി തൊട്ട് ക്ലാസ്സിലെത്തി . എത്ര പെണ്‍കുട്ട്യോളെയാണ് രാവിലെ കാണേണ്ടത് ?..തെരഞ്ഞെടുപ്പ് സമയമായതിനാല്‍  ആ പേരും പറഞ്ഞ് കയറി നിരങ്ങാം .അഞ്ചു ..മഞ്ജു ...കാവ്യാ ...എന്റെ ദൈവമേ ..എണ്ണിയാല്‍ തീരില്ല ...അങ്ങിനെ വൃന്ദാവനത്തിലെ കൃഷ്ണനായി ഞാന്‍ വിലസുകയായിരുന്നു .ശനിയന്മാര്‍ എല്ലാ കാലത്തും ഉണ്ടല്ലോ ..അന്നും ഉണ്ടായിരുന്നു ..അവനാണ് ..എന്റെ സഖാവ് .. പുറകില്‍ നിന്നും നീട്ടി വിളിച്ചു ...
"എടാ ..ഒന്ന് വേഗം വാ "
വൃന്ദാവനത്തില്‍ നിന്നും ഞാന്‍ പുറത്തിറങ്ങി
"എന്താ സഖാവെ ?"
"നമ്മുടെ ഫൈനല്‍ ഇയര്‍ കേമിസ്തൃയിലെ സുമേഷിനെ പ്രിന്‍സിപ്പല്‍  ചീത്ത വിളിച്ചു...ബാസ് ടെഡ് എന്ന് ,പോരാഞ്ഞിട്ട് സസ്പെണ്ടും ചെയ്തു "
"ഏയ്‌ ...അതിന് സാധ്യത ഇല്ല ..പ്രിന്‍സി ആള് ഡീസന്റ് ആണല്ലോ? ......വിശദമായി പറ "
" ഇന്നലെ പ്രിന്‍സി ..അവനെ ഒന്ന് ഗുണദോഷിക്കാന്‍ വിളിച്ചായിരുന്നു "
"എന്നിട്ട്? "
"അവന്‍ ഒന്നും തിരിച്ചു പറഞ്ഞില്ല .എല്ലാം അനുസരണയോടെ നിന്ന് കേട്ടു....പക്ഷെ!! "
"എന്ത് പക്ഷെ... "
"സുമേഷ് തിരിഞ്ഞപ്പോള്‍ അവന്റെ കൈ തട്ടി പേപ്പേര്‍ വെയിറ്റ് ...പ്രിന്‍സിയുടെ ദേഹത്ത് വീണു "
"ദേഹത്ത് എവിടെ ...?"
"ആ ....നെറ്റിയുടെ സൈഡിലോ മറ്റോ ആണെന്ന് തോന്നുന്നു..... "
എന്റെ അടുത്തേക്ക് ചേര്‍ന്ന് നിന്ന് ചെവിയില്‍ തുടര്‍ന്നു......"ഇലെക്ഷനാണ്...പിള്ളേരെ കയ്യിലെടുക്കണം ..."
പിന്നെ മുദ്രാവാക്യംഉയരാന്‍ താമസം ഉണ്ടായില്ല ..പ്രിന്‍സിയും വിട്ടുതരാന്‍ തയ്യാറായില്ല ..വര്‍ഗശത്രുക്കള്‍ പ്രിന്‍സിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ...കാമ്പസ് അന്തരീക്ഷം കാക്കിമയമായി ...ഞങ്ങള്‍ പ്രകടനം നടത്താന്‍  തീരുമാനിച്ചു . എല്ലാവര്‍ക്കും നല്ല ആവേശം ...ടൌണില്‍ നിന്നും പ്രകടനം തുടങ്ങി ...സഖാവ് മുന്നില്‍ നിന്ന് ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ചു
                                       "  ഇന്നീ മണ്ണില്‍ വീണാലും
                                         പിടഞ്ഞു വീണു മരിച്ചാലും
                                         അയ്യോ എന്ന് കരയില്ല
                             അമ്മേയെന്നു വിളിക്കില്ല "...നല്ല ഉശിരന്‍ മുദ്രാവാക്യങ്ങള്‍ .പ്രകടനം കോളേജിനു മുന്നിലെത്തി . പോലീസ് തടഞ്ഞു ..ഉന്തും തള്ളുമായി ......കോളാമ്പി പോലെ എന്തോ ഒന്ന് ആകാശത്തേക്ക് "ശൂ ..."എന്ന ശബ്ദത്തോടെ പറന്നു പൊങ്ങി ഞങ്ങളുടെ മുന്നില്‍ വീണു .....അലാവുദ്ദീന്റെ വിളക്കില്‍ നിന്നും ഭൂതം വരുന്നത് പോലെ അതില്‍ നിന്നും പുക പൊങ്ങി ത്തുടങ്ങി....ടിയര്‍ ഗ്യാസ് ....ഇതു പ്രയോഗിച്ചാല്‍ ഏതു തമ്പുരാനും പറക്കും ..ഇത് നിങ്ങള്‍ക്കും വീട്ടിലിരുന്ന് പരീക്ഷിക്കാവുന്നതെയുള്ളൂ  ...അതിന് ഒരു പുട്ട് കുടത്തില്‍ അര ഭാഗം വെള്ളം എടുത്തു തിളപ്പിക്കുക ..നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ അതില്‍ അഗ്നി ബാം (അര കുപ്പി ), അയോടെക്സ് (അര കുപ്പി ).....അരച്ച കാ‍ന്താരി (ഒരു കപ്പ്) എന്നിവ ചേര്‍ത്ത് ഇളക്കുക ...അതിന് ശേഷം നിവ്യ ക്രീം മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് പോലെ  ടായിഗര്‍ ബാം മുഖത്ത് പുരട്ടുക....വിക്സ് കൊണ്ട് കണ്ണെഴുതി ,കരിമ്പടം പുതച്ച് ,കുടത്തില്‍ നിന്നും ആവി പിടിക്കുക ...ഏറെക്കുറെ ..അതുപോലെ ആണ് ടിയര്‍ ഗ്യാസ്....ആഹ്... കഥയിലേക്ക്‌ വരാം...അങ്ങിനെ ടിയര്‍ ഗ്യാസ് വീണതും രണഭൂമി, മരണ വീട് പോലെയായി ..ആകെ കരച്ചിലും മൂക്കുപിഴിച്ചിലും ...പക്ഷെ സഖാവിനെ അവിടെങ്ങും കണ്ടില്ല .ഒരു മൂലയിലിരുന്നു കണ്ണുതിരുമ്മി നിലവിളിയാണ് (പിടഞ്ഞു വീണു മരിച്ചാലും ..                                         അയ്യോ എന്ന് കരയില്ല ...അമ്മേയെന്നു വിളിക്കില്ല) സത്യത്തില്‍ പോലീസില്‍ നിന്നും ഇത്രയും ഞങ്ങള്‍ പ്രതീക്ഷിച്ചില്ല ..അടുത്ത ദിവസം അല്‍പ്പം കൂടി സമരം ശക്തിപ്പെടുത്തുവാന്‍  തീരുമാനിച്ചു ...വേണ്ടി വന്നാല്‍ തല്ലു കൊള്ളാം..സഖാവും ഞാനും മാനസികമായി തയ്യാറെടുത്തു ..പ്രകടനം തുടങ്ങി ...പെണ്‍കുട്ടികളും ഉണ്ട് (സഖാവിന്റെ ബുദ്ധിയാണ് ...ലാത്തി ചാര്‍ജ് ഉണ്ടാവില്ലല്ലോ )..പതിവ് പോലെ ബാരിക്കേട്‌   ഉപയോഗിച്ച് പോലീസ് തടഞ്ഞു . ആവേശത്തോടെ ആദ്യം സഖാവ് ബാരിക്കേടിനു മുകളിലൂടെ ചാടി ...ഇങ്ങനെ ചാടുന്നവന്റെ കാര്യം പഴയ ATM കൌണ്ടറില്‍ കാര്‍ഡ്‌ ഇടുന്നതുപോലെ ആണ് ..അകത്തേക്കുവച്ച കാര്‍ഡ്‌ മെഷ്യന്‍ വലിച്ചെടുക്കും  കൈയോ,കാലോ ..ബരിക്കേടിനു അപ്പുറത്തെത്തിയാല്‍, പോലീസ്  ഏമാന്മാര്‍  വലിച്ച് അകത്തേക്ക് ഇടും ...പിന്നെ മെഷ്യനില്‍ നോട്ട് എണ്ണുന്നത് പോലെയുള്ള ശബ്ദമാണ് ..പട ..പട ...പട ..അവസാനം കാശു തീര്‍ന്ന കാര്‍ടുപോലെ ഇടിവണ്ടിയില്‍ നിക്ഷേപിക്കും .സഖാവിന്റെ കാര്‍ഡ്‌ കീറുന്നത് ബാരിക്കേടിനു മുകളിരിരുന്ന   ഞാന്‍ കണ്ടു ..എന്താണെന്നറിയില്ല ഞാന്‍  പുറകോട്ടു ചാടി ..പക്ഷെ ഏതോ ഒരു കാക്കിയിട്ട കാപാലികന്‍ എന്റെ ഉടുമുണ്ടില്‍ കയറിപ്പിടിച്ചിരുന്നു. മുണ്ട് അവന്റെ കയ്യില്‍ ...ബോഡി ഷോയ്ക്ക് അര്‍നോള്‍ഡു പോസ് ചെയ്തത് പോലെ ഞാന്‍ പെണ്‍കുട്ടികളുടെ മുന്നിലേക്ക്‌ ....പക്ഷെ അര്‍നോള്‍ഡിന് അടിവസ്ത്രം ഉണ്ടായിരുന്നു ......പേരിനെങ്കിലും!!!!
             വൈകിട്ട്  ഹോസ്ടലില്‍ എത്തി ...ഞാന്‍ കട്ടിലില്‍ കിടന്ന് എന്തോ വായിക്കുകയായിരുന്നു . പഴയ സിനിമയില്‍ ഉമ്മറുവരുന്നതുപോലെ സഖാവ് വാതില്‍ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു . എന്റെ മുന്നിലെത്തി കുനിഞ്ഞ് മുഖത്തേക്ക്  നോക്കി ചോദിച്ചു
"എന്റെ കണ്ണില്‍ നോക്കൂ ..കുഴപ്പം വല്ലതുമുണ്ടോ ?"
ഞാന്‍ വിശദമായി പരിശോധിച്ചു
"ഇല്ല ...എന്തേ ?"
"ഇത് രണ്ടും ഒഴികെ ...ബാക്കി കംപ്ലീറ്റും അവന്മാര്‍ ഇടിച്ചിളക്കി ...ഷയര്‍ ചെയ്യാന്‍ കാണുമെന്നു പറഞ്ഞ നീ വലിഞ്ഞില്ലേ ...അതുംകൂടി കിട്ടി ...താങ്ക്സ് "
ഞാന്‍ തലവഴി പുതപ്പു മൂടി .
രാത്രി എട്ടുമണിക്ക് അവന്‍ എന്നെ വിളിച്ചുണര്‍ത്തി ..
നാളെയാണ് റിസള്‍ട്ട്‌ ..ഞാന്‍ എന്തായാലും തോല്‍ക്കും ..പക്ഷെ ബാക്കി രണ്ടു പേരും ജയിക്കും ...കുറച്ച് ചുവന്ന പനിനീര്‍ പൂവ് വാങ്ങണം ..വിജയികള്‍ക്ക് കൊടുക്കാന്‍ ബൊക്കെ ഉണ്ടാക്കണം ..നീ വാ ..പൂവ് വാങ്ങിവരാം  ...രാവിലെ കിട്ടില്ല .
ബൈക്കില്‍ പോയി പൂവ് വാങ്ങി ..തിരിച്ച് കോളേജിന്റെ മുന്നിലെത്തി ...കൂടുതല്‍ സീറ്റില്‍ ജയം ഉറപ്പാക്കിയ ഞങ്ങളുടെ വര്‍ഗശത്രുക്കള്‍ ..കോളേജിന്റെ മുന്നില്‍ കുറെ കോടി തോരണങ്ങള്‍ കെട്ടി അലങ്കരിച്ചിരുന്നു ...സഖാവ് വണ്ടി അവിടെ നിര്‍ത്തി ..
"നീ ..ഇത് കണ്ടോ ?"
"കണ്ടു...പണി കൊടുക്കാം ...."
"ഉം"
"നീ അതെല്ലാം പെട്ടന്ന് നിരപ്പാക്ക്  ...വണ്ടി  ഞാന്‍  സ്റ്റാര്‍ട്ടാക്കി നിര്‍ത്താം"
ഒരു നിമിഷം കൊണ്ട് ,അവന്മാരുടെ മണിക്കൂറുകള്‍ നീണ്ട കഷ്ടപ്പാട് ,നിര്‍ദയം ഞാന്‍ ചുരുട്ടിക്കൂട്ടി  കൈകളിലാക്കി  ...ആരോ ഓടി വരുന്നു ....ചാടി വണ്ടിയില്‍ കയറി ...സഖാവ് ബൈക്ക് പറപ്പിച്ചു  ..
"ഇത് കളയട്ടെ ? "
 "ഇവിടെ പാടില്ല ....വെയിറ്റ് "
ബൈക്ക് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു മുകളില്‍  നിര്‍ത്തി
"തട്ടിക്കോ!!!!! "
ഏതോ ട്രെയിന്‍ അകലെ നിന്നും വരുന്നുണ്ട് ..ഞാന്‍ അതെല്ലാം മുകളില്‍ നിന്നും ട്രാക്കിലേക്ക് എറിഞ്ഞു ..
തിരിച്ച് ബൈക്കില്‍ കയറി ....പക്ഷെ എന്തോ ഒന്ന് മറന്നത് പോലെ ....എന്റെ ദൈവമേ ..ചുവന്ന പനിനീര്‍  പൂക്കള്‍ ......അതും ട്രാക്കില്‍ എറിഞ്ഞു ...
സഖാവ്  പൂരപ്പാട്ട്    തുടങ്ങി ..
" പൂവ് കിട്ടിയേ പറ്റൂ ....രൂപ കുറെ മുടക്കിയതാ..ബൊക്കെ ഇല്ലാതെ പറ്റില്ല ..നീ എവിടുന്നേലും പൂവുമായി വന്നാല്‍ മതി .."
       അവന്‍ എന്നെ വഴിയില്‍ ഉപേക്ഷിച്ചുപോയി ..ബൊക്കെ ഉണ്ടാക്കിയില്ലേല്‍ അവന്‍ എനിക്ക് റീത്ത് ഉണ്ടാക്കും ..എന്തു ചെയ്യും?.. .പാതിരാത്രിയില്‍ എവിടെ പോയി വാങ്ങും?...ഇനി രാവിലെ വാങ്ങാമെന്നു വച്ചാല്‍ തന്നെ കാശെവിടെ ?..അവസാനം ഒരു വഴി കണ്ടെത്തി ..അവിടെക്കിടന്ന ഒരു പ്ലാസ്റിക് കവറുമായി ഞാന്‍ താഴേക്കിറങ്ങി ...ട്രാക്കില്‍.. പൊന്നു സുഹൃത്തുക്കളേ ...ഇത് വായിക്കുന്ന നിങ്ങളെങ്കിലും, ട്രെയിനിലെ ടോയിലേറ്റ് ഉപയോഗിക്കുന്നതില്‍ ഒരു മര്യാദ കാണിക്കണം ...പ്ലീസ്..
              വളരെ കഷ്ടപ്പെട്ടാണ് കമ്പുകൊണ്ട് തോണ്ടി ആ പൂക്കള്‍ ഞാന്‍ കവറിലാക്കിയത്. ആശിച്ചു വാങ്ങിയ ഒരുകുപ്പി യാഡ് ലെ  പെര്‍ഫ്യൂം പൂക്കളെ സുഗന്ധവല്‍ക്കരിച്ചു ...ഇനി ബൊക്കെ ഉണ്ടാക്കണം ...അല്ല ...ബൊക്കെ തന്നെ വേണോ ?..അതിലും നല്ലത് മാലയല്ലേ ...മാലയുണ്ടാക്കാന്‍ ഞാനൊരു വഴികണ്ടു....
                           പിറ്റേന്ന് രാവിലെ കംപസിലെത്തി ...ക്ലാസ്സിലെ ലലലാമണികള്‍ ഓരോ കിന്നാരം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു . അവര്‍ക്ക് മുന്നിലേക്ക്‌ പത്ത് ഫൈവ് സ്റ്റാര്‍ സമര്‍പ്പിച്ചു ...." ഈ പൂക്കള്‍ കോര്‍ത്ത്‌ മാലയുണ്ടാക്കിത്തരാമോ ...വിജയിക്ക് ചാര്‍ത്താനാണ് " . സമയ ദോഷം പിടിച്ച ഏതോ ഒരുവള്‍ ചോദിച്ചു
"മാലയൊക്കെ കോര്‍ത്തു തരാം ..പക്ഷെ ഒരു പൂവ് തരണം ..."
"ഓ.....അതിനെന്താ ...ഒന്നോ ...അഞ്ചോ എടുത്തോളൂ ..."
കേള്‍ക്കേണ്ട താമസം അവള്‍ ഒരു പൂവ് തലയില്‍ തിരുകി ...അവളുടെ തലയിലൂടെ പാസ്സഞ്ചര്‍ പോകുന്നതുപോലെ തോന്നി . വേറെ ഒരുവള്‍ പൂവെടുത്ത് നല്ലപോലെ മണത്തു ....ഹായ് ......................( കര്‍ത്താവേ ...ആ ...പാപമൊക്കെ ഞാന്‍ എങ്ങിനെ കഴുകിക്കളയും )...പത്ത് മിനിട്ടിനുള്ളില്‍ മാല തയ്യാര്‍ .

                നിമിഷങ്ങള്‍ക്കുള്ളില്‍ റിസള്‍ട്ട്‌ പ്രഖ്യാപിക്കും ...എല്ലാവരും മുള്‍മുനയില്‍ ..അകത്തുനിന്നും ഒരുവന്‍ ഓടിവന്ന് പറഞ്ഞു ....സഖാവ് ജയിച്ചു ...അട്ടിമറി ജയം . സഖാവിനെ കൂട്ടുകാര്‍ തോളില്‍ ചുമന്ന് ആര്‍പ്പുവിളികളോടെ കൊണ്ട് വരികയാണ് ..."എന്നെ വഴിയില്‍ തള്ളിയ സാമദ്രോഹി ..നിനക്കുള്ള പണി ഇപ്പോള്‍ തരാം "
                 അടുത്ത് നിന്ന പ്രീ ഡിഗ്രീ പയ്യനെ ഞാന്‍ വിളിച്ചു .കവര്‍ നീട്ടി ആജ്ഞാപിച്ചു ..."പോയി ..ഈ രക്ത ഹാരം സഖാവിന് ചാര്‍ത്തൂ".അവന്‍ മാലയുമായി സഖാവിന്റെ അടുത്തെത്തി.സഖാവ് ആദ്യം മാലയിലേക്കും പിന്നെ എന്റെ മുഖത്തേക്കും നോക്കി ..പാടില്ല ..പാടില്ല എന്ന് പതുക്കെ തല ആട്ടി കാണിച്ചു .ഞാന്‍ കണ്ട ഭാവം നടിച്ചില്ല .പയ്യന്‍ മാലയുമായി നില്‍ക്കുകയാണ് ...അടുത്തുനിന്ന മറ്റാരോ ആ ദൌത്യം ഭംഗിയായി നിര്‍വഹിച്ചു . പിടലിയില്‍ ചൊറിയന്‍ പുഴുവിനെ ഇട്ടതു പോലെ സഖാവ് പുളഞ്ഞു ...ആത്മ സംതൃപ്തിയോടെ ഞാന്‍ ഹോസ്ടളിലേക്ക് മടങ്ങി .
                         വൈകിട്ട് ആളെത്തി ...ഷര്‍ട്ട്‌ മൂലയിലേക്ക് വലിച്ചെറിഞ്ഞു . പോക്കറ്റില്‍ നിന്നും പൈന്റ് കുപ്പി പോലെ എന്തോ ഒന്ന് മേശപ്പുറത്ത്  വച്ചു ......"DETTOL ". ഒന്നും മിണ്ടാതെ കുളിക്കാന്‍ കയറി . തലേന്ന് വാങ്ങിയ" Rexona " സോപ്പ് ,ജെംസ്  മിട്ടായിയുടെ പരുവമാകുന്നതു വരെ നീരാട്ട് തുടര്‍ന്നു. ശേഷം തോര്‍ത്തുടുത്ത് അടുത്തെത്തി പറഞ്ഞു
                              " ഇതിലും ഭേദം നീ എനിക്കൊരു ചാളമാല നല്‍കുകയായിരുന്നു "
പക്ഷെ അത് കേട്ടഭാവം നടിക്കാതെ ഞാന്‍ പാട്ടുപാടുകയായിരുന്നു


                        " ഇവിടെ കാറ്റിനു സുഗന്ധം ....ഇതിലെ പോയതു വസന്തം ....."

(If You Enjoyed This Post,Please Take 5 Seconds To Share It)